ചാനലുകള്‍ വിഭാഗീയത സൃഷ്ടിക്കുന്നു, നിയന്ത്രണം അനിവാര്യം: സുപ്രീം കോടതി

ചാനലുകള്‍ വിഭാഗീയത സൃഷ്ടിക്കുന്നു, നിയന്ത്രണം അനിവാര്യം: സുപ്രീം കോടതി

ടെലിവിഷന്‍ ചാനലുകള്‍ രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കുന്നു എന്ന് സുപ്രീം കോടതി. സ്ഥാപിത താല്‍പര്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇത്തരം ചാനലുകള്‍ അവരുടെ അജണ്ടക്ക് അനുസരിച്ചാണ് വാര്‍ത്തകള്‍ നല്‍കുന്നതെന്നും കോടതി വിമര്‍ശിച്ചു. വിദ്വേഷ പ്രസംഗങ്ങള്‍ തടയാന്‍ ക്രിമിനല്‍ നിയമങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരണമെന്നും ഈ ആവശ്യമുന്നയിച്ച് സമര്‍പ്പിക്കപ്പെട്ട ഒരു കൂട്ടം ഹര്‍ജികളില്‍ വാദം കേള്‍ക്കവെ ജസ്റ്റിസ് കെ.എം ജോസഫും ബി.വി നാഗരത്നയുമടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു.

ചാനലുകളുടെ ഇത്തരം വിഷയങ്ങളുടെ പ്രക്ഷേപണത്തില്‍ എന്ത് നിയന്ത്രം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത് എന്ന ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയോടും കേന്ദ്ര സര്‍ക്കാരിനോടും കോടതി ചോദിച്ചു.

'ചാനലുകള്‍ പരസ്പരം മത്സരിക്കുകയാണ്. അവര്‍ വിഷയങ്ങളെ വൈകാരികമാക്കുന്നു. ഇവരെ എങ്ങനെയാണ് നിയന്ത്രിക്കാനാകുക? ചാനലുകളില്‍ പണം നിക്ഷേപിച്ചവരയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് വാര്‍ത്തകള്‍ നല്‍കപ്പെടുന്നത്.' ജസ്റ്റിസ് കെ.എം ജോസഫ് പ്രസ്താവിച്ചു. അത്തരം ചാനലുകള്‍ സമൂഹത്തില്‍ പിളര്‍പ്പുണ്ടാക്കുന്നു എന്നും കോടതി കൂട്ടിച്ചേര്‍ത്തു.

സുദര്‍ശന്‍ ന്യൂസ് ടിവിയുടെ 'യു.പി.എസ്.സി ജിഹാദ്' ക്യാമ്പയിന്‍, തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിനെതിരെ നടന്ന 'കൊറോണ ജിഹാദ്' ക്യാമ്പയിന്‍, മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ അരങ്ങേറിയ ധരം സന്‍സദ് മീറ്റിങ് എന്നിങ്ങനെയുള്ള വിഷയങ്ങളിലായിരുന്നു ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടത്. വിഷയത്തില്‍ എന്ത് ഭേദഗതി കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് കോടതി അഡീഷണല്‍ സോളിസിറ്റര്‍ കെ.എം നാടാരാജിനോട് ആരാഞ്ഞു.

' ഇപ്പോഴുള്ള നിയമങ്ങള്‍ പര്യാപതമല്ലെന്നും ഭേദഗതി അനിവാര്യമാണെന്നും നിങ്ങള്‍ പറയുന്നു, നിയമ കമ്മീഷന്‍ നിര്‍ദ്ദേശിച്ചതും അതുതന്നെയാണ്. എന്നിട്ടും എന്താണ് വൈകുന്നത്? ഭേദഗതി എപ്പോള്‍ കൊണ്ടുവരാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്?' കോടതി ചോദിച്ചു.

കേന്ദ്ര സര്‍ക്കാര്‍ വിഷയത്തെ ഗൗരവമായാണ് കാണുന്നതെന്നും നിയമനിര്‍മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കുകയാണെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് നിയമനിര്‍മാണത്തിന് ആവശ്യമായ കരട് തയ്യാറാക്കാന്‍ അമിക്കസ് ക്യൂരി സഞ്ജയ് ഹെഗ്‌ഡെയെ കോടതി അനുവദിച്ചു.

നിയമ കമ്മീഷന്റെ 267-ാമത്തെ റിപ്പോര്‍ട്ടില്‍ കലാപാഹ്വാനങ്ങള്‍ക്കും വിദ്വേഷ പ്രേരണക്കുമെതിരെ ഇന്ത്യന്‍ പീനല്‍ കോഡില്‍ പുതിയ ചട്ടങ്ങള്‍ കൊണ്ട് വരണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. മതപരമോ ലിംഗപരമോ വംശീയമോ ആയി ഏതെങ്കിലും വിഭാഗത്തോട് തോന്നുന്ന വെറുപ്പിലേക്കാണ് വിധ്വേഷ പ്രസംഗങ്ങള്‍ നയിക്കുന്നത് എന്നും നിയമ കമ്മീഷന്‍ നിരീക്ഷിക്കുന്നു. 2017ല്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ക്രിമിനല്‍ നിയമത്തില്‍ പുതിയ രണ്ട് വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. വിദ്വേഷ പ്രേരണ നിരോധനം (153സി), ഭയമോ സംഭ്രമമോ ഉണ്ടാകുന്ന അവസ്ഥയോ അല്ലെങ്കില്‍ അക്രമത്തിലേക്ക് ഉള്ള പ്രകോപനമോ തടയല്‍ (505എ) എന്നീ വകുപ്പുകളാണ് ശുപാര്‍ശ ചെയ്യപ്പെട്ടത്.

ഐപിസിയിലും സിആര്‍പിസിയിലും ഇന്ത്യന്‍ എവിഡന്‍സ് നിയമത്തിലും മാറ്റങ്ങള്‍ നിദേശിക്കാനായി പ്രൊഫസര്‍ രണ്‍ബീര്‍ സിംഗിന്റെ നേതൃത്വത്തില്‍ ക്രിമിനല്‍ നിയമ പരിഷ്‌കരണ കമ്മറ്റിയെ കേന്ദ്ര സര്‍ക്കാര്‍ 2020ല്‍ രൂപീകരിച്ചിരുന്നു. 2022ല്‍ സിആര്‍പിസിയിലെയും ഐപിസിയിലെയും കരട് ബില്ലുകള്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞിരുന്നതുമായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in