മോഷണക്കുറ്റം ആരോപിച്ച് ക്രൂരമര്‍ദ്ദനം, റോഡിലൂടെ വലിച്ചിഴച്ചു; ആദിവാസി യുവാവിന് ദാരുണാന്ത്യം

മോഷണക്കുറ്റം ആരോപിച്ച് ക്രൂരമര്‍ദ്ദനം, റോഡിലൂടെ വലിച്ചിഴച്ചു; ആദിവാസി യുവാവിന് ദാരുണാന്ത്യം

മധ്യപ്രദേശില്‍ എട്ടുപേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്ത ആദിവാസി യുവാവിന് ദാരുണാന്ത്യം. കഴിഞ്ഞ വ്യാഴാഴ്ചയാണ് നീമുച്ച് ജില്ലയില്‍ ഒരു സംഘം നാല്‍പതുകാരനായ കനയ്യലാല്‍ ഭീലിനെ മര്‍ദ്ദിച്ചത്. തുടര്‍ന്ന് ഗുരുതരനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

മോഷണ കുറ്റം ആരോപിച്ചായിരുന്നു മര്‍ദ്ദനമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം റോഡപകടത്തെ ചൊല്ലി ഒരു പാല്‍വില്‍പ്പനക്കാരനുമായി വാക്കുതര്‍ക്കമുണ്ടായി പിറ്റേ ദിവസമാണ് സംഭവം നടന്നതന്നും, ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും സ്ഥലത്തെ എസ്.പി സൂരജ് കുമാര്‍ അറിയിച്ചു.

പാല്‍വില്‍പ്പനക്കാരനായ ചിത്താര്‍ മാല്‍ ഗുജ്ജര്‍ എന്നയാള്‍ ഓടിച്ചിരുന്ന മോട്ടോര്‍സൈക്കിള്‍ റോഡിലൂടെ പോവുകയായിരുന്ന കനയ്യലാലിനെ ഇടിച്ചിടുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ചിത്താര്‍ മാല്‍ തന്റെ സുഹൃത്തുക്കളെ വിളിച്ചു വരുത്തി കനയ്യലാലിനെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

വാഹനത്തില്‍ കയറുകൊണ്ടു കെട്ടി കനയ്യലാലിനെ റോഡിലൂടെ വലിച്ചിഴക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി അഡീഷണല്‍ എസ്.പി. സുന്ദര്‍ സിങ് കനേഷ് പറഞ്ഞു. ഇതില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in