കോടതിയാണ് ശരിയും തെറ്റും വിധിക്കേണ്ടത് അതിന് ശേഷം മാത്രം പ്രതികരണം; ബലാത്സംഗക്കേസില്‍ ശ്രീകാന്ത് വെട്ടിയാര്‍

കോടതിയാണ് ശരിയും തെറ്റും വിധിക്കേണ്ടത് അതിന് ശേഷം മാത്രം പ്രതികരണം; ബലാത്സംഗക്കേസില്‍ ശ്രീകാന്ത് വെട്ടിയാര്‍

തനിക്കെതിരായ ബലാത്സംഗക്കേസില്‍ കോടതി വിധിയ്ക്ക് ശേഷം പ്രതികരിക്കുമെന്ന് വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍. 'എനിക്കുമേല്‍ ആരോപിക്കപ്പെട്ട കുറ്റം നിയമപരമായി നേരിടുകയാണ്. കോടതിയാണ് ശരിയും തെറ്റും വിധിക്കേണ്ടത്. കോടതി മുഖേന സത്യവും നിങ്ങള്‍ അറിയും. നിയമം സത്യസന്ധമായി തന്നെ മുന്നോട്ട് പോവും. നീതി ന്യായ വ്യവസ്ഥയില്‍ എനിക്ക് വിശ്വാസമുണ്ട്,'' ശ്രീകാന്ത് വെട്ടിയാര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടയായിരുന്നു പ്രതികരണം.

ലൈംഗികാതിക്രമ പരാതിയ്ക്ക് പിന്നാലെ ഒളിവിലായിരുന്ന ശ്രീകാന്ത് വെട്ടിയാര്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. ഹൈക്കോടതി ശ്രീകാന്ത് വെട്ടിയാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

കൊച്ചിയിലെ ഫ്‌ളാറ്റിലും ഹോട്ടലിലും വെച്ച് ശ്രീകാന്ത് വെട്ടിയാര്‍ യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി. സാമ്പത്തികമായി ചൂഷണം ചെയ്തു, മാനസികമായും വൈകാരികമായും ഉപദ്രവിച്ചുവെന്നും യുവതി ആരോപിച്ചിരുന്നു.

യുവതി തന്റെ സുഹൃത്താണെന്നായിരുന്നു ശ്രീകാന്ത് വെട്ടിയാറിന്റെ വാദം. ബലാത്സംഗ ആരോപണം നിലനില്‍ക്കില്ലെന്നും ശ്രീകാന്ത് വെട്ടിയാര്‍ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പെണ്‍കുട്ടി എന്റെ പേരില്‍ കുറ്റം ആരോപിച്ചു. അത് മാത്രമാണ് എല്ലാവര്‍ക്കും അറിയാവുന്നത്. ആ ആരോപണത്തെ ഏറ്റെടുത്ത് മാധ്യമങ്ങള്‍ ആഘോഷവുമാക്കി.

സത്യം എന്താണെന്ന് നിങ്ങളില്‍ ഒരാള്‍ക്ക് പോലും അറിയില്ല. സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ നോക്കി വിധി പറയുന്ന ഭൂരിപക്ഷത്തോട് എന്റെ ഭാഗം പറഞ്ഞാല്‍ ആരാണ് വിശ്വാസത്തിലെടുക്കുക.

അതുകൊണ്ട് എനിക്കുമേല്‍ ആരോപിക്കപ്പെട്ട കുറ്റം നിയമപരമായി നേരിടുകയാണ്. കോടതിയാണ് ശരിയും തെറ്റും വിധിക്കേണ്ടത്. കോടതി മുഖേന സത്യവും നിങ്ങള്‍ അറിയും. ഏതെങ്കിലും വിധേന കേസില്‍ നിന്ന് ഊരി പോരാനുള്ള സാമ്പത്തിക ശേഷിയോ, പിടിപാടോ എനിക്കില്ല. എതിര്‍ കക്ഷിക്ക് കിട്ടുന്ന ഭൂരിപക്ഷ സപ്പോര്‍ട്ടും എനിക്കില്ല. അതിനാല്‍ ഞാന്‍ കേസ് അട്ടിമറിക്കും എന്നൊരു ചിന്തയും വേണ്ട

നിയമം സത്യസന്ധമായി തന്നെ മുന്നോട്ട് പോവും. നീതി ന്യായ വ്യവസ്ഥയില്‍ എനിക്ക് വിശ്വാസമുണ്ട്. ബഹുമാനപ്പെട്ട കോടതിയുടെ വിധിക്ക് ശേഷം ഇതിനെപ്പറ്റി ഞാന്‍ സംസാരിക്കാം.

ആള്‍ക്കൂട്ട ആക്രമണങ്ങളും, തെറിവിളികളും തുടര്‍ന്നുകൊള്ളുക. കമന്റ് ബോക്‌സ് ഓഫ് ചെയ്തിട്ടില്ല. ഓരോരുത്തര്‍ക്കും സംതൃപ്തി വരുംവരെ ആക്രമിച്ചുകൊള്ളുക...

Related Stories

No stories found.
logo
The Cue
www.thecue.in