കേരളത്തെ പരിഹസിച്ച് തെലങ്കാന മന്ത്രി, 'വിമാനത്തില്‍ കയറിയിട്ട് പറഞ്ഞാല്‍ മതി ഇല്ലേല്‍ സമരം ചെയ്യും'

കേരളത്തെ പരിഹസിച്ച് തെലങ്കാന മന്ത്രി, 'വിമാനത്തില്‍ കയറിയിട്ട് പറഞ്ഞാല്‍ മതി ഇല്ലേല്‍ സമരം ചെയ്യും'

തെലങ്കാനയില്‍ വന്‍നിക്ഷേപങ്ങള്‍ക്കായുള്ള കരാറുകളില്‍ കിറ്റെക്‌സ് ഗ്രൂപ്പ് ഒപ്പിട്ടതിന് പിന്നാല കേരളത്തെ പരിഹസിച്ച് തെലങ്കാന ഐടി, വ്യവസായ മന്ത്രി കെ.ടി.രാമറാവു. കിറ്റെക്‌സ് എംഡി സാബു എം ജേക്കബിനെ തെലങ്കാനയിലേക്ക് ക്ഷണിച്ചപ്പോള്‍ കേരള സര്‍ക്കാരിനോട് ഇക്കാര്യം പറയേണ്ടെന്ന് ആവശ്യപ്പെട്ടുവെന്നും, പറഞ്ഞാല്‍ അവര്‍ സമരമിരിക്കുമെന്നും പറഞ്ഞതായി കെ.ടി.രാമറാവു പറയുന്നു. ഒരു ചടങ്ങിനിടെയായിരുന്നു പരാമര്‍ശം.

'ഒരു ദിവസം പത്രം വായിക്കുമ്പോള്‍ കേരളത്തില്‍ നടത്താനിരുന്ന 3500 കോടിയുടെ നിക്ഷേപത്തില്‍ നിന്ന് കിറ്റെക്‌സ് ഗ്രൂപ്പ് പിന്മാറിയെന്ന വാര്‍ത്ത കണ്ടു. ഉടന്‍ തന്നെ സാബു ജേക്കബിനെ ബന്ധപ്പെടാന്‍ ഞാന്‍ ആവശ്യപ്പെട്ടു. സാബു എം.ജേക്കബിനെ ഹൈദരാബാദിലേക്ക് ക്ഷണിച്ചു. നേരില്‍ വന്നുകണ്ട് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടു നിക്ഷേപം നടത്തിയാല്‍ മതിയെന്ന് പറഞ്ഞു. ആ ആഴ്ചതന്നെ വരാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചു. കോവിഡ് ആയതിനാല്‍ തെലങ്കാന സര്‍ക്കാര്‍ സ്വകാര്യ വിമാനം അയയ്ക്കാമെന്നും പറഞ്ഞു. അത് സാബുവിന് വലിയ അദ്ഭുതമായി. കാര്യമായി തന്നെയല്ലേ പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. തീര്‍ച്ചയായുമെന്ന് ഞാനും പറഞ്ഞു.

എങ്കില്‍ വിമാനം അയച്ച് ക്ഷണിക്കുന്ന വിവരം കേരളത്തിലെ മാധ്യമങ്ങളോട് പറയട്ടെ എന്ന് സാബു ജേക്കബ് എന്നോട് ചോദിച്ചു. തീര്‍ച്ചയായും പറയാം, പക്ഷേ ഒരു നിബന്ധനയുണ്ട്. കേരളത്തോട് ഇക്കാര്യം പറയുന്നത് വിമാനത്തില്‍ കയറിയ ശേഷം മതി. അല്ലെങ്കില്‍ കേരള സര്‍ക്കാര്‍ നിങ്ങളുടെ വീടിനും ഓഫിസിനും മുന്നില്‍വന്ന് സമരം ഇരിക്കും. നിങ്ങളെ പുറത്തേക്ക് വിടാന്‍ സമ്മതിക്കില്ല. അതു സംഭവിക്കരുത്. അതുകൊണ്ടു വിമാനത്തില്‍ കയറിയ ശേഷം മാത്രം പറഞ്ഞാല്‍ മതി എന്നാണ് ഞാന്‍ പറഞ്ഞത്. അങ്ങനെയാണ് അദ്ദേഹം ചെയ്തതും', കെ.ടി.രാമറാവു പറഞ്ഞു.

തെലങ്കാനയിലെ വാറങ്കലിലെ മെഗാ ടെക്സ്റ്റയില്‍ പാര്‍ക്കിലെയും, ഹൈദരാബാദിലെ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലെയും പദ്ധതികളുടെ കരാറിലാണ് കിറ്റെക്‌സ് ഒപ്പിട്ടിരിക്കുന്നത്. തെലങ്കാന സര്‍ക്കാരിന് വേണ്ടി വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയേഷ് രഞ്ജനും, കിറ്റെക്‌സ് എം.ഡി സാബു എം.ജേക്കബുമാണ് കരാറില്‍ ഒപ്പിട്ടത്. മന്ത്രി രാമറാവുവുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു ഒപ്പിടല്‍.

Related Stories

No stories found.
logo
The Cue
www.thecue.in