യു.പി സര്‍ക്കാരിന്റെ പ്രതികാര നടപടി, ഡോ. കഫീല്‍ ഖാനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു

യു.പി സര്‍ക്കാരിന്റെ പ്രതികാര നടപടി, ഡോ. കഫീല്‍ ഖാനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു

ഗൊരഖ്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജ് ശിശുരോഗ വിദഗ്ധന്‍ ഡോ. കഫീല്‍ ഖാനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് യു.പി സര്‍ക്കാര്‍. ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ കുറ്റാരോപിതനാക്കി 2017ല്‍ കഫീല്‍ ഖാനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു നടപടി ഹൈക്കോടതി റദ്ദ് ചെയ്തിരുന്നെങ്കിലും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരുന്നില്ല. എന്നാല്‍ ഇതിന് പിന്നാലെയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഡോക്ടറെ പുറത്താക്കിയിരിക്കുന്നത്.

കഫീല്‍ ഖാന്റെ പുറത്താക്കിയ നടപടി ഉത്തര്‍പ്രദേശ് പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു. യു.പി.പി.എസ്.സി ബുധനാഴ്ച രാത്രിയാണ് മെഡിക്കല്‍ എജുക്കേഷന്‍ വകുപ്പിന് പിരിച്ചുവിടുന്നത് സംബന്ധിച്ച് ഉത്തരവ് നല്‍കുന്നത്. വ്യക്തമായ കാരണങ്ങളില്ലാതെയാണ് പുറത്താക്കല്‍ നടപടി.

അന്വേഷണത്തില്‍ കഫീല്‍ ഖാനെതിരായ കുറ്റം തെളിഞ്ഞുവെന്നാണ് മെഡിക്കല്‍ എജുക്കേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അലോക് കുമാര്‍ പറഞ്ഞത്. ഗൊരഖ്പൂര്‍ കേസില്‍ അദ്ദേഹം പുറത്തുവെന്നങ്കിലും അതിന് ശേഷം കഫീല്‍ ഖാന്‍ മറ്റു കേസുകളിലും പെട്ടുവെന്നാണ് അലോക് കുമാറിന്റെവാദം.

2017 ആഗസ്റ്റിലാണ് ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരപ്പെട്ടത്. എന്നാല്‍ ഗൊരഖ്പൂരിലെ ബാബാ റാഘവ് ദാസ് ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ പിടയുന്നത് കണ്ടപ്പോള്‍ പുറത്തുനിന്നും ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് മരണസംഖ്യ കുറക്കാന്‍ ശ്രമിച്ചതിന് ഹീറോ ആകാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഡോ. കഫീല്‍ ഖാനെ ജയിലിലാക്കിയിരിക്കുന്നതെന്ന് കഫീല്‍ ഖാന്‍ കുടുംബത്തിനയച്ച കത്തില്‍ പരാമര്‍ശിച്ചിരുന്നു.

ലിക്വിഡ് ഓക്സിജണ്‍ സപ്ലൈ നിറുത്തലാക്കിയ 2017 ഓഗസ്റ്റ് 10 രാത്രിയില്‍ കുട്ടികളെ രക്ഷിക്കുന്നതിനായി ഒരു മനുഷ്യന് സാധ്യമായതെല്ലാം താന്‍ ചെയ്തിരുന്നു. കുഞ്ഞുങ്ങളുടെ ജീവന്‍ അപകടത്തിലാണെന്ന വിവരം ഗോരഖ്പൂര്‍ ജില്ലാ മജിസ്ട്രേറ്റിനേയും അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ഹെല്‍ത്തിനേയും അടക്കം ബന്ധപ്പെട്ട എല്ലാ അധികാരികളേയും അറിയിച്ചിരുന്നു. ആ കോളുകള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. മോദി ഗ്യാസ്, ബാലാജി, ഇമ്പീരിയല്‍ ഗ്യാസ്, മയൂര്‍ ഗ്യാസ് ഏജന്‍സി, ബി.ആര്‍.ഡി മെഡിക്കല്‍ കോളജിനടുത്തുള്ള ആശുപത്രികള്‍ എന്നിവിടങ്ങളിലും ഓക്സിജന്‍ സിലിണ്ടറുകള്‍ക്കായി വിളിച്ചിരുന്നു എന്നും കഫീല്‍ ഖാന്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in