
മന്ത്രിമാരുടെ വകുപ്പുകളും സത്യപ്രതിജ്ഞയുമെല്ലാം കഴിഞ്ഞാല്‍ പിന്നെ ചര്‍ച്ച നീളാറ് അവരുടെ വാഹന നമ്പറിലേക്കും ഔദ്യോഗിക വസതിയിലേക്കുമാണ്. അതില്‍ പ്രധാനമാണ് മന്‍മോഹന്‍ ബംഗ്ലാവും, പതിമൂന്നാം നമ്പര്‍ കാറും ആരേറ്റെടുക്കുന്നുവെന്നത്.
'ലക്ഷണം കെട്ട നമ്പര്‍' എന്നാണ് പതിമൂന്നിനെ പറയുന്നതെങ്കില്‍ മന്‍മോഹന്‍ ബംഗ്ലാവില്‍ താമസിക്കുന്നവര്‍ 'അധികം വാഴില്ലെന്നാണ' മറ്റൊരു അന്ധവിശ്വാസം. എന്നാല്‍ ഈ രണ്ട് അന്ധവിശ്വാസങ്ങളെയും പൊളിച്ചാണ് മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക് പടിയിറങ്ങിയത്. മന്‍മോഹന്‍ ബംഗ്ലാവും 13ാം നമ്പര്‍ കാറും ധനമന്ത്രി ചോദിച്ച് വാങ്ങുകയായിരുന്നു.
ഇക്കുറി പതിമൂന്നാം നമ്പര്‍ കാര്‍ കൃഷി മന്ത്രി പി പ്രസാദാണ് ചോദിച്ചു വാങ്ങിയത്. ഐസക് താമസിച്ചിരുന്ന മന്‍മോഹന്‍ ബംഗ്ലാവ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനാണ് നല്‍കിയിരിക്കുന്നത്.
അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കില്ലെന്ന കെട്ടുകഥ ഐസക് പൊളിച്ചതോടെ മന്‍മോഹന്‍ ബംഗ്ലാവിനെ ചുറ്റിപറ്റി പിന്നെയും കഥകള്‍ പടരുന്നുണ്ട്. മന്‍മോഹനില്‍ താമസിക്കുന്നവര്‍ പിന്നെ നിയമസഭ കാണില്ലെന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. ഐസകിന് ഇത്തവണ സീറ്റും പോലും ലഭിച്ചില്ലല്ലോ എന്നും ഇവര്‍ ചോദിക്കുന്നു. ഐസക് പക്ഷേ ഇതെല്ലാം ചിരിച്ചു തള്ളുക മാത്രമേ ചെയ്യുകയുള്ളൂ.
എന്തുകൊണ്ടാണ് മന്‍മോഹന്‍ ബംഗ്ലാവിന് പിന്നില്‍ അന്ധവിശ്വാസങ്ങളുടെ അനേകം കഥകള്‍ പ്രചരിക്കുന്നത്? മന്‍മോഹന്‍ ബംഗ്ലാവില്‍ താമസിച്ച രാഷ്ട്രീയക്കാര്‍ അടിക്കടി വിവാദങ്ങളില്‍ പെട്ടതും, പലര്‍ക്കും രാജിവെച്ച് പടിയിറങ്ങേണ്ടി വന്നതും ബംഗ്ലാവ് രാഷ്ട്രീയക്കാര്‍ക്ക് 'രാശിയില്ലാത്ത' ഇടമാണെന്ന കഥ വ്യാപകമായി പ്രചരിക്കാന്‍ കാരണമായി.
ശ്രീമൂലം നിരുനാളാണ് മന്‍മോഹന്‍ ബംഗ്ലാവ് നിര്‍മ്മിച്ചത്. ആദ്യമായി ഈ ബംഗ്ലാവില്‍ താമസിക്കുന്നത് മന്ത്രി പി.എസ് നടരാജ പിള്ളയായിരുന്നു. തിരുവിതാംകൂര്‍ മന്ത്രിസഭയുടെ കാലത്തായിരുന്നു ഇത്. പക്ഷേ താമസത്തിന് അത്ര പ്രൗഢി വേണ്ടെന്ന് തീരുമാനിച്ച നടരാജപിള്ള മന്‍മോഹന്‍ ബംഗ്ലാവ് ഓഫീസാക്കുകയും താമസം ഒരു ചെറിയ വീട്ടിലേക്ക് മാറ്റുകയും ചെയ്തു.
എ.കെ ജോണ്‍, കേരള കോണ്‍ഗ്രസ് നേതാവായിരുന്ന ആര്‍.ബാലകൃഷ്ണ പിള്ള, കെ.കരുണാകരന്‍ തുടങ്ങി പ്രബല രാഷ്ട്രീയ നേതാക്കളെല്ലാം മന്‍മോഹന്‍ ബംഗ്ലാവില്‍ താമസിച്ചിട്ടുണ്ട്.
മന്ത്രി ആര്‍.ബാലകൃഷ്ണ പിള്ള ശനിയുടെ അപഹാരം മാറ്റാന്‍ ബംഗ്ലാവില്‍ വാസ്തു പൂജ ഉള്‍പ്പെടെ നടത്തിയിരുന്നു.
മന്‍മോഹന്‍ ബംഗ്ലാവില്‍ താമസിച്ച എ.കെ ജോണിന് ബംഗ്ലാവും സ്ഥാനവും പെട്ടെന്ന് ഒഴിയേണ്ടി വന്നിരുന്നു. കരുണാകരന്‍ ആഭ്യന്തര മന്ത്രിയായി മന്‍മോഹന്‍ ബംഗ്ലാവില്‍ കാലാവധി തികച്ചിരുന്നു. പക്ഷേ മുഖ്യമന്ത്രിയായി ഒരു മാസത്തിനുള്ളില്‍ കരുണാകരനും ബംഗ്ലാവില്‍ നിന്നിറങ്ങേണ്ടി വന്നു.
ആര്‍.ബാലകൃഷ്ണ പിള്ളയ്ക്ക് വിനയായത് പഞ്ചാബ് മോഡല്‍ പ്രസംഗമാണ്. ഇതോടെ മന്‍മോഹന്‍ ബംഗ്ലാവില്‍ താമസിച്ച ബാലകൃഷ്ണ പിള്ളയ്ക്കും സ്ഥാനമൊഴിയേണ്ടി വന്നു.
പിന്നീട് വി.എസ് സര്‍ക്കാരിന്റെ കാലത്ത് കോടിയേരി ബാലകൃഷ്ണനാണ് മന്‍മോഹന്‍ ബംഗ്ലാവില്‍ താമസിച്ചത്. കോടിയേരി ബംഗ്ലാവില്‍ താമസം തുടങ്ങിയതിന് പിന്നാലെ വീടിനും ഗേറ്റിനും മാറ്റങ്ങള്‍ വരുത്താന്‍ 17.40 ലക്ഷം രൂപ ചെലവിട്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നു. ഇതിന് പിന്നാലെ കോടിയേരി മന്‍മോഹന്‍ ബംഗ്ലാവില്‍ നിന്നും താമസം സമീപത്തെ ഫ്‌ളാറ്റിലേക്ക് മാറ്റുകയും ചെയ്തു.
പിന്നീട് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കാന്‍ ബംഗ്ലാവ് പരിഗണിച്ചെങ്കിലും നടന്നില്ല. നവംബറില്‍ പൊതുമരാമത്ത് മന്ത്രി ടി.യു കുരുവിള മന്‍മോഹന്‍ ബംഗ്ലാവില്‍ താമസം ആരംഭിച്ചു. എന്നാല്‍ ഭൂമിയിടപാടിലെ ക്രമക്കേടിന്റെ പേരില്‍ 2007 സെപ്തംബറില്‍ കുരുവിളയ്ക്ക് രാജിവെക്കേണ്ടി വന്നു.
പകരം മന്ത്രിയായ മോന്‍സ് ജോസഫിന് ഈ കെട്ടിടം അനുവദിച്ചെങ്കിലും പി.ജെ ജോസഫ് കുറ്റവിമു്ക്തനായി തിരിച്ചുവന്നതോടെ മന്ത്രി മന്ദിരം മോന്‍സ് ജോസഫിന് ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു.
2010ല്‍ എല്‍ഡിഎഫില്‍ നിന്നും യുഡിഎഫിലേക്ക് മാറിയ പിജെ ജോസഫ് മന്ത്രിപദം രാജിവെച്ച് ബംഗ്ലാവ് ഒഴിഞ്ഞു.
പിന്നീട് 2011ല്‍ മന്‍മോഹന്‍ ബംഗ്ലാവില്‍ താമസിച്ചത് ആര്യാടന്‍ മുഹമ്മദാണ്. സോളാര്‍ കേസില്‍ നിരവധി ആരോപണങ്ങള്‍ നേരിട്ടെങ്കിലും ആര്യാടന്‍ കാലാവധി പൂര്‍ത്തിയാക്കി.