പ്രതിപ്പട്ടികയില്‍ താമരശ്ശേരി ബിഷപ്പ് ഇല്ല; കേസുകള്‍ ഒഴിവാക്കി നല്‍കുന്നത് പ്രതിഷേധാര്‍ഹമെന്ന് വനംവകുപ്പ്

പ്രതിപ്പട്ടികയില്‍ താമരശ്ശേരി ബിഷപ്പ് ഇല്ല; കേസുകള്‍ ഒഴിവാക്കി നല്‍കുന്നത് പ്രതിഷേധാര്‍ഹമെന്ന് വനംവകുപ്പ്

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് വനംവകുപ്പ് ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് താമരശ്ശേരി ബിഷപ്പിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതില്‍ വനംവകുപ്പിനുള്ളില്‍ അതൃപ്തി. പൊലീസ് എടുക്കുന്ന കേസുകള്‍ ഒഴിവാക്കിക്കൊടുക്കുന്ന നടപടി പ്രതിഷേധാര്‍ഹമെന്ന് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

കാട്ടുപന്നിയെ വെടിവെച്ച് കൊന്ന കര്‍ഷകന് തോക്ക് ഉപയോഗിക്കാനുള്ള അനുമതി നിഷേധിച്ച വനംവകുപ്പ് നടപടിക്കെതിരെ ജൂണ്‍ 30നായിരുന്നു കര്‍ഷക കൂട്ടായ്മ ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധസമരം നടത്തിയത്. ബിഷപ്പും സ്ഥലത്തെത്തിയിരുന്നു. ഇതേതുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് മാര്‍ഗതടസം സൃഷ്ടിച്ചതിനും നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനും ലോക്ക്ഡൗണ്‍ നിയന്ത്രണലംഘനത്തിനുമാണ് പൊലീസ് കേസെടുത്തത്. ഇതിനെതിരെ എംഎല്‍എ കാരാട്ട് റസാഖ് അടക്കമുള്ളവര്‍ എതിര്‍പ്പുമായെത്തിയിരുന്നു.

13 പ്രതികളുള്ള പട്ടികയില്‍ നിന്ന് താമരശ്ശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയേലിനെ മാത്രമാണ് ഒഴിവാക്കിയത്. 2013ല്‍ ഗാഡ്ഗില്‍ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസ് കത്തിച്ചതുമായി ബന്ധപ്പെട്ട് ബിഷപ്പിനെയും പ്രതിചേര്‍ത്തിരുന്നു. പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ബിഷപ്പിനെരായ കേസ് ഉള്‍പ്പടെ റദ്ദാക്കി. രണ്ടാം തവണയും ബിഷപ്പിനെതിരായ കേസ് റദ്ദാക്കിയതില്‍ വനം വകുപ്പിനുള്ളില്‍ കടുത്ത അതൃപ്തി ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Related Stories

No stories found.
logo
The Cue
www.thecue.in