
മുൻ അമേരിക്കൻ പ്രസിഡൻ്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ ശ്രമിച്ചേക്കുമെന്ന് രഹസ്യാന്വേഷണ വിവരമുണ്ടായിരുന്നതായി റിപ്പോർട്ട്. ഈ ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കൻ സീക്രട്ട് സർവീസ് ട്രംപിനുള്ള സുരക്ഷ വർദ്ധിപ്പിച്ചതെന്ന് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ജൂലായ് 13 ന് പെൻസിൽവാനിയ നടവന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിന് നേരെ വെടിയുതിർത്ത തോമസ് മാത്യു ക്രൂക്‌സിന് ഇറാൻ ഗൂഢാലോചനയുമായി ബന്ധമുണ്ടെന്ന സൂചനകളൊന്നും ലഭിച്ചിട്ടില്ല.
2020ൽ ഇറാൻ്റെ ഉന്നത സൈനിക മേധാവി ജനറൽ ഖാസിം സുലൈമാനിയെ യുഎസ് കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായാണ് ഇറാൻ ട്രംപിനെ ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോർട്ട്. എന്നാൽ ഇറാൻ ഈ ആരോപണങ്ങൾ നിഷേധിച്ചു. "ജനറൽ സുലൈമാനിയെ കൊലപ്പെടുത്താൻ ഉത്തരവിട്ടതിന് വിചാരണ നേരിടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യേണ്ട കുറ്റവാളിയാണ് ട്രംപ്. അദ്ദേഹത്തെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഇറാൻ നിയമപരമായ വഴി മാത്രമേ തിരഞ്ഞെടുക്കൂ"- ഇറാൻ്റെ ഐക്യരാഷ്ട്രസഭയിലെ പെർമനൻ്റ് മിഷൻ വക്താവ് സിഎൻഎന്നിനോട് പറഞ്ഞു.
ശനിയാഴ്ച പെൻസിൽവാനിയയിൽ നടന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയിൽ വെച്ചാണ് ട്രംപിന് വെടിയേറ്റത്. ചെവിയിൽ വെടിയേറ്റതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ ട്രംപിനെ വേദിയിൽ നിന്ന് മാറ്റി. അക്രമിയടക്കം രണ്ട് പേർ കൊല്ലപ്പെടുകയും രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരാണ് അക്രമിയെ വെടിവെച്ച് കൊന്നത്. സംഭവത്തിൽ എഫ്ബിഐ അന്വേഷണം പുരോഗമിക്കുകയാണ്.