
പ്രവാചക നിന്ദയില്‍ ബി.ജെ.പി നേതാവ് നൂപുര്‍ ശര്‍മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ഉദയ്പൂര്‍ കൊലപാതകമടക്കം രാജ്യത്ത് നടന്ന എല്ലാ അനിഷ്ട സംഭവങ്ങള്‍ക്കും ഏക കാരണം നൂപുര്‍ ശര്‍മയാണ്. രാജ്യത്തോട് നൂപുര്‍ ശര്‍മ മാപ്പ് പറയണമെന്നും സുപ്രീം കോടതി പറഞ്ഞു.
ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. പരാമര്‍ശം പിന്‍വലിക്കാന്‍ വൈകി. കോടതിയുടെ പരിഗണനയിലുള്ള വിഷയം എന്തിന് ടി.വി. ചാനലില്‍ പോയി ചര്‍ച്ച ചെയ്തു എന്നും കോടതി ചോദിച്ചു.
മതങ്ങളോട് ഇക്കൂട്ടര്‍ക്ക് പ്രതിബദ്ധതയില്ലെന്നും പ്രകോപനപരമായ സാഹചര്യം ഉണ്ടാക്കാനാണ് ശ്രമിച്ചതെന്നും കോടതി നിരീക്ഷിച്ചു. ഉദയ്പൂരിലെ കൊലപാതകത്തിന് പിന്നിലെ കാരണവും നൂപുര്‍ ശര്‍മയാണെന്നും കോടതി വിമര്‍ശിച്ചു.
തനിക്കെതിരെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലുള്ള കേസുകള്‍ എല്ലാം ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് നൂപുര്‍ ശര്‍മ ഇന്ന് സുപ്രീം കോടതിയെ സമീപിച്ചത്. തനിക്ക് ജീവന് ഭീഷണിയുണ്ട്, അതുകൊണ്ട് പല സംസ്ഥാനങ്ങളിലേക്കും പോയി ഈ കേസുമായി ബന്ധപ്പെട്ട് ഹാജരാകാന്‍ കഴിയില്ലെന്ന് കാണിച്ചാണ് നൂപുര്‍ ശര്‍മ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്.