'താലിബാൻ വസന്തം കൊണ്ട് വരുമെന്ന് കരുതുന്നവർ കാണണം ആ ദൃശ്യങ്ങൾ'

'താലിബാൻ വസന്തം കൊണ്ട് വരുമെന്ന് കരുതുന്നവർ കാണണം ആ ദൃശ്യങ്ങൾ'

താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ പലായനത്തിനായി ചിതറിയോടുന്ന മനുഷ്യര്‍ക്ക് ഐക്യദാര്‍ഡ്യവുമായി സോഷ്യല്‍ മീഡിയ. താലിബാന്‍ മതഭീകരതയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ചിത്രവും കുറിപ്പുകളുമാണ് സോഷ്യല്‍ മീഡിയ നിറയെ.

"ഒരു ജനത കടന്നു പോകുന്ന അവസ്ഥാന്തരങ്ങളുടെ ദയനീയത നോക്കൂ..

പറന്നുയരാൻ പോകുന്ന അമേരിക്കൻ എയർ ഫോഴ്‌സിന്റെ കൂറ്റൻ C-17 വിമാനത്തിലേക്ക് അതിന്റെ ചിറകുകളിലൂടെ വലിഞ്ഞു കയറാൻ നോക്കുന്നു. റൺവേയിലൂടെ മൂവ് ചെയ്ത് കൊണ്ടിരിക്കുന്ന വിമാനത്തെ പൊതിഞ്ഞു കൊണ്ട് അതിനോടൊപ്പം നൂറുകണക്കിന് മനുഷ്യർ ഓടുന്നു. ഏതാനും ചിലർ ടയറിനടുത്തെ ബോക്സിൽ കയറിപ്പറ്റുന്നു. അവിടെ അള്ളിപ്പിടിച്ചിരിക്കുന്നു.

വിമാനം ആകാശത്തിലേക്ക് ഉയർന്നു പൊങ്ങിയതോടെ അള്ളിപ്പിടിച്ചിരുന്ന ചിലർ ഭൂമിയിലേക്ക് പതിക്കുന്നതായിട്ടാണ് ടോളോ ന്യൂസ് റിപ്പോർട്ടർ താരിഖ് മജീദി ഷെയർ ചെയ്ത വീഡിയോയിൽ കാണുന്നത്. കെട്ടിടങ്ങളുടെ മുകളിൽ വീണു മൂന്ന് പേർ മരിച്ചു എന്നാണ് അദ്ദേഹത്തിൻറെ ട്വീറ്റ്..

കാബൂളിൽ നിന്നുള്ള ദൃശ്യങ്ങൾ..

വിശ്വാസത്തിന്റെ പേര് പറഞ്ഞു, അതിന്റെ ചിഹ്‌നങ്ങൾ ഉയർത്തിക്കാട്ടി, ലാ ഇലാഹ ഇല്ലല്ലാഹ് എന്ന പതാകയും വഹിച്ചു കൊണ്ട് മതത്തെ ഹൈജാക്ക് ചെയ്ത് ഭരണം പിടിച്ചെടുത്ത ഒരു പറ്റം ഭീകരരിൽ നിന്ന് ഒരു ജനത എങ്ങിനെ ഓടിയൊളിക്കുന്നു എന്നതിന്റെ നേർചിത്രമാണ് കാണുന്നത്. ആ ചിത്രങ്ങൾ, ആ വീഡിയോകൾ 'സാമ്രാജ്വത്യ മാധ്യമങ്ങൾ' ഉണ്ടാക്കിയ ഫെയ്ക്ക് ന്യൂസുകളല്ല, ഒരു രാജ്യത്ത് നിന്നുള്ള ലൈവ് സംപ്രേഷണങ്ങളാണ്.

താലിബാൻ വസന്തം കൊണ്ട് വരുമെന്ന് കരുതുന്നവർ കാണണം ആ ദൃശ്യങ്ങൾ.. ഈ പിശാചുക്കളുടെ ഭരണത്തെ ആ ജനത എത്രമാത്രം ഭയപ്പെടുന്നുണ്ടെന്ന്.. എങ്ങിനെയൊക്കെ അവരിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടെന്ന്.. പുറത്തിറങ്ങാനും സഞ്ചരിക്കാനും സ്വാതന്ത്ര്യമുള്ള പുരുഷന്മാരുടെ കാര്യമാണ് നാം കണ്ടത്..

വീടുകൾക്കുള്ളിൽ അടച്ചിട്ടിരിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും കണ്ണുകളിലെ ഭീതിയും ദൈന്യതയും എത്രയുണ്ടാകുമെന്ന് ഊഹിച്ചു കൊള്ളൂ.."

ബഷീർ വള്ളിക്കുന്ന്

താലിബാൻ ഒട്ടും വിസ്മയമല്ല. രാഷ്ട്രീയചരിത്രത്തിലെ ഒരു തമോഗർത്തമാണത്

ശ്രീചിത്രന്‍ എം.ജെ

മനുഷ്യരാശിയുടെ ചരിത്രം മുന്നോട്ടുസഞ്ചരിക്കുന്നു. എന്നാൽ ഇടയിൽ ഇത്തരം തമോഗർത്തങ്ങളുണ്ട്. ഗ്രീസിലെ ജനാധിപത്യം പലവട്ടം ആധുനീകരിക്കപ്പെട്ട് ഇന്നത്തെ ബഹുസ്വരമായ ആധുനികാർത്ഥത്തിലെത്തിയത് രേഖീയമായിട്ടല്ല. അനവധി ഉൾപ്പിരിവുകൾ, ചുഴികൾ, മലരികൾ പിന്നിട്ടാണ് ജനാധിപത്യം സഞ്ചരിച്ചത്. ഇന്ന് നാം ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങളൊന്നും തന്നെ മനുഷ്യന് സഹജമല്ല. ചരിത്രത്തിൽ പലവട്ടം വെട്ടിയും തിരുത്തിയും നാമാർജ്ജിച്ച ബോധ്യങ്ങളാണവ. തുല്യത, സാമൂഹികനീതി, ലിംഗസമത്വം - എല്ലാം ഇങ്ങനെ സമാർജ്ജിതമായ മൂല്യങ്ങളാണ്. മനുഷ്യനിൽ തന്നെ ഇവക്ക് വിപരീതദിശയിൽ ഒരു കാറ്റുണ്ട്. അസമത്വവും അധികാരപ്രമത്തതയും വീശിയടിക്കുന്ന ആ എതിർപ്രവാഹം ചിലപ്പോൾ ചിലയിടത്ത് ഒത്തുകൂടും. ജനാധിപത്യത്തിൻ്റെ നൂറ്റാണ്ടുകൾ നീളുന്ന വേരുകളെ പിഴുതുമാറ്റാൻ മാത്രം ശക്തിയാർജിക്കും. അതാണ് ഇന്നു നാം കാണുന്ന താലിബാൻ.

പച്ചയ്ക്കു പറഞ്ഞാൽ ഗുഹകൾക്കുള്ളിൽ നാലും മൂന്നേഴു തോക്കുമായി ഒളിച്ചിരുന്നു ലോകത്തിൻ്റെ മുഴുവൻ ആധുനികതയേയും പല്ലിളിച്ചു കാണിച്ചുകൊണ്ടിരുന്ന ഒരു തീവ്രവാദിക്കൂട്ടം മാത്രമാണ്, ആയിരുന്നു താലിബാൻ. സ്ത്രീകൾക്ക് പുറത്തിറങ്ങാനവകാശമില്ലാത്ത, ഇഷ്ടമുള്ള തുണിയുടുക്കാൻ പാടില്ലാത്ത, പഠിക്കാൻ അവകാശമില്ലാത്ത ഒരു പ്രാകൃതസമൂഹത്തെ മാതൃകാപരമായി കാണുന്ന അപരിഷ്കൃതമനുഷ്യരുടെ കൂട്ടം. ഒമറിൻ്റെ സൈന്യാധിപൻമാർ തന്നെ മദ്രസ അധ്യാപകരും മറ്റുമായിരുന്നു. ആയുധക്കടത്തും കറുപ്പും മയക്കുമരുന്നുമായി ഉണ്ടാക്കിയ പണവും പരസ്പരം കൊന്നുതിന്നും തീറ്റിയും വളർത്തുന്ന മതതീവ്രവാദത്തിന് അമേരിക്ക നൽകിയ പിന്തുണയും കൊണ്ടാണ് ഈ പ്രാകൃതർ അധികാരത്തിലേക്ക് യാത്ര തുടങ്ങിയത്. അഞ്ചുവർഷത്തോളം ഇന്ന് പിടിച്ചെടുത്ത മിക്ക മേഖലകളും, കാബൂൾ അടക്കം അവരുടെ പിടിയിലായതാണ്. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താൻ എന്നവർ പേരിട്ടു വിളിച്ച രാജ്യം തകർന്ന്, പിന്നെയും അവരുടെ ഗുഹാജീവിതം തുടർന്നതാണ്. ഇന്നവർ വീണ്ടും അഫ്ഗാനിസ്ഥാൻ വിഴുങ്ങിയെങ്കിൽ, അവരെങ്ങനെ വളർന്നു?

മറ്റുരാജ്യങ്ങളുടെ, പ്രധാനമായും അമേരിക്കയുടെ ചെല്ലും ചെലവും പിന്തുണയുമില്ലാതെ ഇത്തരമൊരു വിസ്തൃതമായ ഭൂപ്രദേശത്തെ നേർക്കുനേർ യുദ്ധത്തിലൂടെ പിടിച്ചടക്കാൻ താലിബാനാകില്ല. ഇപ്പോൾ നടന്നിരിക്കുന്ന അധികാരക്കൈമാറ്റത്തിന് പിന്നിൽ തന്നെ അഫ്ഗാനിസ്ഥാന് പുറത്തു നടന്ന ഡീലുകളുണ്ട് എന്നുറപ്പാണ്. മയക്കുമരുന്നും ആയുധക്കടത്തുമല്ലാതെ മറ്റൊരു സാമ്പത്തികസ്രോതസ്സുമില്ലാത്ത, ഏതാനും വർഷം മുൻപ് ഗുഹകളിൽ ഒളിച്ചിരുന്ന ഒരു തീവ്രവാദസംഘടനയായ താലിബാൻ ഇന്ന് ഒരു രാജ്യത്തെ കീഴടക്കാൻ തക്കവണ്ണം വളർന്നത് അഫ്ഗാനിലെ പണം കൊണ്ടല്ല എന്ന് വ്യക്തമാണല്ലോ. പരസ്പരം കൈയ്യയച്ചു സഹായിച്ച് വളരുന്ന മതതീവ്രവാദത്തിൻ്റെ ആലയിലാണ് താലിബാൻ്റെ ആയുധങ്ങൾ ഊതിക്കാച്ചിയെടുത്തത്. ഇപ്പോൾ വിദേശകാര്യ വിദഗ്ധർ പറയുന്നത്, ഇന്ത്യക്കിനി താലിബാനുമായി നയതന്ത്ര ബന്ധം വേണമെന്നാണ്. കാബൂളിൽ നിന്നുള്ള വാർത്തകൾ തന്നെ മാദ്ധ്യമസൃഷ്ടിയാണെന്നു വരെ വിശദീകരിക്കുന്നവരുണ്ട്. അവരുടെ കണ്ണിൽ താലിബാൻ വിസ്മയമാകുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. സൗദി അറേബ്യയും യു എ ഇ യും പാക്കിസ്ഥാനും മാത്രമംഗീകരിച്ചിരുന്ന പഴയ താലിബാൻ ഭരണകൂടത്തിൽ നിന്ന് ഇന്നത്തെ താലിബാന് ഇന്ത്യൻ കണ്ണുകളിൽ വരെ വിസ്മയം ജനിപ്പിക്കാൻ കഴിയുന്നു. എന്തുകൊണ്ട്?

സജീവജനാധിപത്യത്തിൻ്റെ അടിസ്ഥാന ഇന്ധനം ജനാധിപത്യവിരുദ്ധതയോടുള്ള സന്ധിയില്ലാത്ത എതിർനിലപാടാണ്. ജനാധിപത്യവിരുദ്ധമായ സ്റ്റേറ്റിനേയും അതിൻ്റെ പ്രയോഗരീതിശാസ്ത്രത്തെയുംവർഷങ്ങളായി ശീലിക്കുന്നവരാണ് നാം. കാബൂൾ താലിബാനെ തിരഞ്ഞെടുത്തതല്ല, താലിബാൻ കാബൂളിനെ തോക്കുകൊണ്ട് പിടിച്ചെടുത്തതാണ്. നമ്മളോ? ജനാധിപത്യവിരുദ്ധതയും സ്വേച്ഛാധികാരവും സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ബ്രാഹ്മണ്യഹിംസയും കൊണ്ടുനടക്കുന്ന പാർട്ടിയെ വോട്ടുചെയ്തു വിജയിപ്പിച്ച് ഭരിക്കാനേൽപ്പിച്ചവരാണ്. ഇരുട്ടിലിരുന്ന് ഇരുട്ടു കാണുന്നവരാണ് നമ്മൾ. അപ്പോൾ നമുക്ക് ഇരുട്ടേ വിസ്മയമായി തോന്നും. സ്വാഭാവികം.

വിദ്യാർത്ഥിനികളോട് ഗുഡ്ബൈ പറഞ്ഞ് ഇന്നലെ അടച്ചിടപ്പെട്ട സർവ്വകലാശാലകൾ, കൂട്ടിയിട്ടു കത്തിക്കപ്പെട്ട പെൺകുട്ടികളുടെ സർട്ടിഫിക്കറ്റുകൾ, ബലാൽസംഗം എപ്പോൾ നടക്കുമെന്നു മാത്രം കാത്തിരിക്കുന്ന സ്ത്രീകളുടെ അടഞ്ഞ മുറികൾ, ഉറുമ്പുകൂട്ടം പോലെ വിമാനത്തിൽ പൊതിഞ്ഞ് ഉയർന്നു പൊങ്ങുമ്പോൾ താഴേക്ക് ഉതിർന്നുവീഴുന്ന മനുഷ്യ ഈയാമ്പാറ്റകൾ, പൊട്ടിത്തകർന്ന സംഗീതോപകരണങ്ങൾ, ഒരിക്കലുമിനി ഉയരാത്ത പട്ടങ്ങൾ... ഇവയാണ് യാഥാർത്ഥ്യം. ബാക്കിയെല്ലാ വിശകലനവും അവക്കു മുകളിലാണ്. മലാല യൂസഫ് സായ് അവസാനമായി തിരിഞ്ഞുനോക്കിയ തൻ്റെ സ്കൂൾ ഗേറ്റിനെപ്പറ്റി എഴുതിയിട്ടുണ്ട്. ആ ഗേറ്റ് വീണ്ടും ഉരുക്കുതാഴിട്ട് അടഞ്ഞതാണ് യാഥാർത്ഥ്യം.

അവയെച്ചൂണ്ടി വിസ്മയമാസ്വദിക്കുന്നവരേ, ദാ - ഇതാണ് പുറത്തേക്കുള്ള വാതിൽ. നിങ്ങൾ ഇവിടെ നിന്ന് ഒഴിഞ്ഞു പോവുക

ശലഭങ്ങളെപ്പോലെ വീണുപോകുന്ന മനുഷ്യർ.

അടുത്ത കാലത്ത് കണ്ട ഏത് വാർത്താദൃശ്യത്തിനുണ്ട് ഇത്രയും ഭാരം

രണ്ടു കാര്യങ്ങളുണ്ട്.

ഒന്നൊരു നടുക്കുന്ന കാഴ്ചയാണ്.

ഹരിമോഹന്‍, എ.എന്‍.ഐ

കാബൂളിൽ നിന്നു പോകുന്ന വിമാനങ്ങൾ അനുവദനീയമായതിൽക്കൂടുതലാളുകളെ കൊണ്ടുപോയിട്ടും ആയിരങ്ങൾ ഇപ്പോഴും ബാക്കിയാണ്. ജീവനും കൊണ്ടു രക്ഷപ്പെടാൻ ഓടുന്നതിനിടെ കാബൂൾ വിമാനത്താവളത്തിൽ നിന്നു പറന്നുയർന്ന വിമാനത്തിന്റെ അണ്ടർകാര്യേജിലോ ലാൻഡിങ് ഗിയറിലോ എങ്ങനെയൊക്കെയോ മുറുകെപ്പിടിച്ചു കിടന്നതാകണം ഈ രണ്ടു മനുഷ്യർ. വിമാനം പറന്നുയർന്നപ്പോൾ കൈവിട്ടു പോയിരിക്കുന്നു.

ഇനിയുമെത്ര പേർ..

(അഫ്ഗാനിസ്താനിലെ ഒരു ന്യൂസ്‌ ഏജൻസി പുറത്തുവിട്ട വീഡിയോ)

**********

മറ്റൊന്നു നടുക്കുന്നൊരു വാർത്തയാണ്.

അഫ്ഗാൻ പിടിച്ചടക്കിയ താലിബാനുമായി സൗഹൃദമാകാം എന്ന് ചൈന പ്രഖ്യാപിച്ചിരിക്കുന്നു. ജനവിധി അംഗീകരിക്കുന്നുവത്രെ. ലോകരാജ്യങ്ങളിൽ ആദ്യം ഈ പ്രഖ്യാപനം നടത്തിയത് കമ്മ്യൂണിസ്റ്റ്‌ ചൈനയാണ്. ചരിത്രത്തിലിടം നേടും ചൈനയുടെ ഈ പ്രഖ്യാപനം.

ജീവൻ കൈയിൽ അടക്കിപ്പിടിച്ചു വിമാനങ്ങളുടെ ലാൻഡിങ് ഗിയറിൽ അള്ളിപ്പിടിച്ചു കിടക്കുന്ന മനുഷ്യരെക്കണ്ടു കൊണ്ടിരിക്കെ, ലൈംഗികാക്രമങ്ങൾക്ക് ഇരയാക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ കരച്ചിലുകൾ കേട്ടുകൊണ്ടിരിക്കെ, താലിബാനുമായി ചങ്ങാത്തമാകാം എന്നു പറയുന്നതേതു നയതന്ത്രത്തിന്റെ ഭാഗമാണെങ്കിലും മനുഷ്യത്വത്തിന്റെ ഒരു കണിക പോലുമില്ലാത്ത പൈശാചികതയായി മാത്രമേ അതിനെ കാണാനാകൂ.

ഒരു നാടു മുഴുവൻ കത്തിയമർന്നിട്ടും ചൈനീസ് എംബസി വിട്ടു പോകാൻ തയ്യാറാകാതിരുന്ന ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥരുടെ വാർത്തകൾ കണ്ടപ്പോഴേ ഉറപ്പിച്ചിരുന്നു. നാളെ ഈ പ്രവൃത്തികളൊക്കെയും ചൈനീസ് സ്പോൺസേർഡ് ആണെന്നു കണ്ടെത്തിയാലും ഞെട്ടലുണ്ടാകില്ല.

Related Stories

No stories found.
logo
The Cue
www.thecue.in