യുക്രൈൻ ഇന്ത്യൻ വിദ്യാർത്ഥികളെ മനുഷ്യകവചമാക്കുന്നുവെന്ന് റഷ്യ; നിഷേധിച്ച് ഇന്ത്യ

യുക്രൈൻ ഇന്ത്യൻ വിദ്യാർത്ഥികളെ മനുഷ്യകവചമാക്കുന്നുവെന്ന് റഷ്യ; നിഷേധിച്ച് ഇന്ത്യ

യുദ്ധത്തിൽ ഇന്ത്യൻ പൗരന്മാരെ യുക്രൈൻ സേന മനുഷ്യ കവചമാക്കുന്നുവെന്ന ആരോപണവുമായി റഷ്യൻ പ്രതിരോധ മന്ത്രാലയം. വലിയൊരു വിഭാ​ഗം ഇന്ത്യൻ വിദ്യാർത്ഥികളെ അതിർത്തി കടക്കാൻ അനുവദിക്കാതെ യുക്രൈൻ സേന മനുഷ്യകവചമാക്കി നിർത്തുകയാണെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ ആരോപണം. ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിന് യുക്രൈൻ തടസം നിൽക്കുന്നുവെന്നും റഷ്യ പറഞ്ഞു.

യുക്രൈനിൽ നിന്ന് റഷ്യയിലെ ബെൽ​ഗോഡോറിലേക്ക് പോകാൻ ​ആ​ഗ്രഹിക്കുന്ന വിദ്യാർത്ഥികളെ കാർകിവിൽ യുക്രൈൻ അധികൃതർ മനുഷ്യകവചമാക്കി നിർത്തിയിരിക്കുകയാണെന്നാണ് റഷ്യൻ സൈനിക വക്താവ് പറഞ്ഞത്.

അതേസമയം റിപ്പോർട്ട് ഇന്ത്യ നിഷേധിച്ചു. ഇതുസംബന്ധിച്ച് ഇതുവരെ ഒരു റിപ്പോർട്ടും ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കാർകീവിൽ നിന്നുൾപ്പെടെയുള്ള വിദ്യാർത്ഥികൾ പടിഞ്ഞാറൻ അതിർത്തിയിലേക്ക് പോകാൻ പ്രത്യേക ട്രെയിൻ സർവ്വീസ് ഒരുക്കണമെന്ന് യുക്രൈൻ അധികൃതരോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാ​ഗ്ചി പറഞ്ഞു.

ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ ആവശ്യമായ എല്ലാ നടപടിയും സ്വകരിക്കാൻ തയ്യാറാണെന്ന് റഷ്യ നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി അതിർത്തി കടത്തി സ്വന്തം സൈനിക വിമാനങ്ങളിലോ ഇന്ത്യൻ വിമാനങ്ങളിലോ നാട്ടിലെത്തിക്കുമെന്നാണ് റഷ്യ വ്യക്തമാക്കിയത്.

റഷ്യൻ ഷെല്ലാക്രമണത്തിൽ ഒരു വിദ്യാർത്ഥി കൊല്ലപ്പെട്ടതിന് പിന്നാലെ വലിയ ആശങ്കയാണ് ഉയരുന്നത്. ഇന്ത്യക്കാരെ യുക്രൈൻ മനുഷ്യ കവചമാക്കുന്നുവെന്ന ആരോപണം അമേരിക്കയും തള്ളി.

Related Stories

No stories found.
logo
The Cue
www.thecue.in