തൃക്കാക്കരയില്‍ ട്വന്റി ട്വന്റിയും മത്സരത്തിനില്ല; ആം ആദ്മിയുമായി ചേര്‍ന്നെടുത്ത തീരുമാനമെന്ന് സാബു എം. ജേക്കബ്

തൃക്കാക്കരയില്‍ ട്വന്റി ട്വന്റിയും മത്സരത്തിനില്ല; ആം ആദ്മിയുമായി ചേര്‍ന്നെടുത്ത തീരുമാനമെന്ന് സാബു എം. ജേക്കബ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരത്തിനില്ലെന്ന് ട്വന്റി ട്വന്റി. ആം ആദ്മി പാര്‍ട്ടിയുമായി ചേര്‍ന്നെടുത്ത തീരുമാനമെന്ന് ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ് പറഞ്ഞു.

പതിനഞ്ചാം തീയ്യതി കിഴക്കമ്പലത്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എത്തുന്ന സമ്മേളനം വിജയിപ്പിക്കുന്നതില്‍ ഊന്നല്‍ നല്‍കുമെന്നും സാബു എം. ജേക്കബ്. സംഘടന പ്രവര്‍ത്തനത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമെന്നും സാബു എം. ജേക്കബ് പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ വലിയ ഗുണം ഉണ്ടാകില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം.

അധികാരം ഇല്ലാത്ത സ്ഥലങ്ങളില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാറില്ല. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഈ തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണം എന്നതിനെ സംബന്ധിച്ച് ആലോചിച്ച് തീരുമാനിക്കുമെന്നും ആം ആദ്മി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.