'ഞാന്‍ അല്ലെങ്കില്‍ മറ്റൊരാള്‍ ഇത് ചെയ്യണ്ടേ', ടോയ്‌ലറ്റ് ക്ലീനര്‍ ജോലിക്കെത്തി നടന്‍ ഉണ്ണിരാജന്‍

'ഞാന്‍ അല്ലെങ്കില്‍ മറ്റൊരാള്‍ ഇത് ചെയ്യണ്ടേ', ടോയ്‌ലറ്റ് ക്ലീനര്‍ ജോലിക്കെത്തി നടന്‍ ഉണ്ണിരാജന്‍

കാസര്‍ഗോഡ് പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്‌ലറ്റ് ക്ലീനര്‍ ഒഴിവില്‍ ജോലിക്കെത്തി നടന്‍ ഉണ്ണിരാജന്‍. ഒരു സ്ഥിരം ജോലി ഇല്ലാത്തതുകൊണ്ടാണ് ടോയ്‌ലറ്റ് ക്ലീനര്‍ ഒഴിവിലേക്ക് അപേക്ഷിച്ചതെന്നും എല്ലാ തൊഴിലിനും അതിന്റെ മഹത്വമുണ്ടെന്നും ഉണ്ണിരാജന്‍ പറയുന്നു.

മറിമായം എന്ന ടെലിവിഷന്‍ സീരിയലിലൂടെയും തൊണ്ടിമുതലും ദൃക്സാക്ഷിയും, ഓപ്പറേഷന്‍ ജാവ തുടങ്ങിയ സിനിമകളിലൂടെയും പ്രേക്ഷകര്‍ക്ക് പരിചിതമായ ഉണ്ണി ചെറുവത്തൂരാണ് തിങ്കളാഴ്ച മുതല്‍ സ്‌കാവഞ്ചര്‍ ജോലിക്കെത്തുന്നത്. സീരിയലില്‍ നിന്നും വലിയ വരുമാനം ഒന്നും ലഭിക്കുന്നില്ലെന്നും അതുകൊണ്ടാണ് ഉണ്ണി ജോലിക്ക് അപേക്ഷിച്ചതെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

ഒരു ജോലി തന്റെ സ്വപ്നമാണെന്ന് ഉണ്ണി പറയുന്നു. കുറച്ച്‌സമയം മുമ്പ് പുറത്ത് നില്‍ക്കുന്ന എല്ലാവരും ഒപ്പം നിന്ന് സെല്‍ഫിയെടുത്തു. അവര്‍ക്ക് ഞാന്‍ വി.ഐ.പി. പക്ഷേ, സ്ഥിരമായ തൊഴിലില്ലല്ലോ. സീരിയലില്‍ നിന്ന് അത്രവരുമാനമൊന്നും ലഭിക്കില്ല. ജോലിക്കിടെ വീണ് പരുക്കേറ്റതിനാല്‍ ശരീര സ്ഥിതിയും മെച്ചമല്ലെന്നും ഉണ്ണി പറഞ്ഞു.

എല്ലാ തൊഴിലിനും അതിന്റെ മഹത്വമുണ്ട്. ഗാന്ധിജി പോലും കക്കൂസ് വൃത്തിയാക്കിയിട്ടില്ലേ. ഞാനല്ലെങ്കില്‍ മറ്റൊരാള്‍ ഇത് ചെയ്യേണ്ടതല്ലേ. പിന്നെ എനിക്ക് ചെയ്താലെന്താ എന്നും ഉണ്ണിരാജന്‍ പറഞ്ഞു.

ശനിയാഴ്ചയാണ് രജിസ്‌ട്രേഡ് ആയി ഉണ്ണിരാജന് ജോലിക്കുള്ള ഉത്തരവ് കിട്ടുന്നത്. തിങ്കളാഴ്ച ജോലിയില്‍ പ്രവേശിക്കും. പരേതനായ കണ്ണന്‍ നായരുടെയും ഓമനയുടെയും മകനാണ് ഉണ്ണി. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.