രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയും, പ്രമോഷനുമില്ല; കര്‍ശന വ്യവസ്ഥകളുമായി യുപിയുടെ ജനസംഖ്യാ നിയന്ത്രണ നിയമം

രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയും, പ്രമോഷനുമില്ല; കര്‍ശന വ്യവസ്ഥകളുമായി യുപിയുടെ ജനസംഖ്യാ നിയന്ത്രണ നിയമം

ലക്‌നൗ: രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി നിഷേധിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ജനസംഖ്യ വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ കരടു നിയമത്തിലാണ് പുതിയ വ്യവസ്ഥകള്‍ നിര്‍ദേശം ചെയ്തിരിക്കുന്നത്.

യുപി തെരഞ്ഞെടുപ്പിന് ആറുമാസം ബാക്കി നില്‍ക്കെയാണ് പുതിയ തീരുമാനം. അടുത്ത പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ നിയമത്തില്‍ പുതിയ നിര്‍ദേശങ്ങളോ തിരുത്തോ പൊതുജനത്തിന് നല്‍കാമെന്നും പറയുന്നു.

നിയമം പ്രാബല്യത്തിലായതിന് ശേഷം രണ്ട് കുട്ടികള്‍ക്ക് മുകളിലുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ പ്രൊമോഷന്‍ ഉണ്ടാകില്ലെന്നും റേഷന്‍ കാര്‍ഡ് കുടുംബത്തിലെ നാലുപേര്‍ക്ക് മാത്രമായി ചുരുക്കുമെന്നും കരട് നിയമത്തില്‍ പറയുന്നു. നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ ഈ നിയമം തെറ്റിക്കില്ലെന്ന് ഉറപ്പുനല്‍കണമെന്നും ബില്ലിന്റെ കരടില്‍ പറയുന്നു.

ഗസറ്റില്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ ഒരു വര്‍ഷത്തിന് ശേഷം ബില്‍ പ്രാബല്യത്തില്‍ വരും. രണ്ട് വിവാഹം കഴിച്ചവരെ ഓരോ കുടുംബങ്ങളായി പരിഗണിക്കും.

ജനസംഖ്യ പെരുപ്പം നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയെ പിന്തുണച്ച് വന്ധ്യംകരണം നടത്തുന്നവര്‍ക്ക് പ്രത്യേക ആനൂകൂല്യങ്ങള്‍ നല്‍കുമെന്നും ബില്ലില്‍ പറയുന്നു. വീട് വാങ്ങുന്നതിനും വയ്ക്കുന്നതിനും ലോണുകള്‍, കറന്റ്, വാട്ടര്‍ ബില്ലുകളില്‍ ഇളവ് എന്നിവയാണ് ആനുകൂല്യങ്ങളെന്നും കരടില്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in