മുന്നോക്ക വിഭാഗത്തിൽപ്പെടുന്നവർ ഇപ്പോഴും അയിത്തത്തിൽ വിശ്വസിക്കുന്നുണ്ട്: വെള്ളാപ്പള്ളി

 മുന്നോക്ക വിഭാഗത്തിൽപ്പെടുന്നവർ ഇപ്പോഴും അയിത്തത്തിൽ വിശ്വസിക്കുന്നുണ്ട്: വെള്ളാപ്പള്ളി

കേരളത്തിൽ ഹിന്ദു ഐക്യമുണ്ടാകാൻ സാധ്യതയില്ലെന്നും അതിനുള്ള പരിശ്രമങ്ങൾ താൻ അവസാനിപ്പിച്ചെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നായാടി മുതൽ നമ്പൂതിരി വരെ എന്ന മുദ്രാവാക്യവുമായി താൻ മുന്നോട്ട് കൊണ്ടുപോയ പ്രചാരണങ്ങൾ പരാജയപ്പെട്ടു. വിവേചനം സമൂഹത്തിന്റെ പൊതുബോധത്തിൽ അത്രയും ആഴത്തിൽ നിലനിൽക്കുന്നുണ്ട്. മുന്നോക്ക വിഭാഗത്തിൽപ്പെടുന്നവർ ഇപ്പോഴും അയിത്തത്തിൽ വിശ്വസിക്കുന്നുണ്ട്. സ്വാതന്ത്ര്യം കിട്ടി എഴുപത്തഞ്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഞങ്ങളെ അംഗീകരിക്കാൻ അവർ തയ്യാറല്ല. ഈഴവ വിഭാഗത്തിൽ പെടുന്ന ഒരാൾ പോലും ശബരിമലയിൽ പൂജാരികളാകുന്നില്ല. ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ അമ്പലങ്ങളിലും, ഉപദേശക സമിതികളിൽ പോലും മുന്നോക്ക വിഭാഗങ്ങളിൽ പെടുന്നവരാണ്.

താനും സുകുമാരൻ നായരും ഒരുമിച്ച് നില്ക്കാൻ തീരുമാനിച്ചതായിരുന്നു. യു.ഡി.ഫ് സർക്കാരിൽ രണ്ടുപേരും ചേർന്ന് പ്രധാനപ്പെട്ട ഒരു സ്ഥാനത്ത് ഹിന്ദു വിഭാഗത്തിൽ നിന്ന് ഒരാളെ കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. എന്നാൽ ആ കൂട്ടുകെട്ട് ഉണ്ടായില്ല. ഞങ്ങളുടെ പിന്തുണ ഉപയോഗിച്ച് അവർ സർക്കാരിൽ പ്രാതിനിധ്യം ഉറപ്പാക്കി. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ന് നൽകിയ അഭിമുഖത്തിൽ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ബി.ജെ.പി ഈഴവ പ്രാതിനിധ്യം ഉറപ്പാക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ഇല്ല എന്നായിരുന്നു മറുപടി. അവർ ഞങ്ങളെ അംഗീകരിക്കുകയാണെങ്കിൽ നായർ വിഭാഗത്തിൽപ്പെട്ടവർ അവർക്ക് വോട്ട് ചെയ്യില്ല. ബി.ജെ.പി യുടെ ഈഴവ വോട്ടർമാർ സ്ഥാനാർത്ഥിയുടെ ജാതിയൊന്നും പരിഗണിക്കാതെ അവർക്ക് വോട്ട് ചെയ്യും, എന്നാൽ നായർ വിഭാഗത്തിൽ പെട്ട ബി.ജെ.പി വോട്ടർമാർ മറ്റു ജാതിയിൽ പെട്ടവർക്ക് വോട്ട് നൽകില്ല.

മൂന്നു പ്രധാന പാര്ടികളിലെയും ഈഴവ പ്രാതിനിധ്യത്തെ കുറിച്ച് ചോദിച്ചപ്പോൾ; പിണറായി വിജയൻ ഒരു ഈഴവനാണ്, പക്ഷെ അദ്ദേഹത്തിന് ശേഷം അതുപോലൊരു നേതാവില്ല. കോൺഗ്രസ് നേതൃത്വത്തിലുള്ള ഏക ഈഴവൻ കെ.സുധാകരനാണ്. എന്നാൽ അദ്ദേഹത്തിന്റെ നേതൃത്വം തന്നെ ചോദ്യത്തിലാണ്. കോൺഗ്രസ് ഭരണത്തിൽ വന്നാലും, ഒരു നായരോ ക്രിസ്ത്യാനിയോ ആയിരിക്കും മുഖ്യമന്ത്രി. കേന്ദ്രതാളത്തിൽ മോദിയുടെ നേതൃത്വം ചോദ്യം ചെയ്യാൻ കഴിയാത്ത രീതിയിൽ ശക്തമാണ്, എന്നാൽ കേരളത്തിൽ അവർക്ക് പ്രത്യകിച്ച് എന്തെങ്കിലും നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് കരുതുന്നില്ല. വെള്ളാപ്പള്ളി പറഞ്ഞു.

ബി.ഡി.ജെ.എസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്, താൻ ബി.ഡി.ജെ.എസ് വക്താവല്ലെന്നും, അതിന്റെ ഭാവി എന്താകുമെന്ന് അറിയില്ല എന്നും വെള്ളാപ്പള്ളി മറുപടി നൽകി. സി.പി.ഐ.എം ന്റെ ജില്ലാ കമ്മിറ്റികളിൽ ഈഴവ വിഭാഗത്തിൽ പെട്ടവരുമുണ്ട്, എന്നാൽ ശെരിക്കുള്ള പ്രാതിനിധ്യം എന്നത് സംഘടനാ തലത്തിൽ മാത്രമല്ല ഭരണത്തിലുള്ള പ്രാതിനിധ്യം കൂടിയാണ്. ഇടതുപക്ഷ ഗവണ്മെന്റ് ന്യൂനപക്ഷങ്ങൾക്കുമുമ്പിൽ മുട്ടുകുത്തിയിരിക്കുകയാണ്. അവരുടെ താളത്തിനൊത്ത് നൃത്തം ചെയ്യുകയാണ് സർക്കാർ.

ലത്തീൻ വിഭാഗം ഒരു ന്യുനപക്ഷമാണ്. പക്ഷെ സർക്കാർ വിഴിഞ്ഞത്തിന്റെ കാര്യത്തിൽ അവരുടെ മുന്നിൽ വഴങ്ങി. കേരളത്തിൽ കേവലം 15 ശതമാനം മാത്രമാണ് മുന്നോക്ക വിഭാഗത്തിൽ പെട്ട ആളുകൾ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 10 ശതമാനം സീറ്റുകൾ അവർക്കിടയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം ചെയ്യപ്പെട്ടിരിക്കുകയാണ്. പണ്ട് പാർട്ടിയിൽ ചേരാൻ പള്ളിയെ ഒഴിവാക്കണം എന്ന് പറഞ്ഞിരുന്ന ഇടതുപക്ഷ നേതാക്കൾ ഇപ്പോൾ ബിഷപ്പിനെ കാണാൻ കാത്തുനിൽക്കുന്ന അവസ്ഥയിലെത്തി. വെള്ളാപ്പള്ളി പറഞ്ഞു.

Related Stories

No stories found.
The Cue
www.thecue.in