കടക്കെണിയിലാക്കി ഗത്യന്തരമില്ലാതെ പുറത്തേക്ക്; ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചു

കടക്കെണിയിലാക്കി ഗത്യന്തരമില്ലാതെ പുറത്തേക്ക്; ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചു

സ്വാതന്ത്ര്യം കണ്ടതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിക്കിടെ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചു. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശ്രീലങ്കയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രസിഡന്റ് ഗോതബായ രജപക്‌സയ്ക്കും പ്രധാനമന്ത്രി മഹീന്ദ രജപക്‌സയ്ക്കും മുകളില്‍ രാജിവെക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. മാസങ്ങളായി കൊളംബോയില്‍ വലിയ പ്രതിഷേധങ്ങളാണ് നടന്നുവരുന്നത്.

സര്‍ക്കാരിനെതിരായ സമരക്കാര്‍ ടെന്റ് കെട്ടി പ്രതിഷേധം നടത്തിവരികയായിരുന്നു. ഇതിനിടയില്‍ ഇന്ന് കൊളംബോയില്‍ സമരക്കാരെ മഹിന്ദ അനുകൂലികള്‍ ആക്രമിച്ചു. ഇത് വലിയ വിമര്‍ശനത്തിനും സംഘര്‍ഷത്തിനും ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജിയെന്നാണ് വിവരം. പ്രധാനമന്ത്രിക്ക് പിന്നാലെ മന്ത്രിമാരും രാജിവെക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

സംഘര്‍ഷത്തിന് പിന്നാലെ ശ്രീലങ്കയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. സര്‍ക്കാരിനെതിരായ സമരക്കാരും മഹിന്ദ അനുകൂലികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ 78 ഓളം പേര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫോറിന്‍ റിസര്‍വ് കാലിയാകാറായതോട് കൂടി ആവശ്യ വസ്തുക്കള്‍ പോലും ഇറക്കുമതി ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ശ്രീലങ്ക ഇപ്പോഴുള്ളത്. ഇന്ധന ക്ഷാമത്തിന്റെയും ഭക്ഷ്യ ക്ഷാമത്തിന്റെയും പ്രധാന കാരണങ്ങളിലൊന്ന് ഇറക്കുമതി നടക്കുന്നില്ല എന്നതാണ്.

പരീക്ഷാ പേപ്പര്‍ വാങ്ങാന്‍ പണമില്ലാത്തതുകൊണ്ട് എക്‌സാമുകളെല്ലാം റദ്ദാക്കുന്ന സ്ഥിതിയിലേക്ക് വരെ ശ്രീലങ്ക എത്തിയിരുന്നു. രാജ്യത്തിന്റെ ജിഡിപിയുടെ 110 ശതമാനമാനത്തിലധികമാണ് ശ്രീലങ്കയുടെ പൊതു കടം.

2008 മുതലുള്ളതില്‍ ഏറ്റവും വലിയ നാണ്യപ്പെരുപ്പമാണ് ശ്രീലങ്ക ഇപ്പോള്‍ നേരിടുന്നത്. ഇതിനോടകം ചൈന, ഇന്ത്യ, ജപ്പാന്‍, ലോക ബാങ്ക്, ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശ്രീലങ്ക കടമെടുത്തിട്ടുണ്ട്. 2007 മുതലുള്ള രാജ്യത്തിന്റെ സോവറിന്‍ ബോണ്ട് വഴിയുള്ള കടം മാത്രം 11.8 ബില്ല്യണ്‍ ഡോളറാണ്.

Related Stories

No stories found.
logo
The Cue
www.thecue.in