വസ്ത്രത്തിനുമുകളിലൂടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നതും ലൈംഗിക അതിക്രമം; ബോംബെ ഹൈക്കോടതിയുടെ വിവാദഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

വസ്ത്രത്തിനുമുകളിലൂടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നതും ലൈംഗിക അതിക്രമം; ബോംബെ ഹൈക്കോടതിയുടെ വിവാദഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

വസ്ത്രത്തിന് മുകളിലൂടെ ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിക്കുന്നത് കുറ്റകരമല്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. വസ്ത്രങ്ങള്‍ക്ക് മുകളിലൂടെയും ലൈംഗിക ഉദ്ദേശത്തോടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ സ്പര്‍ശിക്കുന്നത് പോക്‌സോ നിയമത്തിന്റെ ഏഴാം വകുപ്പ് പ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

നിയമത്തിന്റെ ഉദ്ദേശം കുറ്റവാളിലെ പഴുതുകള്‍ ഉപയോഗിച്ച് രക്ഷപ്പെടാന്‍ അനുവദിക്കുന്നത് ആകരുത്. പോക്‌സോ നിയമത്തെ തന്നെ പരാജയപ്പടുത്തുന്ന ബോംബെ ഹൈക്കോടതിയുടെ സങ്കുചിതമായ വ്യാഖ്യാനം അംഗീകരിക്കാന്‍ കഴിയില്ല. ഏറ്റവും പ്രധാനം ലൈംഗിക ഉദ്ദേശമാണ്. ഇത്തരം വ്യാഖ്യാനങ്ങള്‍ സ്വീകരിച്ചാല്‍ കയ്യുറകള്‍ ഉപയോഗിച്ച് പീഡിപ്പിക്കുന്ന പ്രതി കുറ്റത്തില്‍ നിന്ന് രക്ഷപ്പെടില്ലേയെന്നും സുപ്രീംകോടതി ചോദിച്ചു.

ചര്‍മ്മത്തില്‍ സ്പര്‍ശിക്കാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ തൊടുന്നത് പോക്‌സോ നിയമപ്രകാരമുള്ള ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ്. 31 വയസ്സായ ഒരാള്‍ 12 വയസ്സുള്ള ഒരു കുട്ടിയുടെ ഷാള്‍ മാറ്റി മാറിടത്തില്‍പിടിച്ചെന്ന കേസ് പരിഗണിക്കവെയാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ച് വിവാദ പരാമര്‍ശം നടത്തിയത്. പ്രതിയെ പോക്‌സോ കേസ് ചുമത്താതെ, ലൈംഗികാതിക്രമം എന്ന താരതമ്യേന കുറഞ്ഞ വകുപ്പ് ചുമത്തി ഒരു വര്‍ഷത്തെ തടവുശിക്ഷയ്ക്കാണ് ശിക്ഷിച്ചത്. ശരീരത്തില്‍ നേരിട്ട് സ്പര്‍ശിക്കാത്തതിനാല്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന് വകുപ്പ് മാത്രം ചുമത്താമെന്നായിരുന്നു കോടതിയുടെ വിധിന്യായം.

അറ്റോണി ജനറല്‍ കെ.കെ.വേണുഗോപാല്‍, മഹാരാഷ്ട്ര സര്‍ക്കാര്‍, ദേശീയ വനിതാ കമ്മീഷന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളിലാണ് സുപ്രീംകോടതി ഉത്തരവ്. ബോംബെ ഹൈക്കോടതിയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in