അഫ്ഗാന്‍ സര്‍ക്കാരിനെ അംഗീകരിച്ചില്ലെങ്കില്‍ ലോകത്തിന് തന്നെ പ്രത്യാഘാതമുണ്ടാകും; ഭീഷണിപ്പെടുത്തി താലിബാന്‍

അഫ്ഗാന്‍ സര്‍ക്കാരിനെ അംഗീകരിച്ചില്ലെങ്കില്‍ ലോകത്തിന് തന്നെ പ്രത്യാഘാതമുണ്ടാകും; ഭീഷണിപ്പെടുത്തി താലിബാന്‍

അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ അഫ്ഗാനിസ്ഥാനിലെ പുതിയ സര്‍ക്കാരിനെ അംഗീകരിക്കാന്‍ തയ്യാറാകണമെന്ന് താലിബാന്‍. സര്‍ക്കാരിനെ അംഗീകരിച്ചില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്നാണ് ഭീഷണി. സര്‍ക്കാരിനെ അംഗീകരിക്കാതിരിക്കുകയോ, വിദേശ ഫണ്ടുകള്‍ തടഞ്ഞുവെക്കുകയോ ചെയ്താല്‍ അത് രാജ്യത്തിന് മാത്രമായിരിക്കില്ല ലോകത്തിന് തന്നെ പ്രശ്‌നമാകുമെന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കി.

'ഇത് അമേരിക്കയ്ക്കുള്ള ഞങ്ങളുടെ സന്ദേശമാണ്, താലിബാന്‍ സര്‍ക്കാരിനെ ഇനിയും അംഗീകരിക്കാതിരിക്കുകയാണെങ്കില്‍, അഫ്ഗാനില്‍ പ്രശ്‌നങ്ങള്‍ തുടരുകയാണെങ്കില്‍, അത് പ്രദേശത്ത് വലിയ പ്രശ്‌നമാകും. അത് ലോകത്തിന് തന്നെ പ്രശ്‌നമായി മാറിയേക്കാം', താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു.

അമേരിക്കയും താലിബാനും തമ്മില്‍ ഔപചാരിക നയതന്ത്രബന്ധമില്ലാത്തതാണ് നേരത്തെ യുദ്ധമുണ്ടാകാന്‍ കാരണമായത്. യുദ്ധത്തിന് കാരണമായ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്നതായിരുന്നുവെന്നും മുജാഹിദ് കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്ത് രൂപീകരിച്ച പുതിയ ഭരണകൂടത്തെ അമേരിക്ക ഉള്‍പ്പടെയുള്ള ലോകരാജ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. മാത്രമല്ല, അഫ്ഗാനിസ്ഥാനുള്ള വിദേശസഹായം ഉള്‍പ്പടെ തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. ചൈന, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ മാത്രമാണ് താലിബാന്‍ സര്‍ക്കാരിന് പിന്തുണ അറിയിച്ചത്. അഫ്ഗാനിസ്ഥാന്‍ നിലവില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി താലിബാന്‍ വക്താവ് രംഗത്തെത്തിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in