കറുത്ത മാസ്‌കിന് പകരം മഞ്ഞ, മലപ്പുറത്തും കോഴിക്കോടും മുഖ്യമന്ത്രിയ്ക്ക് കനത്ത പൊലീസ് കാവല്‍

കറുത്ത മാസ്‌കിന് പകരം മഞ്ഞ, മലപ്പുറത്തും കോഴിക്കോടും മുഖ്യമന്ത്രിയ്ക്ക് കനത്ത പൊലീസ് കാവല്‍

മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതു പരിപാടികളില്‍ ഇന്നും കനത്ത സുരക്ഷ. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നടത്തിയ ആരോപണങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് സുരക്ഷ കര്‍ശനമാക്കിയത്.

മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലാണ് കര്‍ശന സുരക്ഷ. മുഖ്യമന്ത്രി പങ്കെടുക്കുന്ന മലപ്പുറത്തെ പൊതുപരിപാടിയില്‍ കറുത്ത മാസ്‌ക് ധരിച്ചെത്തിയവരെ പൊലീസ് തടഞ്ഞു. തവനൂരില്‍ മാസ്‌ക് ധരിച്ചെത്തിയവരോട് അത് മാറ്റാന്‍ പറയുകയും തുടര്‍ന്ന് ഇവര്‍ക്ക് മഞ്ഞ മാസ്‌ക് നല്‍കുകയുമായിരുന്നു.

തവനൂര്‍ സെന്‍ട്രല്‍ ജയിലിന്റെ ഉദ്ഘാടനത്തിനായാണ് മുഖ്യമന്ത്രി മലപ്പുറത്ത് എത്തിയത്. തൃശൂരിലെ രാമ നിലയത്തില്‍ നിന്ന് പുറപ്പെട്ട മുഖ്യമന്ത്രിക്ക് പത്തോളം വാഹനങ്ങളുടെ അകമ്പടി, ആംബുലന്‍സ് അടക്കം വലിയ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയത്. വഴിയില്‍ പലയിടത്തും പൊലീസ് സേനയെ വിന്യസിച്ചിരുന്നു.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നതിനാല്‍ കുന്നംകുളത്തും മലപ്പുറത്തെ ചങ്ങരംകുളത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി. അതേസമയം യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു. ബാരിക്കേഡുകള്‍ വലിച്ചു നീക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി ഉപയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു.

The Cue
www.thecue.in