വാരിസ് പഞ്ചാബ് ദേ; ആരാണ് ബിന്ദ്രൻവാല രണ്ടാമൻ എന്ന് വിളിക്കപ്പെടുന്ന അമൃത്പാൽ

പഞ്ചാബിലെ "വാരിസ് പഞ്ചാബ് ദേ' എന്ന സംഘടനയും അതിന്റെ നിലവിലെ തലവനായ അമൃത് പാലും ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. പഞ്ചാബിലെ അമൃത്‌സറിനോട് അടുത്തുള്ള അജ്നാല പൊലീസ് സ്റ്റേഷന് വെളിയിൽ അമൃത് പാൽ സിങിന്റെ അനുയായികൾ ഫെബ്രുവരി 23 നു പൊലീസുമായി ഏറ്റുമുട്ടി. ഒരു സിഖ് പുരോഹിതനെ അമൃത് പാലും അദ്ദേഹത്തിന്റെ അനുയായികളും തട്ടിക്കൊണ്ടു പോയി മർദ്ദിച്ചതിന്റെ വീഡിയോ പുറത്തു വന്നതോടെയാണ് അദ്ദേഹമുൾപ്പടെ 25 പേരെ കസ്റ്റഡിയിൽ എടുത്തത്.

പൊലീസ് കസ്റ്റഡിയിൽ ഉള്ള അമൃത് പാലിനെയും പ്രവർത്തകരെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആയിരക്കണക്കിന് 'വാരിസ് പഞ്ചാബ് ദേ' പ്രവർത്തകരാണ് ആയുധങ്ങളേന്തി പൊലീസുമായി ഏറ്റുമുട്ടിയത്. അതിനു ശേഷം അമൃത് പാലിനെ വിട്ടയക്കുകയാണ് ഉണ്ടായത്. ബിന്ദ്രൻവാല രണ്ടാമൻ എന്ന് വിളിക്കപ്പെടുന്ന അമൃത്പാലിനെക്കുറിച്ചും അയാൾ നേതൃത്വം നൽകുന്ന വാരിസ് പഞ്ചാബ് ദേ എന്ന സംഘടനെയെ കുറിച്ചും കൂടുതൽ അറിയേണ്ടതുണ്ട്.

അഭിഭാഷകനും നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ധു 2021ൽ രൂപീകരിച്ച സംഘടനയാണ് 'വാരിസ് പഞ്ചാബ് ദേ'. പഞ്ചാബിന്റെ അവകാശികൾ എന്നാണ് ഈ പേരിനു അർഥം. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആരംഭിച്ച ഈ പ്രസ്ഥാനത്തെ പഞ്ചാബിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പോരാടുന്നതിനും സാമൂഹിക പ്രശ്നങ്ങൾ ഉയർത്തുന്നതിനുമുള്ള ഒരു പ്രഷർ ഗ്രൂപ് ആയിട്ടാണ് അവർ കാണുന്നത്. കേന്ദ്രസർക്കാരിന്റെ കർഷക ബില്ലിനെതിരെ ദീപ് സിദ്ധു പ്രതികരിച്ചിരുന്നു. കർഷക സമരത്തിന്റെ ഭാഗമായി 2021ലെ റിപ്പബ്ലിക്ക് ദിനത്തിൽ നടന്ന ട്രാക്ടർ റാലിയിൽ ചെങ്കോട്ടയുടെ മുകളിൽ സിഖ് പതാക ഉയർത്തിയെന്നാരോപിച്ച് അയാൾക്കെതിരെ കേസ് എടുത്തിരുന്നു.

അതിനു ശേഷം 8 മാസങ്ങൾ കഴിഞ്ഞാണ് അയാൾ ഈ സംഘടന ആരംഭിക്കുന്നത്. വാരിസ് പഞ്ചാബ് ദേ യെ ഒരു സോഷ്യൽ പ്ലാറ്റഫോം ആയാണ് ഇവർ അവതരിപ്പിച്ചത്. പഞ്ചാബിന്റെ നിലവിലെ സാമൂഹിക അവസ്ഥയിൽ അവിടുത്തെ ജനങ്ങൾ അസ്വസ്ഥരാണെന്നും അതിനെതിരെ പ്രതികരിക്കുവാനുള്ള വേദിയാണ് ഈ സംഘടന എന്നും ഒരു രാഷ്ട്രീയ പാർട്ടിയെയും ഇവർ പിന്തുണയ്ക്കുന്നില്ല എന്നും സംഘടന വ്യക്തമാക്കി. പഞ്ചാബികൾക്കെതിരായ വംശീയത ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വിദ്യാഭ്യാസവും ആരോഗ്യവും ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് ഇവർ അഭിപ്രായപ്പെട്ടിരുന്നു. പഞ്ചാബിന്റെ അവകാശങ്ങൾക്കു വേണ്ടി പോരാടുന്ന പാർട്ടിയെ മാത്രമേ തങ്ങൾ പിന്തുണയ്ക്കു എന്നാണ് സിദ്ധു അന്ന് പ്രഖ്യാപിച്ചത്. ഒടുവിൽ ശ്രീമൻജിത് സിംഗ് മാനിന്റെ ഖാലിസ്ഥാൻ അനുകൂല പാർട്ടിയായ ശിരോമണി അകാലി ദളിനെ സിദ്ധു പിന്തുണച്ചു. 2022 ഫെബ്രുവരി 15 നു ഒരു കാർ അപകടത്തിൽ സിദ്ധു മരണപ്പെട്ടു.

ദീപ് സിധുവിന്റെ മരണത്തിനു ശേഷം സംഘടനയുടെ തലപ്പത്തേക്കെത്തിയത് അമൃത് പാൽ ആയിരുന്നു. ദുബൈയിൽ നിന്നും എത്തിയ അദ്ദേഹം 2022 സെപ്റ്റംബർ 9 നായിരുന്നു ചുമതലയേറ്റത്. ജൂൺ 1984ൽ ഓപ്പറേഷൻ ബ്ലൂ സ്റ്റാറിലൂടെ കൊല്ലപ്പെട്ട സെപ്പറേറ്റിസ്റ് ലീഡറും ഖാലിസ്ഥാൻ വാദിയുമായ ജർനെയിൽ സിംഗ് ഭിന്ദ്രൻവാലയുടെ അനുയായിയാണ്‌ അമൃത്പാൽ സിംഗ്. ഭിന്ദ്രൻവാലയുടെ പൂർവിക ഗ്രാമമായ മോഗ ജില്ലയിൽ ഖാലിസ്ഥാൻ മുദ്രാവാക്യം മുഴക്കി ദസ്താർ ബന്ദി ..അതായതു സിഖുകാർ തലയിൽ ടർബൻ ചുറ്റുന്ന ആചാരം നടത്തിയതോടെ ഈ സംഘടന വലിയ വിവാദത്തിലായി.

ദുബായിൽ നിന്നെത്തിയ ഏതോ ഒരാൾ പെട്ടെന്ന് കേറി സിധുവിന്റെ സംഘടനയുടെ ചുമതല ഏറ്റെടുത്തു എന്നാണ് അമൃത് പാൽ സംഘടന ഏറ്റെടുത്തതിനെ കുറിച്ച് സിധുവിന്റെ കുടുംബം പറഞ്ഞത്. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുവാൻ അമൃത് പാൽ ഈ സംഘടനയെ ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണവുമുയരുന്നുണ്ട്. സിദ്ധു സ്ഥാപിച്ച പ്രസ്ഥാനം പഞ്ചാബിലെ ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുവാനാണെങ്കിൽ ഇപ്പോൾ അമൃത് പാൽ മുന്നോട്ടു വെക്കുന്നത് ഖാലിസ്ഥാൻ ആശയമാണെന്ന ആരോപണമുണ്ട്.

ഇപ്പോൾ ഒരേ പേരിൽ രണ്ടു സമാന്തര സംഘടനകൾ അവിടെ പ്രവർത്തിക്കുന്നു എന്നാണ് ദീപ് സിധുവിന്റെ കുടുംബം അഭിപ്രായപ്പെടുന്നത്. ഒന്ന് സിദ്ധു രൂപീകരിച്ച വാരിസ് പഞ്ചാബ് ദേ, രണ്ട് അമൃത് പാൽ തലവനായ സംഘടന.

ഭിന്ദ്രൻവാലയാണ് തന്റെ പ്രചോദനമെന്നും പഞ്ചാബിലെ യുവാക്കളെ സിഖിലേക്കു തിരികെ കൊണ്ടുവരികയാണ് തന്റെ ഉദ്ദേശമെന്നും വിദേശത്തേക്ക് പോകുന്ന യുവതലമുറയെ പഞ്ചാബിൽ തന്നെ നിലനിർത്താനും പഞ്ചാബിന് വേണ്ടി പ്രവർത്തിക്കുവാൻ അവരെ പ്രേരിപ്പിക്കാനും ദൈവനിന്ദ നടത്തുന്നവരെ ശിക്ഷിക്കുവാനും ലഹരിക്ക്‌ അടിമപ്പെട്ട യുവാക്കളെ ഗുരുവിന്റെ ശിഷ്യന്മാരാക്കുവാനും വാരിസ് പഞ്ചാബ് ദേ എന്ന പ്രസ്ഥാനം അനിവാര്യമാണ് എന്നാണ് അമൃത് പാൽ പറഞ്ഞു വെക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in