നിരോധിത പുസ്തകം കയ്യില്‍ വെച്ചാല്‍ യു.എ.പി.എ ചുമത്താനാകുമോ? എന്‍.ഐ.എയോട് സുപ്രീംകോടതി

നിരോധിത പുസ്തകം കയ്യില്‍ വെച്ചാല്‍ യു.എ.പി.എ ചുമത്താനാകുമോ? എന്‍.ഐ.എയോട് സുപ്രീംകോടതി

നിരോധിത പുസ്തകം കൈവശം വെക്കുകയോ മുദ്രാവാക്യം വിളിക്കുകയോ ചെയ്യുന്നത് യു.എ.പി.എ വകുപ്പില്‍ കേസെടുക്കാനുള്ള കാരണമാണോ എന്ന് ദേശീയ അന്വേഷണ ഏജന്‍സിയോട് സുപ്രീം കോടതി. പന്തീരാങ്കാവ് യു.എ.പി.എ കേസുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം.

മാവോയിസ്റ്റ് സംഘടനയുമായുള്ള ബന്ധം ആരോപിച്ച് അറസ്റ്റിലായ നിയമ വിദ്യാര്‍ത്ഥി അലന്‍ ഷുഹൈബിന് വിചാരണ കോടതി ജാമ്യം നല്‍കിയിരുന്നു. ഇത് സ്ഥിരീകരിച്ച ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് എന്‍.ഐ.എ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ പ്രതികരണം.

പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ കോടതി അനുവദിച്ച ജാമ്യം റദ്ദാക്കിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത കേസിലെ മറ്റൊരു പ്രധാന പ്രതിയായ ജേര്‍ണലിസം വിദ്യാര്‍ത്ഥി താഹ ഫസല്‍ നല്‍കിയ ഹര്‍ജിയും കോടതിയുടെ മുന്നില്‍ എത്തിയിരുന്നു. ബുധനാഴ്ചയായിരുന്നു കോടതി കേസ് പരിഗണിച്ചത്.

ജസ്റ്റിസുമാരായ അജയ് റസ്തോഗി, അഭയ് ശ്രീനിവാസ് ഓഖ, എന്നവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഒരു വ്യക്തിയില്‍ നിന്ന് നിരോധിത സാഹിത്യം കണ്ടെടുത്താല്‍, നിരോധിത സംഘടനയിയില്‍ അംഗത്വം, മുദ്രാവാക്യം വിളികള്‍ എന്നിവയുടെ പേരില്‍ യു.എ.പി.എ നിയമപ്രകാരം കുറ്റം ചുമത്താനാകുമോ എന്നായിരുന്നു സുപ്രീം കോടതി ദേശീയ അന്വേഷണ ഏജന്‍സിയോട് ചോദിച്ചത്.

ഒരു വ്യക്തിയുടെ വീട്ടില്‍ കണ്ടെത്തിയ വസ്തുക്കളുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഭീകര സംഘടനയിലെ അംഗമാണെന്ന് എങ്ങനെയാണ് അനുമാനിക്കാന്‍ കഴിയുക? പ്രതികള്‍ കുറ്റകരമായ പ്രവര്‍ത്തികള്‍ നടത്തിയെന്ന് തെളിയിക്കുന്നതിന് ആവശ്യമായ വസ്തുക്കള്‍ എവിടെയാണെന്നും ജസ്റ്റിസ് റസ്തോഗി ചോദിച്ചു.

എന്നാല്‍ പിടിച്ചെടുത്ത തെളിവുകളെല്ലാം യു.എ.പി.എ കേസ് നിലനിര്‍ത്താന്‍ പര്യാപ്തമാണെന്ന എന്‍ഐഎയുടെ വാദം അംഗീകരിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി താഹയുടെ ജാമ്യം റദ്ദാക്കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in