ക്രിമിനല്‍ പ്രവര്‍ത്തനത്തെ അങ്ങനെ കണ്ടാല്‍ മതി, അതിന്റെ പേരില്‍ എല്ലാ അതിഥി തൊഴിലാളികളെയും വേട്ടയാടരുത്: സ്പീക്കര്‍

ക്രിമിനല്‍ പ്രവര്‍ത്തനത്തെ അങ്ങനെ കണ്ടാല്‍ മതി, അതിന്റെ പേരില്‍ എല്ലാ അതിഥി തൊഴിലാളികളെയും വേട്ടയാടരുത്: സ്പീക്കര്‍

കിഴക്കമ്പലത്തെ അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ചെന്നു കരുതി എല്ലാവരെയും അങ്ങനെ കാണരുതെന്ന് സ്പീക്കര്‍ എം.ബി രാജേഷ്. അക്രമ പ്രവര്‍ത്തനങ്ങളെ അങ്ങനെ മാത്രം കണ്ടാല്‍ മതിയെന്നും എം.ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തില്‍ 25 ലക്ഷത്തോളം അതിഥി തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഏതിലും ഒരു ന്യൂനപക്ഷം ഉണ്ടാകും. അതുകൊണ്ട് കേരളത്തിലെ എല്ലാ അതിഥി തൊഴിലാളികളെയും അക്രമികളായി കാണുന്നത് ശരിയല്ലെന്നും എം. ബി രാജേഷ് പറഞ്ഞു.

'ആര് നടത്തിയാലും ക്രിമിനില്‍ പ്രവര്‍ത്തനത്തെ ക്രിമിനല്‍ പ്രവര്‍ത്തനമായി തന്നെ കണ്ടാല്‍ മതി. അല്ലാതെ അതിന്റെ പേരില്‍ അതിഥി തൊഴിലാളികളെ മുഴുവന്‍ മുദ്രകുത്തുന്നതൊന്നും ശരിയായ കാര്യമല്ല. 25 ലക്ഷത്തോളം അതിഥി തൊഴിലാളികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. എല്ലാവരും ഒരുപോലെയല്ലല്ലോ. ഏതെങ്കിലും ഒരു ന്യൂനപക്ഷം തിരിച്ച് ഉണ്ടാകും. അത്തരം ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ഈ തരത്തില്‍ മുദ്ര കുത്തുന്നതും അവരെ വേട്ടയാടുന്നതും ശരിയല്ല,' എം.ബി രാജേഷ് പറഞ്ഞു.

അതേസമയം കിഴക്കമ്പലത്ത് അതിഥിതൊഴിലാളികള്‍ പൊലാസിനെ മര്‍ദ്ദിച്ചത് മദ്യ ലഹരിയിലാണെന്നാണ് റൂറല്‍ എസ്പി കെ കാര്‍ത്തിക് പറഞ്ഞത്. സംഭത്തില്‍ കുറച്ച് തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും എസ്.പി പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയാണ് എറണാകുളം കിഴക്കമ്പലത്തെ കിറ്റക്‌സ് കമ്പനിയില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായത്. പൊലീസിനെ ആക്രമിച്ച തൊഴിലാൡകള്‍ രണ്ട് പൊലീസ് ജീപ്പുകള്‍ക്ക് തീയിട്ടു. ഒരു ജീപ്പ് പൂര്‍ണമായും കത്തി നശിച്ചു. കത്തിച്ച ജീപ്പില്‍ നിന്നും പൊലീസുകാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമത്തില്‍ സി.ഐ. അടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തൊഴിലാളികള്‍ നടത്തിയ കല്ലേറിലാണ് പൊലീസിന് പരിക്ക് പറ്റിയത്.

ക്രിസ്മസ് കരോള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്കിടയിലാണ് ആദ്യം തര്‍ക്കമുണ്ടായത് എന്നാണ് പൊലീസ് പറയുന്നത്. ചേരി തിരിഞ്ഞ് തൊഴിലാളികള്‍ ഏറ്റുമുട്ടുകയായിരുന്നു. ഇത് പരിഹരിക്കാനെത്തിയ കുന്നത്തുനാട് സ്റ്റേഷനിലെ പൊലീസുകാരെയാണ് തൊഴിലാളികള്‍ കൂട്ടമായി അക്രമിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in