പ്രശംസിക്കുന്നതിന് പകരം ശിക്ഷിക്കുന്നു, ഒരുമിച്ചു നില്‍ക്കുന്നതിന് പകരം ലോക രാജ്യങ്ങള്‍ ഒറ്റപ്പെടുത്തുന്നുവെന്ന് ദക്ഷിണ ആഫ്രിക്ക

പ്രശംസിക്കുന്നതിന് പകരം ശിക്ഷിക്കുന്നു, ഒരുമിച്ചു നില്‍ക്കുന്നതിന് പകരം ലോക രാജ്യങ്ങള്‍ ഒറ്റപ്പെടുത്തുന്നുവെന്ന് ദക്ഷിണ ആഫ്രിക്ക

അതി തീവ്രവ്യാപന ശേഷിയുള്ള കൊവിഡ് വകഭേദമായ ഒമിക്രോണിനെ പെട്ടെന്ന് തിരിച്ചറിഞ്ഞതിന് പ്രശംസിക്കുന്നതിന് പകരം വൈറസിന്റെ പേരില്‍ വിലക്കുകളേര്‍പ്പെടുത്തി ലോക രാജ്യങ്ങള്‍ തങ്ങളെ ശിക്ഷിക്കുകയാണെന്ന് ദക്ഷിണ ആഫ്രിക്ക. വൈറസിനെ തിരിച്ചറിഞ്ഞതോടെ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളവര്‍ക്കുമേല്‍ വിവിധ രാജ്യങ്ങള്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി രംഗത്ത് എത്തിയതിന് പിന്നാലെയാണ് വിദേശ കാര്യമന്ത്രാലയം പ്രസ്താവന ഇറക്കിയത്.

രാജ്യത്തെ മികച്ച ശാസ്ത്ര സാങ്കേതിക വിദ്യയെ പ്രശംസിക്കുകയാണ് വേണ്ടത്, അതിന്റെ പേരില്‍ ശിക്ഷിക്കുകയല്ല എന്നാണ് പ്രസ്താവനയില്‍ പറയുന്നത്.

പുതിയ വകഭേദങ്ങള്‍ മറ്റു രാജ്യങ്ങള്‍ കണ്ടെത്തിയപ്പോള്‍ മറ്റു രാജ്യങ്ങള്‍ സ്വീകരിച്ച നിലപാടല്ല ദക്ഷിണാഫ്രിക്കയോട് സ്വീകരിക്കുന്നത്. യാത്രാ നിരോധനം ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളോട് അതില്‍ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് ചര്‍ച്ചകള്‍ നടത്തുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നു പോകുമ്പോള്‍ അവരവരുടെ രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കേണ്ട ചുമതലുയുണ്ട് എന്നതിനെ ഞങ്ങള്‍ ബഹുമാനിക്കുന്നു. എന്നാല്‍ ഒരു മഹാമാരി വരുമ്പോള്‍ ഒത്തൊരുമയോടെ നിലവിലുള്ള വൈദഗ്ധ്യങ്ങളും സഹായങ്ങളും പങ്കുവെക്കുകയാണ് വേണ്ടത് എന്നും ദക്ഷിണാഫ്രിക്ക അറിയിച്ചു.

മൂന്ന് രാജ്യങ്ങളില്‍ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ എന്തിനാണ് ആഫ്രിക്കയെ മാത്രം ഒറ്റപ്പെടുത്തുന്നത്, യാത്രാനിരോധനത്തിലൂടെ പല രാജ്യങ്ങളും രാഷ്ട്രീയം കളിക്കുകയാണെന്നും അത് തെറ്റാണെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ ചോദിച്ചു.

ഒമിക്രോണ്‍, കൊവിഡിന്റെ ഡെല്‍റ്റ വകഭേദത്തേക്കാളും അപകടകാരിയാണെന്നും ആശങ്കയുള്ള സാഹചര്യമാണിതെന്നും ലോകാരോഗ്യസംഘടന നേരത്തേ വ്യക്തമാക്കിയിരുന്നു. ബ്രിട്ടണ്‍, ജര്‍മനി, ബെല്‍ജിയം, ഇറ്റലി, ഇസ്രഈല്‍ എന്നിവിടങ്ങളിലും ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in