അതിഥിതൊഴിലാളികളുടെ ആദ്യസംഘവുമായി ട്രെയിന്‍ ഒഡീഷയിലേക്ക്, മടങ്ങുന്നവരിലേറെയും പിന്നാക്ക ജില്ലകളില്‍ നിന്നുളളവര്‍

അതിഥിതൊഴിലാളികളുടെ ആദ്യസംഘവുമായി ട്രെയിന്‍ ഒഡീഷയിലേക്ക്, മടങ്ങുന്നവരിലേറെയും പിന്നാക്ക ജില്ലകളില്‍ നിന്നുളളവര്‍

ലോക്ക് ഡൗണില്‍ കേരളത്തിലകപ്പെട്ട അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള ആദ്യ ട്രെയിന്‍ എറണാകുളം ആലുവയില്‍ നിന്ന് തിരിച്ചു. ആലുവയില്‍ നിന്ന് ഒഡീഷയിലേയ്ക്ക് തിരിക്കുന്ന ട്രെയിനില്‍ യാത്ര ചെയ്യുന്നവരില്‍ ഭൂരിഭാഗവും ഒഡീഷയിലെ പിന്നാക്ക ജില്ലകളില്‍ നിന്നുളളവരാണ്. വരും ദിവസങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരേയും നാട്ടിലേയ്ക്ക് എത്തിക്കാന്‍ റെയില്‍വേ പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്. 1148 പേരാണ് ട്രെയിനില്‍ നാട്ടിലേക്ക് മടങ്ങിയത്.

ജില്ല തിരിച്ചുളള ഏകദേശ കണക്ക്

കണ്ടഹാമല്‍ (359 പേര്‍), കേന്ദ്രപാറ (274), ഗഞ്ചാം (130), ഭദ്രക് (92), കിയോഞ്ജിര്‍ഹാര്‍ (87), ജാജ്പൂര്‍ (40), ബാലസോര്‍ (20), റായഗഡ (18), പുരി (17), കട്ടക് (16), നായഗഢ് (10), ജഗത്സിംഗ്പൂര്‍ (8), ബൗദ്ധ് (6), ഖോര്‍ധ (5), മയൂര്‍ഭഞ്ജ്, കാലഘണ്ടി, നൗപാഡ (നാല് വീതം), നബരംഗ്പൂര്‍ (3), രംഗനാല്‍ (2).

അതിഥിതൊഴിലാളികള്‍ക്ക് യാത്രാസൗകര്യം അനുവദിച്ച പശ്ചാത്തലത്തില്‍ തൊഴിലാളി ക്യാമ്പുകളിലും മറ്റ് പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും പോലീസ് നിതാന്ത ജാഗ്രത പുലര്‍ത്തിവരികയാണ്.

അതിഥിതൊഴിലാളികള്‍ക്ക് സുരക്ഷിതമായി യാത്രചെയ്യുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെയും എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെയും നേതൃത്വത്തില്‍ ഒരുക്കിയിരുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. സാമൂഹിക അകലം പാലിച്ചാണ് യാത്ര.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയാണ് മടങ്ങിയത്.മന്ത്രി വി.എസ് സുനില്‍കുമാര്‍ ഇവര്‍ക്കുള്ള ഭക്ഷണവും വെള്ളവും കൈമാറി.

വെള്ളിയാഴ്ചത്തെ സംരംഭം വിജയിച്ചാല്‍ അഞ്ച് ട്രെയിന്‍ അടുത്ത ദിവസമുണ്ടാകുമെന്ന് ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത അറിയിച്ചു. അതിഥി തൊഴിലാളികളുടെ ക്യാമ്പില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊഴിലാളികളോട് ആശയവിനിമയത്തിന് ഡിവൈഎസ്പി തലത്തിലുള്ള ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനിലേക്ക് തൊഴിലാളികള്‍ നേരിട്ടെത്തരുതെന്നും നിര്‍ദേശമുണ്ട്. ഹെല്‍പ് ഡെസ്‌കുകളിലെ രജിസ്‌ട്രേഷന് പിന്നാലെയാണ് യാത്രക്കാരെ നിശ്ചയിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in