കങ്കണ ചെയ്തത് രാജ്യദ്രോഹം; പത്മ ശ്രീ തിരിച്ചെടുക്കണം; പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്

കങ്കണ ചെയ്തത് രാജ്യദ്രോഹം; പത്മ ശ്രീ തിരിച്ചെടുക്കണം;  പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്

ബോളിവുഡ് നടി കങ്കണാ റണാവത്തിന് നല്‍കിയ പത്മശ്രീ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയതിന് ശേഷമാണ് ഇന്ത്യക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന കങ്കണയുടെ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് കോണ്‍ഗ്രസ് കങ്കണയ്‌ക്കെതിരെ രംഗത്തെത്തിയത്. കങ്കണയുടെ പരാമര്‍ശം രാജ്യദ്രോഹമാണെന്നും പത്മശ്രീ തിരിച്ചെടുക്കണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.

''മഹാത്മഗാന്ധി, ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ്, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ തുടങ്ങിയ നേതാക്കളെ അപമാനിക്കുന്ന കങ്കണ റണാവത്തിന്റെ പത്മശ്രീ തിരിച്ചെടുക്കണം. അവര്‍ക്ക് സര്‍ക്കാര്‍ പത്മ അവാര്‍ഡ് നല്‍കുന്നു എന്നതിനര്‍ത്ഥം ഇത്തരം ആളുകളെ കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കൂടിയാണ്,'' കോണ്‍ഗ്രസ് പറഞ്ഞു.

'1947ല്‍ ഇന്ത്യയ്ക്ക് ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ല. ഭിക്ഷയായിരുന്നു. രാജ്യം യഥാര്‍ഥത്തില്‍ സ്വതന്ത്രമായത് 2014ലാണ്' എന്നാണ് കങ്കണ പറഞ്ഞത്.

കങ്കണയുടെ വിവാദ പരാമര്‍ശത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ രൂക്ഷവിമര്‍ശനമാണ് നടിക്കെതിരെ വന്നുകൊണ്ടിരിക്കുന്നത്. ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടി ജീവന്‍ ബലികൊടുത്ത സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുകയാണ് കങ്കണ ചെയ്ത്. വിവാദ പരാമര്‍ശത്തില്‍ നടി മാപ്പ് പറയണമെന്നും വിമര്‍ശകര്‍ പറയുന്നു.

നവംബര്‍ എട്ടിനായിരുന്നു കങ്കണ പത്മശ്രീ പുരസ്‌കാരം രാഷ്ട്രപതിയില്‍ നിന്ന് സ്വീകരിച്ചത്. പുരസ്‌കാരം സ്വീകരിച്ച ശേഷം നടി പങ്കുവെച്ച വീഡിയോയിലെ വിദ്വേഷ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in