മുല്ലപ്പള്ളിക്കും ചെന്നിത്തലക്കുമൊപ്പം കോണ്‍ഗ്രസ് വെബിനാറില്‍ ശ്രീജിത്ത് പണിക്കര്‍; പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറ്റം

മുല്ലപ്പള്ളിക്കും ചെന്നിത്തലക്കുമൊപ്പം കോണ്‍ഗ്രസ് വെബിനാറില്‍ ശ്രീജിത്ത് പണിക്കര്‍; പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറ്റം

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ക്കൊപ്പം കോണ്‍ഗ്രസ് വെബിനാറില്‍ ചാനല്‍ ചര്‍ച്ചകളില്‍ സംഘ് പരിവാര്‍ അനുകൂല നിലപാട് സ്വീകരിക്കാറുള്ള ശ്രീജിത്ത് പണിക്കറും. ജവഹര്‍ ബാല്‍ മഞ്ചിന്റെ കുട്ടികള്‍ക്ക് വേണ്ടിയുള്ള സംവാദത്തിലായിരുന്നു ശ്രീജിത്ത് പണിക്കരെയും ഉള്‍പ്പെടുത്തിയത്. രാഷ്ട്രീയ നിരീക്ഷകനായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ശ്രീജിത്ത് പണിക്കര്‍ രാഹുല്‍ഗാന്ധിയെ വിമര്‍ശിക്കുന്ന ആളാണെന്നും പരിപാടിയില്‍ പങ്കെടുപ്പിക്കരുതെന്നും കുട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. മുതിര്‍ന്ന നേതാക്കളും പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെ ശ്രീജിത്ത് പണിക്കരെ ഒഴിവാക്കി.

ഓഗസ്ത് 5 മുതല്‍ 19 വരെയാണ് കുട്ടികള്‍ക്ക് വേണ്ടി വെബിനാര്‍ സംഘടിപ്പിച്ചിട്ടുള്ളത്. 300 കുട്ടികള്‍ക്കാണ് സൂം മീറ്റിംഗില്‍ പങ്കെടുക്കാനുള്ള അവസരം. 15 ദിവസം നീണ്ടു നില്‍ക്കുന്ന ചര്‍ച്ചയില്‍ 15 വിഷയങ്ങളിലായി 15 വ്യക്തികള്‍ സംസാരിക്കുമെന്നാണ് പോസ്റ്റര്‍. കെ മുരളീധരന്‍ എംപി, എംഎം ഹസന്‍, രമ്യ ഹരിദാസ് എംപി, വിടി ബല്‍റാം എംഎല്‍എ, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ഗായകന്‍ ജി വേണുഗോപാല്‍, നടന്‍ വിനു മോഹന്‍ എന്നിവരും വെബിനാറില്‍ പങ്കെടുക്കുന്നുണ്ട്.

ശ്രീജിത്തിനെ ഒഴിവാക്കിയ പോസ്റ്റര്‍
ശ്രീജിത്തിനെ ഒഴിവാക്കിയ പോസ്റ്റര്‍

ജവഹര്‍ ബാല്‍ മഞ്ചിന്റെ ചെയര്‍മാന്‍ ജി വി ഹരിയുടെ വിശദീകരണം

പരിപാടിയുടെ പോസ്റ്ററില്‍ ശ്രീജിത്ത് പണിക്കരുടെ ഫോട്ടോ കണ്ടപ്പോള്‍ കുട്ടികളില്‍ പലരും വിയോജിപ്പ് അറിയിച്ചു. രാഹുല്‍ ഗാന്ധിയെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്ന ആളാണ് ശ്രീജിത്ത് പണിക്കരെന്നതായിരുന്നു അവരുടെ പ്രശ്‌നം. ഫേസ്ബുക്ക് പോസ്റ്റുകളും എടുത്ത് അയച്ചിരുന്നു. വെബിനാറില്‍ പങ്കെടുക്കുന്നവരുടെ പട്ടിക തയ്യാറാക്കുമ്പോള്‍ കമ്മിറ്റിയിലും വിയോജിപ്പ് ഉയര്‍ന്നിരുന്നു. സംവാദങ്ങളില്‍ നന്നായി പങ്കെടുക്കുന്ന ആളാണ് ശ്രീജിത്ത് എന്ന് വിശദീകരിച്ചതോടെ സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. 14 ജില്ലകളില്‍ നിന്നും കുട്ടികളും കോര്‍ഡിനേറ്റര്‍മാരും എതിര്‍പ്പ് അറിയിച്ചു. തുടര്‍ന്ന് ശ്രീജിത്തിനെ വിളിച്ചു. വാട്‌സ്ആപ്പില്‍ കുട്ടികളുടെ സന്ദേശങ്ങളും അയച്ചു കൊടുത്തു. പിന്‍മാറാമെന്ന് ശ്രീജിത്ത് അറിയിച്ചു. മാറ്റണമെന്ന് നേതാക്കള്‍ ആരും ആവശ്യപ്പെട്ടില്ലെങ്കിലും വിവാദത്തിലേക്ക് പോകുന്നുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. കോണ്‍ഗ്രസിലെ നേതാക്കളില്‍ പലരും ശ്രീജിത്ത് പണിക്കരുടെ സുഹൃത്തുക്കളാണ്. മുതിര്‍ന്ന നേതാക്കള്‍ അതൃപ്തി അറിയിച്ചിട്ടില്ല. ശ്രീജിത്ത് പണിക്കര്‍ പങ്കെടുക്കുന്നതില്‍ നേതാക്കള്‍ക്ക് ആര്‍ക്കും പ്രശ്‌നമുണ്ടാകില്ല.

രാഷ്ട്രീയേതരം എന്ന് പറഞ്ഞാണ് പരിപാടിയിലേക്ക് ക്ഷണിച്ചതാണെന്ന് ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്കില്‍ വിശദീകരിച്ചു. സംഘിയാണെങ്കില്‍ തന്നെ എന്തിനാണ് പരിപാടിയിലേക്ക് ക്ഷണിച്ചത്. സംഘിയായ തന്നെ ഒഴിവാക്കണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യമുയര്‍ന്നു. സംഘിയാണെന്ന് ആരോപണം നേരിടുന്ന പ്രതിപക്ഷ നേതാവിനെ പ്രതിരോധിക്കുന്ന കോണ്‍ഗ്രസുകാര്‍ തന്നെ അതേ ആരോപണം നേരിടുന്ന തന്നെ ഒഴിവാക്കാന്‍ ശഠിക്കുന്നതെന്തിനാണെന്നും ശ്രീജിത്ത് പണിക്കര്‍ ചോദിക്കുന്നു.