നിയമസഭയില്‍ ഇനി പന്ത്രണ്ട് വനിതകള്‍ ; പ്രതിപക്ഷ നിരയില്‍ കെ.കെ രമയ്‌ക്കൊപ്പം ഇനി ഉമ തോമസും

നിയമസഭയില്‍ ഇനി പന്ത്രണ്ട് വനിതകള്‍ ; പ്രതിപക്ഷ നിരയില്‍ കെ.കെ രമയ്‌ക്കൊപ്പം ഇനി ഉമ തോമസും

പതിനഞ്ചാമത് കേരള നിയമസഭയില്‍ ഇനി ഒരു വനിതാ അംഗം കൂടി. പി.ടി തോമസിന്റെ നിര്യാണത്തോട് അനുബന്ധിച്ച് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസ് 25,016 വോട്ടുകള്‍ക്ക് വിജയിച്ചു. ഇതോടെ സഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം പന്ത്രണ്ടായി.

ഇതോടെ പ്രതിപക്ഷ നിരയിലെ രണ്ടാമത്തെയും കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എയുമാണ് ഉമ തോമസ്. ആര്‍.എം.പി.ഐ നേതാവ് കെ.കെ രമ മാത്രമായിരുന്നു ഇതുവരെ പ്രതിപക്ഷനിരയിലുണ്ടായിരുന്ന ഏക വനിതാ എംഎല്‍എ.

പി.ടി തോമസിന്റെയും യുഡിഎഫിന്റെയും മണ്ഡലമായ തൃക്കാക്കരയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷവുമായിട്ടാണ് ഉമ തോമസ് സഭയിലേക്കെത്തുന്നത്. ഉമ തോമസ് 72,770 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന് 47,754 വോട്ടുകള്‍ നേടി. ബിജെപി സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണന് 12,957 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 2021ലെ തെരഞ്ഞെടുപ്പില്‍ പി.ടി തോമസിന്റെ വിജയം 14,329 വോട്ടുകള്‍ക്കായിരുന്നു.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും വനിതാ എംഎല്‍എ മാരെ സഭയിലെത്തിക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞിരുന്നില്ല. പിന്നീട് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിലാണ് അരൂരില്‍ നിനന് ഷാനിമോള്‍ ഉസ്മാനെ സഭയിലെത്തിക്കാന്‍ യു.ഡി.എഫിന് ആയത്. എന്നാല്‍ 2021ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും പഴയ സ്ഥിതിയിലേക്ക് പോവുകയായിരുന്നു.

സൈബര്‍ ആക്രമണങ്ങളടക്കം പ്രതിരോധിച്ചുകൊണ്ടാണ് കെ.കെ രമയ്ക്ക് പിന്നാലെ ഉമ തോമസും നിയമസഭയിലേക്കെത്തുന്നത്.

മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കം തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടും ഞെട്ടിക്കുന്ന വിജയമാണ് ഉമ തോമസ് നേടിയത്. പോളിംഗ് ശതമാനം കുറഞ്ഞതും മുഖ്യമന്ത്രിയുള്‍പ്പെടെ രംഗത്തിറങ്ങിയതും യുഡിഎഫ് ഭൂരിപക്ഷം കുറക്കുമെന്ന വിലയിരുത്തലിലായിരുന്നു ണ്ഡലതതില്‍ സൃഷ്ടിച്ചത്. നാലായിരത്തോളം വോട്ടുകള്‍ക്ക് ജയിക്കുമെന്നായിരുന്നു എല്‍ഡിഎഫ് പ്രതീക്ഷ. എ.കെ ആന്റണിയെയും ജിഗ്‌നേഷ് മേവാനിയെയും വരെ രംഗത്തിറക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നയിച്ച പ്രചരണത്തെ കോണ്‍ഗ്രസ് പ്രതിരോധിച്ചത്. മുന്നണി നേതാക്കളെല്ലാം തന്നെ മണ്ഡലത്തില്‍ സജീവമായി രംഗത്തുണ്ടായിരിക്കുകയും ചെയ്തു.

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ നടന്നുകൊണ്ടിരിക്കെ തന്നെ കെ. റെയിലിലടക്കം പ്രതിപക്ഷം മുന്നോട്ട് വെച്ച എതിര്‍പ്പുകള്‍ ജനങ്ങള്‍ സ്വീകരിക്കുമോ എന്ന് അറിയേണ്ടത് പ്രതിപക്ഷ നേതാവെന്ന നിലയ്ക്കുള്ള വി.ഡി സതീശന്റെയും ആവശ്യമായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in