ക്രിമിനലിന് കുട പിടിക്കാനല്ലല്ലോ പ്രസ്‌ക്ലബ്?, ആത്മാഭിമാനമുള്ള സ്ത്രീകളെയാണ് രാധാകൃഷ്ണന്‍ അപമാനിക്കുന്നത്: രമ്യ മുകുന്ദന്‍

ക്രിമിനലിന് കുട പിടിക്കാനല്ലല്ലോ പ്രസ്‌ക്ലബ്?, ആത്മാഭിമാനമുള്ള സ്ത്രീകളെയാണ് രാധാകൃഷ്ണന്‍ അപമാനിക്കുന്നത്: രമ്യ മുകുന്ദന്‍

ഇക്കഴിഞ്ഞ ജൂണ്‍ 11 ന് മനോരമയുടെ ഇംഗ്ലീഷ് വെബ് സൈറ്റില്‍ (ഓണ്‍മനോരമ), എം. രാധാകൃഷ്ണന്‍ 2019 നവംബര്‍ 30 ന് പാറ്റൂരിലെ ഞാനും ഭര്‍ത്താവ് ബിനീഷ് തോമസും രണ്ടു മക്കളും താമസിച്ചു വന്നിരുന്ന വീട്ടില്‍ രാത്രി വന്നു അതിക്രമം കാണിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ആ വാര്‍ത്തയില്‍ രാധാകൃഷ്ണന്‍ എന്റെയും കുട്ടികളുടെയും മുന്നില്‍ വച്ച് അയാള്‍ ഉപദ്രവിച്ച അയാളുടെയും സഹപ്രവര്‍ത്തകനെ വിളിച്ചത് ജാരന്‍ എന്നാണ്.

അതിനു ശേഷം നടന്ന പ്രസ് ക്ലബ് മാനേജിംഗ് കമ്മിറ്റി മീറ്റിംഗില്‍ ഞാന്‍ എന്റെ മക്കളെ മയക്കി കിടത്തി അവിഹിതം നടത്തുവെന്നാണ് ഇപ്പോഴത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആരോപിച്ചത്. എന്റെ വീട്ടില്‍ നടത്തിയ അതിക്രമത്തിനിടെ എന്റെ സുഹൃത്തിനോട് രാധാകൃഷ്ണന്‍ ആവര്‍ത്തിച്ച് ചോദിച്ചത് കേരളകൗമുദിയിലെ തന്നെ മറ്റു രണ്ടു വനിതാ ജേര്‍ണലിസ്റ്റുകളെ വീട്ടില്‍ കൊണ്ടാക്കുന്നത് നീയല്ലേടാ എന്നാണ്. വനിതാ മാദ്ധ്യമ പ്രവര്‍ത്തകരുടെ വ്യക്തിജീവിതത്തില്‍ ഒളിഞ്ഞു നോക്കല്‍ എന്നു മുതലാണ് പ്രസ് ക്ലബ് ഭരിക്കുന്നവരുടെ ചുമതല ആയത്?

'രണ്ടു പേരുടെ നാണം മറയ്ക്കാന്‍' എന്നാണ് സ്വന്തം മെയിലില്‍ നിന്ന് 500 നടുത്ത് അംഗങ്ങളുള്ള മെയില്‍ ഗ്രൂപ്പില്‍ എന്റെയും എന്റെ കുഞ്ഞുങ്ങള്‍ക്ക് നേരെ നടത്തിയ അതിക്രമത്തെ രാധാകൃഷ്ണന്‍ വിശേഷിപ്പിച്ചത്. എം. രാധാകൃഷ്ണന്റെ മകളേക്കാള്‍ ഒരു വയസ് കുറവുള്ള എന്റെ എട്ടുവയസുകാരിയായ മകളെ വിചാരണ ചെയ്യുമ്പോഴും യാതൊരു മനസാക്ഷിയും പഴയ സെക്രട്ടറിയും പുതിയ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ രാധാകൃഷ്ണനില്‍ ഞാന്‍ കണ്ടിട്ടില്ല. മനസാക്ഷി പോയിട്ട് കണ്ടു പരിചയം പോലും കാണിച്ചിട്ടുമില്ല. അടിസ്ഥാന ക്രിമിനല്‍ സ്വഭാവം പുലര്‍ത്തുന്ന ഒരാള്‍ക്ക് മാത്രമേ ഈ പ്രവൃത്തിയും വാക്കുകളും സാദ്ധ്യമാകൂ...

'വ്യക്തിപരമായ നഷ്ടങ്ങള്‍ ഉണ്ടായിട്ടും ഞാന്‍ ഇതാ നിങ്ങള്‍ക്ക് വേണ്ടി മത്സരിക്കുന്നു' എന്ന് പറയുമ്പോള്‍ രാധാകൃഷ്ണന് നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതൊന്നും അഭിമാന പോരാട്ടത്തിന്റെ ഭാഗമായി ഉണ്ടായതല്ല. അധികാരം ഇല്ലെങ്കില്‍ താനുണ്ടാകില്ല എന്ന മാനസികാവസ്ഥ കൊണ്ടാണ് എന്ന് കൂടി ആ പ്രസ്താവനയ്‌ക്കൊപ്പം ചേര്‍ത്തു വായിക്കാന്‍ മറക്കരുത്. രാധാകൃഷ്ണന് അധികാരത്തോടുള്ള ആവേശം മത്സരിക്കാനിറങ്ങിയ കാലം മുതല്‍ കാണുന്നതുമാണ്. കള്ളങ്ങള്‍ക്കു മേല്‍ കള്ളങ്ങള്‍ കൊണ്ട് പണിതതാണ് രാധാകൃഷ്ണന്‍ തന്റെ അധികാരം. ഇന്നല്ലെങ്കില്‍ നാളെ അത് പൊളിഞ്ഞു വീഴുക തന്നെ ചെയ്യും. നന്മ തുടരാന്‍ കൂടെ നില്‍ക്കാന്‍ പറയുമ്പോള്‍ നന്മ എന്ന വാക്കിന്റെ അര്‍ത്ഥം എങ്കിലും രാധാകൃഷ്ണന്‍ അറിയണ്ടേ? ആരെങ്കിലും തനിക്ക് എതിരെ തിരിയുമ്പോള്‍ അല്ലെങ്കില്‍ അങ്ങനെ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് സംശയം തോന്നി തുടങ്ങുമ്പോള്‍ കൂടെ നില്‍ക്കുന്നവരെ തീര്‍ക്കാന്‍ എം. രാധാകൃഷ്ണന്‍ തന്നെ ഇറങ്ങിത്തിരിക്കും. എന്റെ അനുഭവമാണ്.

നീതിപീഠത്തിലും നിയമവ്യവസ്ഥയിലും തന്നെയാണ് എന്റെ വിശ്വാസം. കേസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി അനുനയവും ഭീഷണിയുമായി രാധാകൃഷ്ണന് വേണ്ടി എന്റെയും ഭര്‍ത്താവിന്റെയും അടുത്തു വന്ന ശ്രമങ്ങളെ ചെറുത്ത് മുന്നോട്ട് പോകുന്നതും ആ വിശ്വാസം ഉള്ളതു കൊണ്ടു തന്നെയാണ്.

സ്ഥാപനമേധാവികളെ സമീപിച്ച് ഓഫീസിന് മുന്നില്‍ സമരം നടത്തുമെന്ന ഭീഷണികളിലൂടെ ഗണ്‍പോയിന്റില്‍ നിര്‍ത്താന്‍ ശ്രമം നടത്തി എന്ന് തിരഞ്ഞെടുപ്പ് മെയില്‍ ഗ്രൂപ്പില്‍ പറയുന്നു. പിന്നീട് വന്ന മെയിലില്‍ കേസരി ആസ്ഥാനമായ പുളിമൂട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ കാറെന്നും ആ ഗൂഢനീക്കത്തിന്റെ ഭാഗമല്ലെന്ന് വിശ്വസിച്ചു കൊള്ളാം എന്നും പറയുന്നു. തങ്ങളുടെ ജീവനക്കാര്‍ രാധാകൃഷ്ണനൊപ്പം മത്സരിക്കരുതെന്ന മാതൃഭൂമിയുടെ നിലപാട് ആ സ്ഥാപനത്തിന്റെ സ്ത്രീപക്ഷ നിലപാടുകളുടെ തുടര്‍ച്ച മാത്രമാണ്. ഗണ്‍പോയിന്റില്‍ നടത്തിയ ഭീഷണിയില്‍ പതറിപ്പോയി എന്നൊക്കെ പറയുമ്പോള്‍ ആ സ്ഥാപനത്തെയും ആത്മാഭിമാനമുള്ള അവിടെയുള്ള സ്ത്രീ ജീവനക്കാരുള്‍പ്പെടെയുമുള്ളവരെയാണ് രാധാകൃഷ്ണന്‍ അപമാനിക്കാന്‍ നോക്കുന്നത്.

കാലഘട്ടത്തിന് അനുസരിച്ചു മാദ്ധ്യമങ്ങളും അവയെ നയിക്കുന്നവരും പുതുക്കപ്പെടുമ്പോഴാണ് സ്ത്രീകളെ ആദരിക്കുന്ന നിലപാടുകള്‍ ഉണ്ടാകുന്നത്. രാധാകൃഷ്ണനെ പുറത്താക്കിയ കേരള കൗമുദിയുടെ നിലപാടും ആ ഔന്നത്യത്തില്‍ നിന്നു കൊണ്ടു തന്നെയാണ്.

നേരത്തെ ജയ്ഹിന്ദ് ടിവിയും സമാനനിലപാട് സ്വീകരിച്ചതാണ്. അത്തരം സ്ത്രീപക്ഷത്ത് നിന്നുള്ള ഉറച്ച നിലപാടുകള്‍ ഭീഷണി പേടിച്ചാണ് എന്ന് കരുതാനും പ്രചരിപ്പിക്കാനും ഒരു ക്രിമിനല്‍ മനസ്സിനേ കഴിയൂ. ഞാന്‍ കാറില്‍ കോഴിക്കോട്ടേക്ക് പോയി മാതൃഭൂമിയില്‍ നേരിട്ട് പരാതി പറഞ്ഞെന്നാണ് കേരള കൗമുദി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ പ്രസ് ക്ലബ് അംഗങ്ങളെ രാധാകൃഷ്ണന്‍ വിളിച്ചറിയിച്ചത്, പ്രചരിപ്പിച്ചത്. അതു വിശ്വസിക്കുന്നവര്‍ ക്രിമിനല്‍ പ്രവൃത്തികളില്‍ തെറ്റു കാണാത്തവരുമാണ്.

അല്ലെങ്കില്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്‍വാങ്ങിയ ശ്രീകേഷ് തെളിയിക്കട്ടെ കേസരിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോയ കാറിലെയും സത്യാഗ്രഹമിരിക്കുമെന്ന ഭീഷണിയിലെയും സത്യാവസ്ഥ. ജയിച്ച് നിലനില്‍ക്കാനുള്ള ശ്രമമൊക്കെ മനസിലാകും. പക്ഷേ അത് അസത്യം ആവര്‍ത്തിച്ചും കള്ളം പ്രചരിപ്പിച്ചും ആകരുത്. സ്വന്തം സ്ഥാപനത്തെ രാധാകൃഷ്ണന്‍ ഇങ്ങനെ ഇകഴ്ത്തുമ്പോഴും അതിന് എതിരെ നുണ പ്രചാരണം നടത്തുമ്പോഴും കൂട്ടു നില്‍ക്കുന്ന ശ്രീകേഷിന് തിരുത്താന്‍ കഴിയണമായിരുന്നു.

പിരിവ് നല്‍കാത്തവരെ ഭീഷണിപ്പെടുത്താനും സ്വന്തം വാര്‍ത്ത കൊടുക്കാത്തതിന്റെ പേരില്‍ ആഹാരം കൊടുത്തതിന്റെ പോലും കണക്ക് മാദ്ധ്യമ പ്രവര്‍ത്തകരോട് പറയാനും രാധാകൃഷ്ണന്റെ 'നന്മയ്ക്കേ' കഴിയൂ. അര്‍ഹരായവരുടെ മെമ്പര്‍ഷിപ്പ് റദ്ദ് ചെയ്ത് തനിക്ക് ആവശ്യമുള്ളവരെ തിരുകി കയറ്റാന്‍ മനസ് കാണിച്ചതും വല്ലാത്ത നന്മ തന്നെ!

അന്തസുള്ളവര്‍ ഭരിച്ചിരുന്ന ഇടമാണ് പ്രസ് ക്ലബ്. അവരാരും എനിക്കു ശേഷം പ്രളയം എന്ന മട്ടില്‍ അധികാരത്തില്‍ തൂങ്ങി കിടക്കാന്‍ നെറികെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ല. വീടുകള്‍ കയറി ഇറങ്ങാന്‍ സഹതാപം സൃഷ്ടിക്കാന്‍ നോക്കിയിട്ടില്ല. ക്രിമിനലിനു കുട പിടിക്കാന്‍ അല്ലല്ലോ പ്രസ് ക്ലബ് നിലനില്‍ക്കേണ്ടത്?

രാധാകൃഷ്ണന്റെ നന്‍മയുടെ കടുപ്പം രണ്ടുവര്‍ഷത്തോളമായി അനുഭവിക്കുന്നത് നന്നായി വേദനിച്ചിട്ടും സ്വസ്ഥത നഷ്ടപ്പെട്ടും അപമാനിക്കപ്പെട്ടും തന്നെയാണ്. ഒരു സ്ത്രീയോട് അതിക്രമം കാണിച്ചയാളല്ല അതിനെ അതിജീവിച്ച സത്രീ തന്നെയാണ് ജീവിതാവസാനം വരെ ട്രോമയിലൂടെ കടന്നു പോകേണ്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in