ശ്രീറാമിന്റെയും വഫയുടെയും ലൈസന്‍സ് ഇന്ന് സസ്‌പെന്‍ഡ് ചെയ്യും; വൈകിയത് നടപടി പൂര്‍ത്തിയാവാത്തതിനാലെന്ന് മോട്ടോര്‍ വാഹനവകുപ്പ്

ശ്രീറാമിന്റെയും വഫയുടെയും ലൈസന്‍സ് ഇന്ന് സസ്‌പെന്‍ഡ് ചെയ്യും; വൈകിയത് നടപടി പൂര്‍ത്തിയാവാത്തതിനാലെന്ന് മോട്ടോര്‍ വാഹനവകുപ്പ്

മാധ്യമപ്രവര്‍ത്തകന്‍ ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ എസിന്റെയും വഫ ഫിറോസിന്റെയും ലൈസന്‍സ് ഇന്ന് സസ്‌പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍വാഹനവകുപ്പ്. അപകടമുണ്ടാക്കിയതിനെത്തുടര്‍ന്ന് ഇരുവരുടെയും ലൈസന്‍സ് റദ്ദാക്കുമെന്ന് കാണിച്ച് നോട്ടീസ് അയച്ചിരുന്നു.രണ്ടാഴ്ച കഴിഞ്ഞിട്ടും ഇരുവരും മറുപടി നല്‍കിയിരുന്നില്ല. വഫ ഫിറോസിനെ കണ്ടെത്തിയില്ലെന്നും ശ്രീറാം നോട്ടീസ് കൈപ്പറ്റിയില്ലെന്നുമായിരുന്നു വകുപ്പിന്റെ വിശദീകരണം.

നിയമനടപടി പൂര്‍ത്തിയാകാത്തതിനാലാണ് നടപടി വൈകിയതെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് നല്‍കുന്ന വിശദീകരണം. ലൈസന്‍സ് റദ്ദാക്കാനാവില്ല. തുടര്‍ച്ചയായി നിയമലംഘനം നടത്തിയാലാണ് റദ്ദാക്കുക. സസ്‌പെന്‍ഡ് ചെയ്യുന്നതിന് മുമ്പ് ഇരുവരുടെയും വാദം കേള്‍ക്കണം. ശ്രീറാമിന്റെ പേഴ്‌സണല്‍ സ്റ്റാഫാണ് നോട്ടീസ് കൈപ്പറ്റിയത്. വഫ ഫിറോസിനെ വാടക വീട്ടില്‍ കണ്ടെത്താനായില്ലെന്നും വകുപ്പ് വാദിക്കുന്നു.

നടപടിയെടുക്കുന്നതിന് മുമ്പ് അപകടത്തിന് കാരണായ കാര്‍ പരിശോധിക്കണം. ഇതിനായി മൂന്ന് ദിവസം മുമ്പാണ് പോലീസ് അപേക്ഷ നല്‍കിയത്. ഈ റിപ്പോര്‍ട്ടും ശ്രീറാമിന്റെ മറുപടിയും ലഭിച്ചാലാണ് സസ്‌പെന്‍ഡ് ചെയ്യുക. അമിത വേഗത്തിനും കാറില്‍ കറുത്ത ഗ്ലാസ് ഒട്ടിച്ചതിനുമാണ് വഫ ഫിറോസിന് നോട്ടീസ് നല്‍കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in