വീണ്ടും സ്റ്റാലിന്റെ സര്‍പ്രൈസ്, തമിഴ്നാട്ടില്‍ പെട്രോളിന് മൂന്ന് രൂപ കുറച്ചു

വീണ്ടും സ്റ്റാലിന്റെ സര്‍പ്രൈസ്, തമിഴ്നാട്ടില്‍ പെട്രോളിന് മൂന്ന് രൂപ കുറച്ചു

ചെന്നൈ: പെട്രോളിന് മൂന്ന് രൂപ കുറച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ഡിഎംകെ സര്‍ക്കാരിന്റെ ആദ്യ ബജറ്റവതരണത്തിലാണ് പെട്രോളിന് മൂന്ന് രൂപ കുറച്ച തീരുമാനം ധനമന്ത്രി പി.ടി പളനിവേല്‍ പ്രഖ്യാപിക്കുന്നത്. മുഖ്യന്ത്രി എം.കെ സ്റ്റാലിന്റെ നിര്‍ദേശ പ്രകാരമാണ് എക്‌സൈസ് തീരുവ കുറക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എക്‌സൈസ് തീരുവ കുറക്കുന്നത് സര്‍ക്കാരിന് 1,160 കോടിയുടെ നഷ്ടമുണ്ടാക്കുമെന്നും ബജറ്റ് അവതരണത്തിനിടയില്‍ അദ്ദേഹം പറഞ്ഞു.

നേരത്തെ തമിഴ്‌നാട് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇറക്കിയ പ്രകടന പത്രികയില്‍ പെട്രോളിന് അഞ്ചും ഡീസലിന് നാലും രൂപ വീതം കുറയ്ക്കുമെന്ന് ഡി.എം.കെ പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനം ഒറ്റയടിക്ക് നടപ്പിലാക്കുന്നത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് പറഞ്ഞ പളനിവേല്‍ ത്യാഗരാജന്‍ ഘട്ടം ഘട്ടമായി തീരുമാനം നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ചു.

അതേസയമം ബജറ്റ് അവതരണത്തിന് ആഴ്ചകള്‍ക്ക് മുന്‍പ് പെട്രോള്‍ നികുതി കുറയ്ക്കാനാകില്ലെന്ന് പളനിവേല്‍ ത്യാഗരാജന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജനങ്ങള്‍ക്ക് സര്‍പ്രൈസ് നല്‍കികൊണ്ടുള്ള പുതിയ പ്രഖ്യാപനം.

ജനകീയ പ്രഖ്യാപനങ്ങളിലൂന്നിയ ബജറ്റാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഇത്തവണ അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖല വലിയ പ്രതിസന്ധിയിലാണെന്ന് നേരത്തെ തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയും ജനകീയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയതുകൊണ്ട് തന്നെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in