അഫ്ഗാന്‍ വനിതാ വോളിബോള്‍ താരത്തെ താലിബാന്‍ തലയറുത്ത് കൊന്നു; പുറത്ത് പറയരുതെന്ന് കുടുംബത്തിന് ഭീഷണി

അഫ്ഗാന്‍ വനിതാ വോളിബോള്‍ താരത്തെ താലിബാന്‍ തലയറുത്ത് കൊന്നു; പുറത്ത് പറയരുതെന്ന് കുടുംബത്തിന് ഭീഷണി
Published on

അഫ്ഗാനിസ്ഥാനില്‍ വനിതാ വോളിബോള്‍ താരത്തെ താലിബാന്‍ തലയറുത്ത് കൊന്നുവെന്ന് റിപ്പോര്‍ട്ട്. ദേശീയ ജൂനിയര്‍ വോളിബോള്‍ ടീം അംഗമായ മഹ്ജബീന്‍ ഹക്കീമിയാണ് കൊല്ലപ്പെട്ടതെന്ന് ടീമിന്റെ പരിശീലകനാണ് വെളിപ്പെടുത്തിയത്. ഒക്ടോബര്‍ ആദ്യത്തിലായിരുന്നു സംഭവമെന്നും, ഇതേക്കുറിച്ച് പുറത്ത് പറയരുതെന്ന് താലിബാന്‍ മഹ്ജബീന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും പരിശീലകന്‍ പേര്‍ഷ്യന്‍ ഇന്‍ഡിപെന്‍ഡന്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്തുന്നതിന് മുമ്പ് കാബൂള്‍ മുനിസിപ്പാലിറ്റി വോളിബോള്‍ ക്ലബ്ബിന് വേണ്ടിയായിരുന്നു മഹ്ജബീന്‍ കളിച്ചിരുന്നത്. ക്ലബ്ബിന്റെ പ്രധാന കളിക്കാരില്‍ ഒരാളായിരുന്നു അവര്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മഹ്ജബീന്റെ അറ്റുപോയ തലയുടെയും രക്തക്കറയുള്ള കഴുത്തിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരിശീലകന്റെ വെളിപ്പെടുത്തല്‍.

താലിബാന്‍ അധികാരത്തിലെത്തിയതിന് പിന്നാലെ, അഫ്ഗാനിസ്ഥാനിലെ വനിതാ കായികതാരങ്ങള്‍ വലിയ സുരക്ഷാ ഭീഷണി നേരിടുകയാണെന്നും പരിശീലകന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. താലിബാന്‍ വീടുകള്‍ കയറിയിറങ്ങി കായികതാരങ്ങള്‍ക്കായി പരിശോധനകള്‍ നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'വിദേശ, ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കുകയും, മാധ്യമ പരിപാടികളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുള്ള നിരവധി വനിതാ താരങ്ങള്‍, പ്രത്യേകിച്ച് വനിതാ വോളിബോള്‍ ടീം അംഗങ്ങള്‍ ഗുരുതരമായ ഭീഷണിയാണ് നേരിടുന്നത്. ടീമിലെ രണ്ട് അംഗങ്ങള്‍ക്ക് മാത്രമാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചിട്ടുള്ളൂ, മറ്റുള്ളവരുടെ അവസ്ഥ ഭീകരമാണ്.'

എല്ലാവരും വീടുകളില്‍ നിന്ന് പലായനം ചെയ്ത് അജ്ഞാത സ്ഥലങ്ങളില്‍ അഭയം തേടാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. രാജ്യം വിടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, അതിന് കഴിഞ്ഞിട്ടില്ലെന്നും പരിശീലകന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in