ക്ഷേത്രനിര്‍മ്മാണത്തിന് ഇന്ത്യയില്‍ നിന്നെത്തിച്ച തൊഴിലാളികള്‍ക്ക് കുറഞ്ഞ കൂലിയില്‍ അടിമപ്പണി; അമേരിക്കന്‍ ഹിന്ദു സംഘടനയ്‌ക്കെതിരെ കേസ്

ക്ഷേത്രനിര്‍മ്മാണത്തിന് ഇന്ത്യയില്‍ നിന്നെത്തിച്ച തൊഴിലാളികള്‍ക്ക് കുറഞ്ഞ കൂലിയില്‍ അടിമപ്പണി; അമേരിക്കന്‍ ഹിന്ദു സംഘടനയ്‌ക്കെതിരെ കേസ്

ക്ഷേത്രനിര്‍മ്മാണങ്ങള്‍ക്കും ബന്ധപ്പെട്ട ജോലികള്‍ക്കുമായി ഇന്ത്യയില്‍ നിന്നെത്തിച്ച തൊഴിലാളികളെ ചൂഷണം ചെയ്‌തെന്ന പരാതിയില്‍ ഹിന്ദു സംഘടനയ്‌ക്കെതിരെ കേസ്. അമേരിക്കയില്‍ പലയിടത്തായി ക്ഷേത്രനിര്‍മ്മാണത്തിനെത്തിച്ച നൂറുകണക്കിന് തൊഴിലാളികളെ കുറഞ്ഞ വേതനത്തില്‍ അടിമ പണി ചെയ്യിപ്പിച്ചുവെന്നായിരുന്നു പരാതി. ബോചസന്വാസി അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ത എന്ന സംഘടനയ്‌ക്കെതിരെയാണ് കേസെടുത്തതെന്ന് ദ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വര്‍ഷം മേയില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ന്യൂ ജേഴ്‌സിയിലെ ക്ഷേത്രം പണിയുന്നതിന് 1 അമേരിക്കന്‍ ഡോളര്‍ മാത്രമാണ് സംഘടന തങ്ങള്‍ക്ക് വേതനം നല്‍കിയതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.

ഇന്ത്യയില്‍ നിന്ന് നിരവധി പ്രലോഭനങ്ങള്‍ നല്‍കി എത്തിച്ച തൊഴിലാളികളെ അറ്റ്‌ലാന്റ, ചിക്കാഗോ, ഹൂസ്റ്റണ്‍, ലോസ് ആഞ്ചല്‍്‌സ് തുടങ്ങിയ ഇടങ്ങളില്‍ പണിയെടുപ്പിക്കുകയാണെന്നും, മാസം 450 ഡോളര്‍ മാത്രമാണ് ശമ്പളമായി നല്‍കിയിരുന്നതെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്. പലപ്പോഴും അപകടകരമായ സാഹചര്യങ്ങളില്‍ പോലും മണിക്കൂറുകള്‍ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.

പുറത്തുനിന്ന് നോക്കിയാല്‍ കാണാന്‍ കഴിയാത്ത രീതിയില്‍ സ്ഥാപിച്ച ട്രെയിലറുകളിലാണ് തൊഴിലാളികളെ പാര്‍പ്പിച്ചിരുന്നതെന്നും, മിനിമം വേതനമോ, നിയമം അനുസരിച്ചുള്ള ജോലി സമയമോ പാലിച്ചിരുന്നില്ലെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു.

ആര്‍-1 വിസയില്‍ അമേരിക്കയിലെത്തിയ ആറ് പേരാണ് പരാതി നല്‍കിയത്. 2018 മുതല്‍ ഇരുന്നൂറോളം ആളുകളെ ഇത്തരത്തില്‍ അമേരിക്കയില്‍ എത്തിച്ചിട്ടുണ്ട്. മേയില്‍ എഫ്ബിഐ നടത്തിയ റെയ്ഡില്‍ ഭൂരിഭാഗം തൊഴിലാളികളെയും രക്ഷപ്പെടുത്തിയിരുന്നതായി ഇന്ത്യന്‍ സിവില്‍ വാച്ച് ഇന്റര്‍നാഷണല്‍ നേരത്തെ പി.ടി.ഐയോട് പറഞ്ഞിരുന്നു. ഇതില്‍ ഭൂരിഭാഗം പേരും ദളിതരും ആദിവാസികളുമായിരുന്നു.

മനുഷ്യക്കടത്ത്, നിര്‍ബന്ധിച്ച് തൊഴിലെടുപ്പിക്കല്‍, ഗൂഢാലോചന, അടിമപ്പണി ചെയ്യിക്കല്‍, മിനിമം വേതനം നല്‍കാതിരിക്കല്‍, കുടിയേറ്റ രേഖകളില്‍ കൃത്രിമം കാണിക്കല്‍ എന്നീ വകുപ്പുകളിലാണ് കേസ്.

അതേസമയം ആരോപണങ്ങള്‍ സംഘടന നിഷേധിച്ചു. ഇന്ത്യയില്‍ നിന്നെത്തിച്ച കൊത്തുപണികള്‍ ചെയ്ത കല്ലുകള്‍ കൂട്ടി യോജിപ്പിക്കുന്ന ജോലി മാത്രമാണ് ഇന്ത്യന്‍ തൊഴിലാളികള്‍ക്കുണ്ടായിരുന്നതെന്നാണ് സംഘടനയുടെ വക്താവ് പ്രതികരിച്ചത്. തൊഴിലാളികളുടെ ആരോപണങ്ങള്‍ സത്യമല്ലെന്ന് തെളിയിക്കാന്‍ തങ്ങള്‍ക്കാകുമെന്നും ഇയാള്‍ അവകാശപ്പെട്ടു.

The Cue
www.thecue.in