'ലഖിംപുര്‍ ഒരിക്കലും അവസാനിക്കാത്ത കഥയാകരുത്'; യുപി സര്‍ക്കാരിനെ വിമര്‍ശിച്ച് വീണ്ടും സുപ്രീംകോടതി

'ലഖിംപുര്‍ ഒരിക്കലും അവസാനിക്കാത്ത കഥയാകരുത്'; യുപി സര്‍ക്കാരിനെ വിമര്‍ശിച്ച് വീണ്ടും സുപ്രീംകോടതി

ലഖിംപുരില്‍ കര്‍ഷകരെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വീണ്ടും സുപ്രീംകോടതി. സംഭവത്തില്‍ നടക്കുന്ന അന്വേഷണം ഒരിക്കലും അവസാനിക്കാത്ത കഥ പോലെയാകരുതെന്ന് കേസ് പരിഗണിക്കവെ സുപ്രീംകോടതി പറഞ്ഞു.

അന്വേഷണം മന്ദഗതിയിലാക്കാനുള്ള ശ്രമം യുപി പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. കേസുമായി ബന്ധപ്പെട്ട തല്‍സ്ഥിതി റിപ്പോര്‍ട്ടിനായി ബുധനാഴ്ച പുലര്‍ച്ചെ ഒരു മണി വരെ കാത്തിരുന്നുവെന്നും ചീഫ് ജസ്റ്റിസ് എന്‍.വി.രമണ പറഞ്ഞു.

കേസില്‍ ആരൊക്കെയാണ് അറസ്റ്റിലായിരിക്കുന്നതെന്നും, എന്തൊക്കെയാണ് കുറ്റമെന്നുമടക്കം വ്യക്തമാക്കുന്ന റിപ്പോര്‍ട്ടായിരുന്നു കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ സുപ്രീംകോടതി യുപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. ഇത് ലഭിക്കാന്‍ കോടതി ബുധനാഴ്ച പുലര്‍ച്ചെ 1 മണി വരെ കാത്തിരുന്നുവെന്നും, യുപി സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയോട് കോടതി പറഞ്ഞു.

ചൊവ്വാഴ്ച തന്നെ സീല്‍ ചെയ്ത കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നുവെന്നായിരുന്നു അഭിഭാഷകന്റെ മറുപടി. എന്നാല്‍ അവസാന നിമിഷം റിപ്പോര്‍ട്ട് നല്‍കിയാല്‍ കോടതിക്ക് എങ്ങനെയാണ് അത് വായിക്കാന്‍ കഴിയുകയെന്നും, ചുരുങ്ങിയത് ഒരു ദിവസം മുമ്പെങ്കിലും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും വ്യക്തമാക്കി.

അടുത്ത ആഴ്ചക്കകം എല്ലാ സാക്ഷികളുടെയും രഹസ്യമൊഴി രേഖപ്പെടുത്തണമെന്നും, സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹര്‍ജി ഒക്ടോബര്‍ 26ന് വീണ്ടും പരിഗണിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in