'മതം നോക്കി വേദി നല്‍കുന്നു'; അഹിന്ദു ആയതിനാല്‍ കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ അവസരം നിഷേധിച്ചെന്ന് നര്‍ത്തകി വിപി മന്‍സിയ

'മതം നോക്കി വേദി നല്‍കുന്നു'; അഹിന്ദു ആയതിനാല്‍ കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ അവസരം നിഷേധിച്ചെന്ന് നര്‍ത്തകി വിപി മന്‍സിയ

അഹിന്ദു ആയതിനാല്‍ ഭരതനാട്യം അവതരിപ്പിക്കാന്‍ ക്ഷണിച്ച പരിപാടിയില്‍ നിന്ന് തന്നെ ഒഴിവാക്കിയതായി നര്‍ത്തകി മന്‍സിയ വിപി. തൃശൂര്‍ കൂടല്‍ മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കാനിരുന്ന പരിപാടിയില്‍ നിന്നാണ് ക്ഷേത്രം ഭാരവാഹികള്‍ തനിക്ക് അവസരം നിഷേധിച്ചതെന്ന് വിപി മന്‍സിയ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഏപ്രില്‍ 21 വ്യാഴാഴ്ച ആറാം ഉത്സവം പ്രമാണിച്ച് നടത്തുന്ന കലാപരിപാടികളുടെ ഭാഗമായി ഭരതനാട്യം അവതരിപ്പിക്കാനാണ് മന്‍സിയയെ ക്ഷണിച്ചത്. നോട്ടീസില്‍ പേര് അടക്കം അച്ചടിച്ചതിന് ശേഷമാണ് ഒഴിവാക്കിയതായി ഭാരവാഹികളില്‍ ഒരാള്‍ അറിയിച്ചതെന്ന് മന്‍സിയ പറഞ്ഞു.

നല്ല നര്‍ത്തകി ആണോ എന്ന് നോക്കിയല്ല, മതം അടിസ്ഥാനപ്പെടുത്തിയാണ് എല്ലാ വേദികളും ഉണ്ടാകുന്നതെന്നും മന്‍സിയ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുരുവായൂര്‍ ഉത്സവത്തോടനുബന്ധിച്ചും സമാനമായ അനുഭവം തനിക്ക് ഉണ്ടായിരുന്നതായും മന്‍സിയ പറയുന്നു. ഹിന്ദുവല്ല എന്ന കാരണത്താലാണ് അന്നും തനിക്ക് വേദി നിരസിക്കപ്പെട്ടത്. കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറിഞ്ഞു കൊണ്ടേയിരിക്കും എന്നും മന്‍സിയ പറഞ്ഞു.

മന്‍സിയയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള 'നൃത്തോല്‍സവത്തില്‍'

ഏപ്രില്‍ 21 വൈകീട്ട് 4 മുതല്‍ 5 വരെ ചാര്‍ട്ട് ചെയ്ത എന്റെ പരിപാടി നടത്താന്‍ സാധിക്കില്ല എന്ന വിവരം പറഞ്ഞുകൊണ്ട് ക്ഷേത്രഭാരവാഹികളില്‍ ഒരാള്‍ എന്നെ വിളിച്ചു. അഹിന്ദു ആയതു കാരണം അവിടെ കളിക്കാന്‍ സാധിക്കില്ലത്രേ.

നല്ല നര്‍ത്തകി ആണോ എന്നല്ല മതത്തിന്റെ അടിസ്ഥാനത്തില്‍ ആണ് എല്ലാ വേദികളും. വിവാഹം കഴിഞ്ഞതോടെ ഹിന്ദു മതത്തിലേക്ക് കണ്‍വേര്‍ട്ട് ആയോ എന്നൊരു ചോദ്യവും വന്നു കേട്ടോ. ഒരു മതവുമില്ലാത്ത ഞാന്‍ എങ്ങോട്ട് കണ്‍വേര്‍ട്ട് ആവാന്‍.. ഇത് പുതിയ അനുഭവം ഒന്നുമല്ല.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുരുവായൂര്‍ ഉത്സവത്തിനോടനുബന്ധിച്ച് എനിക്ക് തന്ന അവസരവും ഇതേ കാരണത്താല്‍ ക്യാന്‍സല്‍ ആയി പോയിരുന്നു. കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോള്‍ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു.

#മതേതര കേരളം

ചയ: ഇതിലും വലിയ മാറ്റിനിര്‍ത്തല്‍ അനുഭവിച്ചു വന്നതാണ്. ഇതെന്നെ സംബന്ധിച്ച് ഒന്നുമല്ല. ഇവിടെ കുറിക്കുന്നത് കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോക്കെന്ന് സ്വയം ഓര്‍ക്കാന്‍ വേണ്ടി മാത്രം...

The Cue
www.thecue.in