എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആശ്വാസമായി സുപ്രീംകോടതി വിധി, നഷ്ടപരിഹാരം നല്‍കണം, ആശ്വാസം നല്‍കുന്ന വിധിയെന്ന് അമ്മമാര്‍ 

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആശ്വാസമായി സുപ്രീംകോടതി വിധി, നഷ്ടപരിഹാരം നല്‍കണം, ആശ്വാസം നല്‍കുന്ന വിധിയെന്ന് അമ്മമാര്‍ 

മരുന്നും പെന്‍ഷനുമുള്ള എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരവും നല്‍കണമെന്ന് സുപ്രീംകോടതി 

കാസര്‍കോഡ് ജില്ലയിലെ പുല്ലൂര്‍- പെരിയ ഗ്രാമപഞ്ചായത്തിലെ അഷറഫും കുടുംബവും മകന്റെ ചികിത്സക്കായി കടം വാങ്ങിയ തുക തിരിച്ച് നല്‍കാന്‍ വഴിയില്ലാതെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചിരിക്കുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും ആനുകൂല്യം ലഭിക്കാത്ത നാല് പേര്‍ക്ക് കൂടി നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതോടെ ആശ്വസത്തിലാണ് കുടുംബങ്ങളും സമരമുന്നണി പ്രവര്‍ത്തകരും. അര്‍ച്ചന, അഫ്സല്‍, നിഷ, വിജയലക്ഷ്മി എന്നിവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവ്. അഞ്ച് ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ അമ്മമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഇടപെടല്‍. നഷ്ടപരിഹാരം ലഭിക്കാന്‍ ഇവര്‍ക്ക് അര്‍ഹതയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചെങ്കിലും ഈ വാദം കോടതി തള്ളുകയായിരുന്നു. നാല് പേര്‍ക്കും ചികിത്സാ സഹായവും പെന്‍ഷനും ലഭിക്കുന്നത് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരത്തില്‍ നിന്ന് മാത്രമെങ്ങനെ ഒഴിവാക്കാന്‍ കഴിയുമെന്ന് കോടതി ചോദിച്ചു. ഇവരും ദുരിതബാധിതരാണെന്നതിന്റെ തെളിവാണെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് സര്‍ക്കാര്‍ അഭിഭാഷകനോട് പറഞ്ഞു. നാലു പേര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന നിര്‍ദേശം കോടതിയില്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.

അഷറഫിന്റെ മകന്‍ അഫ്‌സല്‍ 2010ലാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്. ഹോര്‍മോണ്‍ വ്യതിയാനമായിരുന്നു പ്രശ്‌നം. രക്തത്തില്‍ ഹോര്‍മോണിന്റെ അളവ് കുറയ്ക്കാനുള്ള കുത്തിവെപ്പാണ് എടുത്തിരുന്നത്. 18000 രൂപ രണ്ട് മാസം കൂടുമ്പോള്‍ ഈ കുത്തിവെപ്പിനായി ചിലവ് വരുമെന്ന് അഫ്‌സലിന്റെ ഉമ്മ ജമീല പറഞ്ഞു. റോഡരികില്‍ പഴക്കച്ചവടമാണ് അഷറഫിന്. ജമീല തയ്യല്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും മാസം ഇത്ര തുക ചികിത്സക്കായി മാറ്റിവെക്കാന്‍ കുടുംബത്തിന് കഴിയുമായിരുന്നില്ലെന്ന് ഇവര്‍ പറയുന്നു.

ഏഴ് വയസ്സ് മുതല്‍ പതിനഞ്ച് വയസ്സ് വരെ ഈ കുത്തിവെപ്പ് തുടര്‍ന്നു. കടം കയറി ഞങ്ങള്‍ പ്രശ്‌നത്തിലായി. പ്ലാന്റേഷന് തൊട്ടടുത്തായാണ് വീട്. മൂന്ന് കുട്ടികളില്‍ രണ്ടാമത്തെ ആളാണ് അഫ്‌സല്‍. മരുന്ന് വാങ്ങിയതില്‍ തന്നെ മൂന്നാല് ലക്ഷം രൂപ കടമുണ്ട്.

ജമീല,അഫ്‌സലിന്റെ ഉമ്മ 

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനാണെന്ന് തെളിയിക്കാനുള്ള രേഖകളെല്ലാം അഫ്‌സലിന് ലഭിച്ചിരുന്നു. മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കെടുക്കാറുണ്ട്. സാന്ത്വനം കാര്‍ഡുണ്ട്. പെന്‍ഷനും മരുന്നും ലഭിക്കുന്നുണ്ട്. നഷ്ടപരിഹാരം മാത്രം സര്‍ക്കാര്‍ നല്‍കിയില്ല.

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയ്ക്കും ജില്ലാ കളക്ടര്‍ക്കും അപേക്ഷ നല്‍കി. പിണറായി സര്‍ക്കാര്‍ വന്നപ്പോള്‍ അവര്‍ക്കും അപേക്ഷ നല്‍കി. കിട്ടില്ലെന്ന് ഉറപ്പായപ്പോളാണ് സുപ്രീംകോടതിയെ സമീപിച്ചത്. അര്‍ഹതയുണ്ടായിട്ടും കിട്ടാത്തത് കൊണ്ടാണ് ഹര്‍ജി നല്‍കിയത്.

ജമീല,അഫ്‌സലിന്റെ ഉമ്മ 

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് 2017 ജനുവരി 10നാണ് സുപ്രിം കോടതി ഉത്തരവിട്ടത്. മുഴുവന്‍ ദുരിതബാധിതര്‍ക്കും അഞ്ചുലക്ഷം രൂപ ധനസഹായം നല്‍കണമെന്നും ജീവിതകാലം മുഴുവന്‍ ചികിത്സയും നല്‍കണമെന്ന് ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. മൂന്ന് മാസത്തിനകം ഉത്തരവ് നടപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നത്. ഈ ഉത്തരവ് നടപ്പാക്കാത്തതിനെത്തുടര്‍ന്ന് നേരത്തെ സംസ്ഥാന സര്‍ക്കാറിന് കോടതിയലക്ഷ്യ നോട്ടീസ് ലഭിച്ചിരുന്നു. മൂവായിരം പേര്‍ക്ക് ഇനിയും നഷ്ടപരിഹാരം ലഭിക്കാനുണ്ടെന്നാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പറയുന്നത്. ചികിത്സയുടെ ഭാഗമായുള്ള കടബാധ്യതയുള്ള കുടുംബങ്ങളുണ്ട്. അത്തരം കുടുംബങ്ങള്‍ കോടതിയെ സമീപിക്കുമെന്ന് പ്രസിഡന്റ് മുനീസ അമ്പലത്തറ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in