രാമനുള്ള ഉപാധികള്‍ ഇവയാണ്, പത്ത് മീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡ്, നാല് പാപ്പാന്‍മാര്‍...... 

രാമനുള്ള ഉപാധികള്‍ ഇവയാണ്, പത്ത് മീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡ്, നാല് പാപ്പാന്‍മാര്‍...... 

തൂശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ കര്‍ശന ഉപാധികളോടെ കളക്ടര്‍ അനുമതി നല്‍കി. ആന ഉടമകളുടെ സമ്മര്‍ദ്ദത്തിനും 'ആന- പൂര പ്രേമികളുടെ' ആവശ്യത്തിനും വഴങ്ങി സര്‍ക്കാര്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തിന് പങ്കെടുപ്പിക്കാനുള്ള തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. ഇതോടെ പൂര വിളംബരത്തിന് ഒരു മണിക്കൂര്‍ നേരത്തേക്ക് മാത്രം ആനയെ എഴുന്നള്ളിക്കാന്‍ കളക്ടര്‍ ടിവി അനുപമ അധ്യക്ഷയായ സമിതി അനുമതി നല്‍കുകയായിരുന്നു. ആനയ്ക്ക് കുഴപ്പമില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും സമിതി പരിഗണിച്ചു. ഉപാധികളോടെ ആനയെ എഴുന്നള്ളിക്കാമെന്ന് കഴിഞ്ഞ ദിവസം നിയമോപദേശവും ലഭിച്ചിരുന്നു

മൃഗസംരക്ഷമ ബോര്‍ഡ് അംഗവും കളക്ടര്‍ ഉള്‍പ്പെടുന്ന നാട്ടാന നിരീക്ഷണ സമിതിയിലെ അംഗവുമായ എംഎന്‍ ജയചന്ദ്രന്‍ തന്റെ വിയോജന കുറിപ്പോടെയാണ് സമിതി രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കിയതെന്നും പറയുന്നു. ആന ഉടമകളുടെ സംഘടനയുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ അനുകൂല സമീപനം ഉണ്ടായതോടെ പൂരത്തിന് ആനയെ വിട്ടുനല്‍കില്ലെന്ന തീരുമാനം കഴിഞ്ഞ ദിവസം തന്നെ സംഘടനഭാരവാഹികള്‍ പിന്‍വലിച്ചിരുന്നു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ കളക്ടര്‍ അനുമതി നല്‍കിയത് കര്‍ശന ഉപാധികളോടെയാണ്. ഇവയാണ് ഉപാധികള്‍.

പൂര വിളംബരത്തിന് ഒരു മണിക്കൂര്‍ നേരത്തേക്ക് മാത്രം ആനയെ എഴുന്നള്ളിക്കാം

രാവിലെ 9.30 മുതല്‍ 10.30 വരെയാണ് അനുവദിച്ചിട്ടുള്ള സമയം

നാല് പാപ്പാന്‍മാരുടെ സംരക്ഷണയിലാണ് ആനയെ കൊണ്ടുവരേണ്ടത്.

ആനയുടെ പത്തു മീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡ് വെയ്ക്കണം.

ആനയുടെ അടുത്തുനില്‍ക്കാന്‍ പൊതുജനങ്ങളെ അനുവദിക്കില്ല.

ക്ഷേത്ര പരിസരത്തെ ചടങ്ങിന് മാത്രമെ രാമചന്ദ്രനെ ഉപയോഗിക്കാവു.

എന്ത് അനിഷ്ടസംഭവമുണ്ടായാലും പൂര്‍ണ ഉത്തരവാദിത്തം ആന ഉടമയ്ക്കായിരിക്കും.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന്റെ ആനയാണ്. എന്തുവന്നാലും ആനയുടെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് ദേവസ്വം അംഗങ്ങള്‍ അറിയിച്ചിരുന്നു.

കഴിഞ്ഞ ആറ് വര്‍ഷമായി തൃശൂര്‍ പൂരത്തോട് അനുബന്ധിച്ച് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. ഇക്കുറി തെച്ചിക്കോട്ടുകാവ് ദേവീദാസന്‍ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പുമായി വടക്കുംനാഥനില്‍ എത്തും. തിടമ്പ് രാമചന്ദ്രന് കൈമാറും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തെക്കേഗോപുര നടയുടെ വാതില്‍ തുറന്നു വിളംബരം നടത്തും. ഇതാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in