കന്യാസ്ത്രീകളുടെയും വൈദികരുടെയും ശമ്പളത്തില്‍ നിന്ന് നികുതി ഈടാക്കരുത്; സംസ്ഥാന ട്രഷറി ഡയറ്കടറുടെ ഉത്തരവ്

കന്യാസ്ത്രീകളുടെയും വൈദികരുടെയും ശമ്പളത്തില്‍ നിന്ന് നികുതി ഈടാക്കരുത്; സംസ്ഥാന ട്രഷറി ഡയറ്കടറുടെ ഉത്തരവ്

കന്യാസ്ത്രീകളുടെയും വൈദികരുടെയും ശമ്പളത്തില്‍ നിന്ന് നികുതി ഈടാക്കരുതെന്ന് സംസ്ഥാന ട്രഷറി ഡയറക്ടറുടെ ഉത്തരവ്. നികുതി ഈടാക്കാമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് ഉത്തരവ്.

കന്യാസ്ത്രീകളും പുരോഹിതരും സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവരാണെങ്കില്‍ അവര്‍ നികുതി നല്‍കണമെന്ന് കേന്ദ്ര ആദായ നികുതി വകുപ്പ് ഉത്തരവിറക്കിയിരുന്നു.

2014 മുതലാണ് സര്‍ക്കാര്‍, എയ്ഡഡ് ജീവനക്കാരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍ നിന്ന് ടി.ഡി.എസ് പിടിച്ചുതുടങ്ങിയത്. സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാരായ കന്യാസ്ത്രീകളുടെയും വൈദികരുടെയും ശമ്പളത്തില്‍ നിന്ന് ടി.ഡി.എസ് പിടിക്കാമെന്ന് ഹൈക്കോടതി 2021 ആഗസ്ത് 7 ന് ഉത്തരവിറക്കിയിരുന്നു.

ഭരണഘടനയുടെ 25ാം അനുച്ഛേദപ്രകാരമുള്ള മതസ്വാതന്ത്ര്യത്തിന്റെ ഭാഗമായി ടി.ഡി.എസ് പിടിക്കുന്നതില്‍ ഇളവ് അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസ് എസ്.വി ഭാട്ടി, ജസ്റ്റിസ് ബെച്ചു കുര്യന്‍, തോമസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ കന്യാസ്ത്രീകളും വൈദികരും സുപ്രീം കോടതിയെ സമീപിക്കുകയും സുപ്രീം കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിലാണ് സംസ്ഥാന ട്രഷറി ഡയറക്ടറുടെ ഉത്തരവ്.

ദാരിദ്ര്യം വ്രതമായി സ്വീകരിച്ച സന്ന്യസ്തര്‍ സ്വത്തു സമ്പാദിക്കുന്നില്ലെന്നും അവരുടെ വരുമാനം സന്ന്യസ്തസഭയിലേക്കാണു പോകുന്നതെന്നും അതിനാല്‍ നികുതി ഈടാക്കരുതുമെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ നിയമപ്രകാരം നികുതി ഈടാക്കുന്നത് മതസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമല്ലെന്നും സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനുമെന്നായിരുന്നു ബൈബിള്‍ വചനം ഉദ്ധരിച്ച് ഹൈക്കോടതി പറഞ്ഞത്.

സര്‍ക്കാര്‍ ശമ്പളം പറ്റുന്ന വൈദികരെയും കന്യാസ്ത്രീകളെയും സര്‍ക്കാര്‍ ജീവനക്കാരായി കണക്കാക്കണമെന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ നിലപാട്. ശമ്പളം, പെന്‍ഷന്‍ തുടങ്ങിയവയെല്ലാം അവര്‍ക്കും കിട്ടുന്നുണ്ടെന്നും ആദായ നികുതി വകുപ്പ് പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in