സുനിത വില്യംസ് ബഹിരാകാശ നിലയത്തില്‍ കുടുങ്ങി; മടങ്ങാന്‍ മാസങ്ങള്‍ വേണ്ടിവരും

സുനിത വില്യംസ് ബഹിരാകാശ നിലയത്തില്‍ കുടുങ്ങി; മടങ്ങാന്‍ മാസങ്ങള്‍ വേണ്ടിവരും
Published on

ബോയിംഗ് സ്റ്റാര്‍ലൈന്‍ പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ഇന്ത്യന്‍ വംശജയായ സുനിത വില്യംസും ബുച്ച് വില്‍മോറും മടങ്ങണമെങ്കില്‍ ഇനിയും സമയമെടുക്കുമെന്ന് സൂചന. സ്റ്റാര്‍ലൈന്‍ പേടകത്തിന്റെ സാങ്കേതികത്തകരാര്‍ പരിഹരിച്ച് ഭൂമിയിലേക്ക് മടങ്ങാന്‍ മാസങ്ങളെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പേടകത്തിന്റെ തകരാര്‍ എന്താണെന്ന് കണ്ടെത്താനുള്ള പഠനങ്ങള്‍ നടന്നു വരികയാണ്. ത്രസ്റ്ററുകള്‍ക്കാണ് തകരാര്‍ കണ്ടെത്തിയത്. തകരാര്‍ കണ്ടെത്താനുള്ള പരീക്ഷണം തന്നെ മൂന്നാഴ്ചയെടുക്കും. തകരാര്‍ കണ്ടെത്തിയാലും അവ പരിഹരിച്ച് സ്റ്റാര്‍ലൈനര്‍ മടക്കയാത്രയ്ക്ക് യോഗ്യമാക്കാന്‍ വീണ്ടും സമയമെടുക്കും. അതുകൊണ്ടുതന്നെ ദൗത്യം നീളാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു.

പേടകത്തിന്റെ 28 ത്രസ്റ്ററുകളില്‍ അഞ്ചെണ്ണത്തിന് തകരാര്‍ നേരിട്ടിരുന്നു. ഇതു മൂലം ബഹിരാകാശ നിലയത്തിലേക്കുള്ള ഡോക്കിംഗിന് ഒരു മണിക്കൂര്‍ കൂടുതല്‍ സമയം എടുത്തിരുന്നു. പിന്നീട് ബോയിംഗ് നാല് ത്രസ്റ്ററുകളുടെ തകരാര്‍ പരിഹരിച്ചു. ഒരെണ്ണത്തിന്റെ തകരാര്‍ കണ്ടെത്താന്‍ കഴിയാത്തതാണ് ദൗത്യത്തിന് നിലവിലുള്ള വെല്ലുവിളി. എട്ടു ദിവസത്തെ ദൗത്യവുമായാണ് സ്റ്റാര്‍ലൈനര്‍ ജൂണ്‍ 6ന് ഐഎസ്എസില്‍ എത്തിയത്. സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് സുനിതയും വില്‍മോറും ബഹിരാകാശനിലയത്തില്‍ തുടരുകയാണ്. ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്യുന്നതിനു മുന്‍പായി ഹീലിയം ചോര്‍ച്ചയുള്‍പ്പെടെ കണ്ടെത്തിയതിനാല്‍ തകരാറുകള്‍ പരിഹരിച്ച ശേഷമേ മടക്കയാത്രയ്ക്ക് നാസ അനുമതി നല്‍കൂ. പലവട്ടം മാറ്റിവെച്ച ശേഷം ജൂണ്‍ 5നാണ് നാസയുടെയും ബോയിംഗിന്റെയും സംയുക്ത ദൗത്യമായ സ്റ്റാര്‍ലൈനര്‍ ഐഎസ്എസിലേക്ക് യാത്ര തിരിച്ചത്. സ്റ്റാര്‍ലൈനറിന്റെ കൊമേഴ്‌സ്യല്‍ ഉപയോഗം സംബന്ധിച്ചുള്ള പരീക്ഷണത്തിനായാണ് സുനിത വീണ്ടും ബഹിരാകാശനിലയത്തില്‍ എത്തിയത്.

മടക്കയാത്ര വൈകിയാലും പ്രശ്‌നങ്ങളില്ലെന്നാണ് നാസ വിശദീകരിക്കുന്നത്. നിലയത്തിലുള്ളവര്‍ക്കുള്ള ഭക്ഷണവും വെള്ളവും ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ സ്റ്റോക്കുണ്ട്. എന്തായാലും അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ അണ്‍ഡോക്ക് ചെയ്ത് മടങ്ങാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. സുനിതയുടെ മടക്കം വൈകിയാലും ആശങ്കപ്പെടാനില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥും വ്യക്തമാക്കി. ബഹിരാകാശ നിലയത്തില്‍ ഇപ്പോള്‍ 9 യാത്രക്കാരുണ്ട്. നിലയത്തില്‍ യാത്രക്കാര്‍ക്ക് ഏറെക്കാലം സുരക്ഷിതമായി തുടരാനാകുമെന്നും സോമനാഥ് വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in