തമിഴ്‌നാട്ടില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് തെരുവില്‍; കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ച് ഡിഎംകെയും സഖ്യകക്ഷികളും

തമിഴ്‌നാട്ടില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് തെരുവില്‍; കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ച് ഡിഎംകെയും സഖ്യകക്ഷികളും

തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ച് ഡി.എം.കെ പ്രവര്‍ത്തകരും സഖ്യകക്ഷികളും. നീറ്റിനെതിരായുള്ള ബില്‍ രാഷ്ട്രപതിക്ക് അയക്കാത്ത ഗവര്‍ണറുടെ നടപടിക്ക് എതിരെയാണ് പ്രതിഷേധം.

തമിഴ് പുതുവത്സര ദിനത്തില്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ നടത്തിയ ചായ സല്‍ക്കാരത്തില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിനും മന്ത്രിമാരും ഡി.എം.കെ സഖ്യകക്ഷികളും പങ്കെടുത്തില്ല.

വിരുന്നില്‍ പങ്കെടുത്തിരുന്നെങ്കില്‍ സഭയുടെ അന്തസ് ഇല്ലാതാകുകയും ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുകയും ചെയ്യുമായിരുന്നു എന്ന് എം.കെ സ്റ്റാലിന്‍ പറഞ്ഞു.

അണ്ണാ സര്‍വകലാശാലയില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ നിന്നും മന്ത്രിമാരായ കെ. പൊന്‍മുടി, എം.ആര്‍.കെ പനീര്‍ ശെല്‍വം എന്നിവരും വിട്ടു നിന്നു. വി.സി.കെ, സി.പി.എം പ്രവര്‍ത്തകരും പലയിടത്തും ഗവര്‍ണറെ കരിങ്കൊടി കാട്ടി. വരും ദിവസങ്ങളിലും സര്‍ക്കാര്‍ തലത്തിലും പുറത്തും പ്രതിഷേധം തുടരാനാണ് ഡി.എം.കെയുടെയും സഖ്യകക്ഷികളുടെയും തീരുമാനം.

നിയമസഭ പാസാക്കിയ നീറ്റ് വിരുദ്ധ ബില്‍ രാഷ്ട്രപതിയുടെ അനുമതിക്കായി അയക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് തെരുവില്‍ എത്തിയത്.

നേരത്തെ നിരവധി തവണ ബില്‍ രാഷ്ട്രപതിക്ക് അയക്കാത്ത ഗവര്‍ണറുടെ നടപടിയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. നീറ്റ് പരീക്ഷ റദ്ദാക്കി പ്ലസ് ടുവിന്റെ മാര്‍ക്ക് മെഡിക്കല്‍ പ്രവേശനത്തിന് അടിസ്ഥാനമാക്കുന്ന ബില്ല് നിയമസഭ രണ്ടാംവട്ടവും പാസാക്കി ഗവര്‍ണര്‍ക്ക് അയച്ചിട്ട് 70 ദിവസം കഴിഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in