അവര്‍ എന്നെ ഒറ്റുകൊടുത്തുവെന്ന നടുക്കം പിന്തുടരുന്നു; പാഠഭേദം ഐ.സി.സി സിവിക് ചന്ദ്രനെ സംരക്ഷിക്കുന്നുവെന്ന് അതിജീവിത

അവര്‍ എന്നെ ഒറ്റുകൊടുത്തുവെന്ന നടുക്കം പിന്തുടരുന്നു; പാഠഭേദം ഐ.സി.സി സിവിക് ചന്ദ്രനെ സംരക്ഷിക്കുന്നുവെന്ന് അതിജീവിത

സിവിക് ചന്ദ്രനെതിരായ ലൈംഗിക അതിക്രമ പരാതി കൈകാര്യം ചെയ്തതില്‍ പാഠഭേദം മാസികയുടെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയ്‌ക്കെതിരെ അതിജീവിത. സിവിക് ചന്ദ്രനെ സംരക്ഷിക്കാനാണ് ഐ.സി.സി ശ്രമിച്ചതെന്ന് അതിജീവിത ആരോപിച്ചു.

ഐ.സി.സി പ്രതിനിധികള്‍ക്ക് അവര്‍ നിലനില്‍ക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ സര്‍വ്വാധികാരിയായ പുരുഷനെ സംരക്ഷിക്കേണ്ടത് ആവശ്യമായിരുന്നു. ഐസിസി അംഗങ്ങളുമായി ആദ്യം സംസാരിച്ചപ്പോള്‍ പ്രശ്‌നത്തിലകപ്പെട്ട സ്ത്രീയെന്ന നിലയില്‍ എന്നെ സമാധാനിപ്പിക്കാനാണ് എന്നായിരുന്നു ആദ്യം കരുതിയത്. അതുകൊണ്ട് അന്ന് നടന്ന മീറ്റിംഗില്‍ അനൗപചാരികമായാണ് സംസാരിച്ചതെന്ന് അതിജീവിത പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിനോടായിരുന്നു പ്രതികരണം.

ഐ.സി.സിയാണെന്നോ ഔദ്യോഗികമായുണ്ടാക്കിയ കമ്മിറ്റിയാണോ എന്നൊന്നും ആരും അറിയിച്ചിരുന്നില്ല. രണ്ടാമതും മീറ്റിംഗ് ഉണ്ടെന്ന് അറിഞ്ഞപ്പോഴാണ് ഇത് കേവലം സൗഹൃദ സംഭാഷണമല്ലെന്ന് മനസിലാക്കിയത്. അതുകൊണ്ട് തന്നെ രണ്ടാമത്തെ മീറ്റിംഗില്‍ കാര്യങ്ങള്‍ വ്യക്തമായി അവതരിപ്പിച്ചു. മൂന്നാമത്തെ യോഗത്തോടുകൂടി കമ്മിറ്റിയെ നിയോഗിച്ചത് എന്തിനാണെന്ന് കൃത്യമായി മനസിലാക്കിയെന്നും അതിജീവിത പറഞ്ഞു.

മെയിലില്‍ ലഭിച്ച ഐ.സി.സി റിപ്പോര്‍ട്ട് വായിക്കുക കൂടി ചെയ്തപ്പോള്‍ വല്ലാത്ത ഞെട്ടലാണ് തോന്നിയത്. നിലപാടുകളില്‍ ഒരുപാട് വിശ്വസിച്ചിരുന്ന എനിക്കേറെ ഇഷ്ടം തോന്നിയിരുന്നവരാല്‍ തന്നെ ഞാന്‍ ഒറ്റുകൊടുക്കപ്പെടുന്നുവെന്ന നടുക്കം ഇപ്പോഴും പിന്തുടരുന്നുണ്ടെന്നും അതിജീവിത കൂട്ടിച്ചേര്‍ത്തു.

എന്റെ ശരീരത്തിന്മേലുള്ള കടന്നാക്രമണം എന്നിലുണ്ടാക്കിയ ഷോക്ക് മനസിലാക്കിയെന്ന് പറഞ്ഞ കമ്മിറ്റി ലൈംഗിക അതിക്രമത്തിന് തെളിവില്ല എന്ന് പറഞ്ഞ് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ല എന്ന നിലപാട് ആണ് സ്വീകരിച്ചത്. ഇക്കാര്യത്തില്‍ ഒരു സ്ത്രീ എങ്ങനെ തെളിവ് നല്‍കുമെന്ന ചോദ്യത്തെ കമ്മിറ്റി അംഗങ്ങള്‍ അവഗണിച്ചു. ലൈംഗിക ഉദ്ദേശത്തോടെയാണ് തെളിയിക്കുന്ന വാട്‌സാപ്പ് ചാറ്റുകള്‍ പരിശോധിക്കാന്‍ കമ്മിറ്റി തയ്യാറായല്ലെന്നും സംഭവം ഒതുക്കി തീര്‍ക്കാനാണ് അവര്‍ ശ്രമിച്ചതെന്നും അതിജീവിത പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in