അച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി; പത്ത് വയസ്സുകാരിക്ക് എട്ടാം മാസം ഗര്‍ഭച്ഛിദ്രത്തിന് അനുമതി

അച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി; പത്ത് വയസ്സുകാരിക്ക് എട്ടാം മാസം ഗര്‍ഭച്ഛിദ്രത്തിന് അനുമതി

അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പത്ത് വയസുകാരിയ്ക്ക് എട്ടാം മാസം ഗര്‍ഭച്ഛിദ്രം ചെയ്യാമെന്ന് ഹൈക്കോടതി വിധി. പെണ്‍കുട്ടിയുടെ അമ്മ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

ഗര്‍ഭിണിയാണെന്ന് മനസാല്‍ അംഗീകരിക്കാനോ പ്രസവിക്കാനോ ഉള്ള മാനസികാവസ്ഥയിലല്ല കുട്ടിയെന്ന് ചൂണ്ടിക്കാട്ടിയാണ് അമ്മ പരാതി നല്‍കിയത്. ഗര്‍ഭം കാരണം കുട്ടി വലിയ തോതില്‍ മാനസിക സമ്മര്‍ദ്ദം നേരിടുന്നുണ്ടെന്നും അത് കുട്ടിയുടെ സാധാരണ ജീവിതത്തില്‍ മാറ്റമുണ്ടാക്കുന്നുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

സാധാരണ 24 ആഴ്ച വരെ വളര്‍ച്ചയുള്ള ഗര്‍ഭച്ഛിദ്രത്തിനാണ് അനുമതി ലഭിക്കുക. 2021ല്‍ ഭേദഗതി ചെയ്ത ഗര്‍ഭച്ഛിദ്ര നിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് അസാധാരണ സാഹചര്യങ്ങളില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാമെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ശസ്ത്രക്രിയയിലൂടെയേ കുട്ടിയെ പുറത്തെടുക്കാനാകൂ എന്നാണ് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്. ഗര്‍ഭസ്ഥ ശിശു രക്ഷപ്പെടാന്‍ 80 ശതമാനവും സാധ്യതയുണ്ടെന്നും കുഞ്ഞിന് ന്യൂറോ സംബന്ധമായ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ബോര്‍ഡ് ചൂണ്ടിക്കാണിക്കുന്നു.

നിര്‍ഭാഗ്യകരമായ സംഭവമാണിതെന്നാണ് ഹൈക്കോടതി വിഷയത്തില്‍ പ്രതികരിച്ചത്. കേസില്‍ ലജ്ജിക്കണം. പത്ത് വയസുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ പിതാവാണ് ആരോപണ വിധേയന്‍. സമൂഹം മുഴുവനും നാണത്താല്‍ തലതാഴ്ത്തണം. നിയമത്തിന് സാധിക്കുന്ന രീതിയില്‍ നിയമം അയാളെ ശിക്ഷിക്കും. കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും പരിഗണിച്ച് ഈശ്വരനെ മനസ്സിലോര്‍ത്താണ് നിയമാധികാരം പ്രയോഗിക്കുന്നതെന്നും കോടതി പറഞ്ഞു.

തിരുവനന്തപുരത്തെ ആശുപത്രിയിലാണ് കുട്ടി ചികിത്സയിലുള്ളത്. ഒരാഴ്ചക്കുള്ളില്‍ വേണ്ടത് ചെയ്യാന്‍ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സ്‌പെഷ്യലിസ്റ്റുകളില്‍ നിന്ന് വിദഗ്ധ മെഡിക്കല്‍ സഹായം വേണമെങ്കില്‍ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കാം. ഡയറക്ടര്‍ ആവശ്യമായത് ഉടന്‍ ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in