ഉമർ ഖാലിദിനെ വിലങ്ങണിയിച്ച് ഹാജരാക്കി; ജയിൽ ഡി.ജി.പിക്കും കമ്മീഷണർക്കും കോടതിയുടെ നോട്ടീസ്

ഉമർ ഖാലിദിനെ വിലങ്ങണിയിച്ച് ഹാജരാക്കി; ജയിൽ ഡി.ജി.പിക്കും കമ്മീഷണർക്കും കോടതിയുടെ നോട്ടീസ്

വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട് യു.എ.പി.എ ചുമത്തപ്പെട്ട മുൻ ജെ എൻ യു വിദ്യാർത്ഥി ഉമർ ഖാലിദിനെ വിലങ്ങണിയിച്ചതിൽ ജയിൽ ഡിജിപിക്കും ഡൽഹി പോലീസ് കമ്മീഷണർക്കും കത്തയച്ചു കോടതി. ഉമർ ഖാലിദിനെ വിലങ്ങണിയിക്കുന്നതിൽ നിന്നും പോലീസ് വിട്ട് നിൽക്കണമെന്ന കോടതിയുടെ ഉത്തരവ് നിലവിലുണ്ട് എന്നിട്ടും ഉമറിനെ വിലങ്ങണിയിച്ചത് ജയിൽ അധികൃതരുടെ നിർദേശപ്രകാരമാണോ എന്ന ചോദ്യമുന്നയിച്ചാണ് കോടതി ജയിൽ ഡിജിപിക്ക് കത്തയച്ചിരിക്കുന്നത്.

കുറ്റാരോപിതനായ ഉമർ ഖാലിദിനെ വിലങ്ങണിയിച്ചാണോ കോടതിയിൽ കൊണ്ടുവന്നതെന്നും, അങ്ങനെയാണെങ്കിൽ എന്തിന്റെ പേരിലാണ് വിലങ്ങണിയിച്ചതെന്നും ഉത്തരവാദിത്വപ്പെട്ട ഏതെങ്കിലും മുതിർന്ന ഉദ്യോഗസ്ഥൻ മുഖേന അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അഡീഷണൽ സെഷൻസ് ജഡ്ജ് അമിതാഭ് റാവത്ത് ഡൽഹി പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടു.

കൈവിലങ്ങണിയിക്കുന്നതിനെതിരെ രണ്ട് വ്യത്യസ്ത കോടതികളുടെ ഉത്തരവുകൾ നിലവിലുണ്ട്, മറിച്ചൊരുത്തരവ് ഈ കോടതിയിൽ നിന്ന് വന്നിട്ടുമില്ല എന്നിരിക്കെ പോലീസ് കൈവിലങ്ങ് ധരിപ്പിച്ചാണ് തന്റെ കക്ഷിയെ ഹാജരാക്കിയതെന്ന് ഉമറിന്റെ അഭിഭാഷകൻ തൃദീപ് പായിസ് അറിയിച്ചതിനെ തുടർന്നാണ് കോടതി നോട്ടീസ് പുറപ്പെടുവിച്ചത്.

അണ്ടർട്രയൽ നടപടികളുടനീളം കോടതിയാണ് കസ്റ്റോഡിയൻ. വിലങ്ങണിയിക്കുക, കയ്യാമം വെക്കുക തുടങ്ങിയ തീവ്ര നടപടികൾ കോടതിയുടെ അനുവാദത്തോട് കൂടിയോ അല്ലെങ്കിൽ വ്യക്തമായ കാരണങ്ങൾ ചൂണ്ടികാട്ടിയുള്ള അഭ്യർത്ഥന പരിഗണിച്ചോ മാത്രം ചെയ്യേണ്ടതാണെന്ന കാര്യം വീണ്ടും വീണ്ടും ഓർമിപ്പിക്കണോ എന്ന് അഡിഷണൽ സെഷൻ ജഡ്ജ് ചോദിച്ചു. അങ്ങനെയൊരു വിധി ഇതുവരെ കോടതിയിൽ നിന്നുണ്ടായിട്ടില്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കയ്യാമം വെച്ച് ഉമർ ഖാലിദിനെ ഹാജരാക്കിയത് എന്തിനെന്ന് പരിശോദിക്കുന്നുണ്ടെന്ന് കേസ് അന്വേഷിക്കുന്ന സ്പെഷ്യൽ സെൽ ഓഫീസർ അറിയിച്ചു.

കുറ്റാരോപിതനായ ഉമർ ഖാലിദിനെ കയ്യാമം വെച്ച് ഹാജരാക്കുന്നതിന് ഒരു ഉത്തരവും നിലവിലില്ലെന്ന ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഡോക്ടർ പങ്കജ് ശർമ്മ ഏപ്രിൽ 7, 2021നും ജനുവരി 17, 2022ലും പുറത്തിറക്കിയ ഉത്തരവും കോടതി ചൂണ്ടിക്കാട്ടി.

ഉമർ ഖാലിദിനെയും, ഖാലിദ് സൈഫിയെയും അപകടസാധ്യതയുള്ളവരായി ചൂണ്ടിക്കാണിച്ച് കയ്യാമം വെക്കാനുള്ള അനുവാദത്തിനായി അധികൃതർ ജൂൺ 2021ന് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അപേക്ഷ മെറിറ്റില്ലാത്തതാണെന്നും കുറ്റാരോപിതർ ഭീകരരോ മുൻപ് ഏതെങ്കിലും കേസുകളിൽ പ്രതികളോ ആയിരുന്നില്ല എന്നും ചൂണ്ടിക്കാട്ടി എ.എസ്.ജെ വിനോദ് യാദവ് അപേക്ഷ നിരസിക്കുകയാണ് ഉണ്ടായത്.

Related Stories

No stories found.
logo
The Cue
www.thecue.in