'ഇനി ലോകത്തിന് ആ മുഖം കാണാം'; പുസ്തകത്തിനൊപ്പം വാരിയംകുന്നന്റെ ഫോട്ടോ പ്രകാശിതമാകുന്നു

'ഇനി ലോകത്തിന് ആ മുഖം കാണാം'; പുസ്തകത്തിനൊപ്പം വാരിയംകുന്നന്റെ ഫോട്ടോ പ്രകാശിതമാകുന്നു

തിരക്കഥാകൃത്ത് റമീസിന്റെ പുസ്തകം 'സുല്‍ത്താന്‍ വാരിയംകുന്നന്‍' ഇന്ന് പ്രകാശനം ചെയ്യും. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്ര പുസ്തകത്തില്‍ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുസ്തകത്തിന്റെ മുഖചിത്രം വാരിയംകുന്നന്റെ യഥാര്‍ത്ഥ ചിത്രമായിരിക്കും.

ഫ്രഞ്ച് ആര്‍ക്കൈവുകളില്‍ നിന്നാണ് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ത്ഥ ഫോട്ടോ ലഭിച്ചതെന്ന് നേരത്തെ റമീസ് വെളിപ്പടുത്തിയിരുന്നു. വാരിയംകുന്നനെ സംബന്ധിച്ച ഗവേഷണത്തിനിടെ, അദ്ദേഹം അമേരിക്കയിലേക്ക് അയച്ച സന്ദേശവും, ബ്രിട്ടണ്‍, ഓസ്റ്റ്രേലിയ, ഫ്രാന്‍സ്, യു എസ് എ, കാനഡ, സിംഗപ്പൂര്‍ മുതലായ അനേകം രാജ്യങ്ങളുടെ ന്യൂസ് ആര്‍ക്കൈവുകളില്‍ വാരിയംകുന്നനെയും അദ്ദേഹത്തിന്റെ പോരാട്ടത്തെയും പരാമര്‍ശിക്കുന്ന ഒട്ടനവധി രേഖകളും ഫോട്ടോകളും കണ്ടെത്താന്‍ സാധിച്ചു. വാരിയംകുന്നനും അദ്ദേഹത്തിന്റെ സമരവും എത്രമാത്രം അന്താരാഷ്ട്രശ്രദ്ധ കരസ്ഥമാക്കിയിരുന്നു എന്നതിന്റെ നേര്‍ചിത്രമാണ് തങ്ങള്‍ക്ക് ലഭിച്ച രേഖകളെന്നും റമീസ് പറഞ്ഞിരുന്നു.

മലപ്പുറം ടൗണ്‍ഹാളില്‍ വൈകിട്ട് നാലിനാകും പുസ്തക പ്രകാശനമെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ ഹര്‍ഷാദ് അറിയിച്ചു. ഋതുക്കള്‍ മാറി. തലമുറകള്‍ മാറി. ലോകക്രമമാകെ മാറി. വര്‍ഷം നൂറ് കഴിഞ്ഞു. മുന്‍ തലമുറയുടെ തുല്യതയില്ലാത്ത പോരാട്ടങ്ങളുടെ വസ്തുതകളും രേഖകളും തേടി പലരും നടന്നു. അങ്ങിനെ വാരിയംകുന്നന്റെയും കൂട്ടരുടെയും കാലങ്ങളായി മറക്കപ്പെട്ട അനേകം രേഖകള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി കണ്ടെടുക്കപ്പെടുകയായി . പ്രിയ സ്‌നേഹിതനും വാരിയംകുന്നന്‍ എന്ന സിനിമയുടെ എഴുത്ത് പങ്കാളിയുമായ റമീസ് അതൊരു ഗംഭീര പുസ്തകമാക്കി. അതില്‍ പ്രധാനം സുല്‍ത്താന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മുഖമാണെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഹര്‍ഷാദ് പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം:

' നാട്ടാരേ... ഇന്ന് ഉച്ചക്ക് മഞ്ചേരി നാലും കൂടിയ കവലയില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയുടെ നേതൃത്വത്തില്‍ പുതിയ രാജ്യത്തിന്റെ പ്രഖ്യാപനം! എല്ലാ നാട്ടുകാരും പുതുവസ്ത്രങ്ങള്‍ അണിഞ്ഞ് വരിക. വീട്ടിലെ പെണ്ണുങ്ങളെയും കുട്ടികളെയും കൂട്ടുക''.

1921 ഓഗസ്റ്റ് 25 ന് മഞ്ചേരിയില്‍ മുഴങ്ങിയ വിളമ്പരത്തിലെ ചില വരികളാണിത്! അന്ന് ആബാലവ്യദ്ധം ജനങ്ങള്‍ അവര്‍ക്ക് കേട്ടറിവ് മാത്രമുള്ള വാരിയംകുന്നനെ കാണാനായി പുതുവസ്ത്രങ്ങളണിഞ്ഞ് ഒത്തുകൂടി. അവര്‍ അവരുടെ രാജ്യപ്രഖ്യാപനത്തിന് സാക്ഷിയായി, അവരുടെ നേതാവിനെ അവര്‍ കണ്‍കുളിര്‍ക്കെ കണ്ടു. തന്റെ നീണ്ട രാജ്യപ്രഖ്യാപന പ്രസംഗത്തില്‍ അദ്ദേഹം ജനങ്ങളോട് പറഞ്ഞു: നിങ്ങളുടെ ചുമതല ആലി മുസ്ലിയാര്‍ എന്നെ ഏല്‍പിച്ചിരിക്കുന്നു. നിങ്ങള്‍ക്കെന്നെ എന്ത് വേണമെങ്കിലും വിളിക്കാം. ജനം അദ്ദേഹത്തെ സുല്‍ത്താന്‍ എന്ന് ഉറക്കെ വിളിച്ചു.

അഞ്ച് മാസത്തോളം നീണ്ട ഭരണത്തിനും പോരാട്ടത്തിനും ശേഷം വാരിയംകുന്നന്റെ രാജ്യം ഇല്ലാതായി. അദ്ദേഹം കൊല്ലപ്പെട്ടു. വാരിയംകുന്നന്റെ ഓര്‍മ്മകള്‍ പോലും നിഷിധമാക്കിയ ബ്രിട്ടീഷ് സാമ്രാജ്യം അദ്ദേഹവുമായി ബന്ധപ്പെട്ട സകലരേഖകളും നശിപ്പിച്ചു. മയ്യിത്ത് കത്തിച്ച് ചാരമാക്കി പറത്തി.

ഋതുക്കള്‍ മാറി. തലമുറകള്‍ മാറി. ലോകക്രമമാകെ മാറി. വര്‍ഷം നൂറ് കഴിഞ്ഞു. മുന്‍ തലമുറയുടെ തുല്യതയില്ലാത്ത പോരാട്ടങ്ങളുടെ വസ്തുതകളും രേഖകളും തേടി പലരും നടന്നു. അങ്ങിനെ വാരിയംകുന്നന്റെയും കൂട്ടരുടെയും കാലങ്ങളായി മറക്കപ്പെട്ട അനേകം രേഖകള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി കണ്ടെടുക്കപ്പെടുകയായി . പ്രിയ സ്‌നേഹിതനും വാരിയംകുന്നന്‍ എന്ന സിനിമയുടെ എഴുത്ത് പങ്കാളിയുമായ റമീസ് അതൊരു ഗംഭീര പുസ്തകമാക്കി. അതില്‍ പ്രധാനം സുല്‍ത്താന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മുഖം !

അതേ.. നാളെമുതല്‍ ലോകത്തിന് ആ മുഖം കാണാം. നിങ്ങളും വരിക. നാളെ വൈകിട്ട് മണിക്ക് മലപ്പുറം ടൗണ്‍ ഹാളില്‍.

Related Stories

No stories found.
logo
The Cue
www.thecue.in