'ട്രൂത്ത് സോഷ്യല്‍', സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുമായി ട്രംപ്; എല്ലാവര്‍ക്കും ശബ്ദം നല്‍കുക ദൗത്യമെന്ന് പ്രഖ്യാപനം

'ട്രൂത്ത് സോഷ്യല്‍', സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുമായി ട്രംപ്; എല്ലാവര്‍ക്കും ശബ്ദം നല്‍കുക ദൗത്യമെന്ന് പ്രഖ്യാപനം

സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള മാസങ്ങള്‍ നീണ്ട വിലക്കുകള്‍ക്ക് പിന്നാലെയാണ് സ്വന്തം സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം ആരംഭിക്കുന്നുവെന്ന് അറിയിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ട്രംപ് മീഡിയ ആന്റ് ടെക്‌നോളജി ഗ്രൂപ്പ് എന്ന തന്റെ കമ്പനിയാകും 'ട്രൂത്ത് സോഷ്യല്‍' എന്ന് പേരിട്ടിരിക്കുന്ന പ്ലാറ്റ്‌ഫോം നിയന്ത്രിക്കുകയെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.

കാപ്പിറ്റോള്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് തുടങ്ങി എല്ലാ പ്രധാന സോഷ്യല്‍ മീഡിയ പ്ലറ്റ്‌ഫോമുകളും ട്രംപിന്റെ അക്കൗണ്ട് റദ്ദാക്കിയിരുന്നു. വിദ്വേഷ പരാമര്‍ശങ്ങളുടെയും വിവാദ പ്രതികരണങ്ങളുടെയും ആക്രമണങ്ങളെ പ്രോത്സാഹിപ്പിച്ചതിന്റെയും പേരിലായിരുന്നു ഇത്.

'ട്വിറ്ററില്‍ ഉള്‍പ്പടെ താലിബാന് വലിയ സാന്നിധ്യമുള്ള ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. എന്നിട്ടും നിങ്ങളുടെ പ്രിയപ്പെട്ട അമേരിക്കന്‍ പ്രസിഡന്റിനെ നിശബ്ദനാക്കി. ഇത് അംഗീകരിക്കാനാകില്ല. അതുകൊണ്ട് എല്ലാവര്‍ക്കും ശബ്ദം നല്‍കുക എന്ന ദൗത്യത്തോടെയാണ് പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആരംഭിക്കുന്നത്', എന്നായിരുന്നു ട്രംപിന്റെ കമ്പനി ടിഎംടിജി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. ട്രൂത്ത് സോഷ്യലിലൂടെ ട്വിറ്ററിന് തിരിച്ചടി നല്‍കാന്‍ കാത്തിരിക്കുകയാണെന്നായിരുന്നു ട്രംപ് പ്രസ്താവനയിലൂടെ പ്രതികരിച്ചത്.

അടുത്തമാസത്തോടെ തന്നെ ട്രൂത്ത് സോഷ്യല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുമ്പ് തന്നെ, ട്രംപിന്റെ ട്രൂത്ത് സോഷ്യലിന്റെ തെറ്റുകള്‍ കണ്ടുപിടിച്ച് വിമര്‍ശനവുമായി ടെക്‌നോളജി വിദഗ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in