'മുഖ്യമന്ത്രി വാശിയോടെ നീങ്ങിയാല്‍ യുദ്ധ സന്നാഹത്തോടെ ഞങ്ങളും നീങ്ങും'; സില്‍വര്‍ലൈനില്‍ ഇന്ന് യു.ഡി.എഫ് യോഗം

'മുഖ്യമന്ത്രി വാശിയോടെ നീങ്ങിയാല്‍ യുദ്ധ സന്നാഹത്തോടെ ഞങ്ങളും നീങ്ങും'; സില്‍വര്‍ലൈനില്‍ ഇന്ന് യു.ഡി.എഫ് യോഗം

സില്‍വര്‍ ലൈനില്‍ ശക്തമായ പ്രതിഷേധം തീര്‍ക്കാന്‍ യു.ഡി.എഫ് ഇന്ന് യോഗം ചേരും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വീട്ടിലാണ് യോഗം ചേരുക. മുഖ്യമന്ത്രിയുടെ ജനപ്രതിനിധികളുടെ യോഗത്തില്‍ യു.ഡി.എഫ്. പങ്കെടുക്കണോ വേണ്ടയോ എന്നിവയുമായി ബന്ധപ്പെട്ടും തീരുമാനമെടുക്കും.

മുഖ്യമന്ത്രി വാശിയോടെ നീങ്ങിയാല്‍ അതിനെതിരെ യുദ്ധ സന്നാഹത്തോടെ ഞങ്ങളും നീങ്ങുമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞിരുന്നു. ''വെട്ടിത്തുറന്ന് പറയുന്നു പൊലീസിന്റെ സഹായത്തോടെ ഇടതുപക്ഷത്തിന്റെ ശിങ്കിടികള്‍ ഉയര്‍ത്തിയിരിക്കുന്ന കുറ്റികള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പിഴുതെറിയും,'' എന്നാണ് കെ.സുധാകരന്‍ പറഞ്ഞത്.

ഏതൊക്കെ രീതിയിലുള്ള സമരമുഖത്തേക്ക് കടക്കണമെന്നതില്‍ യു.ഡി.എഫ് ഇന്ന് തീരുമാനമെടുക്കും.

അടുത്ത രണ്ട് വര്‍ഷത്തില്‍ കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പുനരധിവാസത്തിന് 1730 കോടി രൂപയും, 4460 കോടി രൂപ വീടുകളുടെ നഷ്ടപരിഹാരത്തിനും നീക്കിവെക്കുമെന്നും മുഖ്യമന്ത്രി.

മുഖ്യമന്ത്രി പറഞ്ഞത്

2018ലാണ് കെ-റെയില്‍ പദ്ധതിയുടെ ആസൂത്രണം നടക്കുന്നത്. അഞ്ച് പാക്കേജുകളിലായി ഒരേ സമയം നിര്‍മാണം നടത്തി 2025 ഓട് കൂടി പദ്ധതി പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്.

ഇതിനായി വര്‍ഷത്തില്‍ 365 ദിവസം 24 മണിക്കൂറും പ്രവര്‍ത്തി നടക്കും. രണ്ട് വര്‍ഷം കൊണ്ട് ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി അടുത്ത മൂന്ന് വര്‍ഷം കൊണ്ട് പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി.

The Cue
www.thecue.in