'പാമ്പിനെ ദേഹത്തേക്കിട്ടു, കൊത്തുന്നത് നോക്കിയിരുന്നു,തിരിച്ച് കുപ്പിയിലാക്കാനായില്ല'; സൂരജും പാമ്പ് പിടുത്തക്കാരനും അറസ്റ്റില്‍

'പാമ്പിനെ ദേഹത്തേക്കിട്ടു, കൊത്തുന്നത് നോക്കിയിരുന്നു,തിരിച്ച് കുപ്പിയിലാക്കാനായില്ല'; സൂരജും പാമ്പ് പിടുത്തക്കാരനും അറസ്റ്റില്‍

കൊല്ലം അഞ്ചലില്‍ യുവതിയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സൂരജ്, കരിമൂര്‍ഖനെ നല്‍കിയ കല്ലുവാതുക്കല്‍ സ്വദേശി സുരേഷ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്നും കൊല്ലം റൂറല്‍ എസ് പി ഹരിശങ്കര്‍ അറിയിച്ചു. അതേസമയം കൊലപാതകം സംബന്ധിച്ച് സൂരജിന്റെ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നു. ഫെബ്രുവരി മാസം അവസാനം സുരേഷില്‍ നിന്ന് ഒരു അണലിയെ സംഘടിപ്പിച്ചു. അതിനെ ഉപയോഗപ്പെടുത്തി സൂരജിന്റെ അടൂരിലെ വീട്ടില്‍ വെച്ച് മാര്‍ച്ച് 2 ന് ഉത്രയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. പക്ഷേ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ദീര്‍ഘനാള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ മാര്‍ച്ച് 22 നാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയത്.തുടര്‍ന്ന് അഞ്ചലിലെ വീട്ടിലേക്കാണ് ഉത്ര പോയത്. മാര്‍ച്ച് 24 നാണ് രണ്ടാമത്തെ ശ്രമം നടത്തുന്നത്. സുരേഷില്‍ നിന്നുതന്നെ ഒരു കരിമൂര്‍ഖനെ വാങ്ങി. തുടര്‍ന്ന് തക്കം കാത്തിരുന്നു. കട്ടിലിന് അടിയില്‍ ബാഗിനുള്ളില്‍ കുപ്പിയിലാണ് മൂര്‍ഖനെ സൂക്ഷിച്ചത്.

മെയ് 6 ന് രാത്രി ഉത്ര ഉറങ്ങിയപ്പോള്‍ പാമ്പിനെ പുറത്തെടുത്ത് ദേഹത്തേക്കിട്ടു. പാമ്പ് രണ്ടുതവണ ഉത്രയെ കൊത്തുന്നത് സൂരജ് നോക്കിയിരുന്നു. പക്ഷേ പാമ്പിനെ തിരികെ ഡബ്ബയിലാക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. അത് അലമാരയ്ക്കടിയില്‍ ഒളിച്ചു. തുടര്‍ന്ന് ഉത്രയുടെ മരണം ഉറപ്പാക്കി. പുലര്‍ച്ചെ വരെ സൂരജ് ഉറങ്ങാതെ കാത്തിരുന്നു. തുടര്‍ന്ന് മുറിവിട്ടു. ഈ സമയത്താണ് ഉത്രയെ അമ്മ വിളിച്ചെഴുന്നേല്‍പ്പിക്കാന്‍ എത്തുന്നത്. പക്ഷേ ഉത്ര ഉണര്‍ന്നില്ല. ഇതോടെ ഉത്രയുടെ സഹോദരനും സൂരജും അമ്മയും ചേര്‍ന്ന് യുവതിയെ അഞ്ചല്‍ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെ വെച്ച് മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് വീട്ടില്‍ വന്ന് പാമ്പിനെ തിരഞ്ഞ് അലമാരയ്ക്കടിയില്‍ നിന്ന് കണ്ടെത്തി അടിച്ചുകൊന്നു. ഈ സമയങ്ങളിലെല്ലാം സൂരജിന്റെ പെരുമാറ്റത്തിലുണ്ടായിരുന്ന അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ട ഉത്രയുടെ മാതാപിതാക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. 106 പവന്‍ സ്വര്‍ണവും ഉത്രയുടെ അച്ഛന്‍ വാങ്ങിക്കൊടുത്ത വാഹനങ്ങളും പൂര്‍ണമായി വരുതിയിലാക്കി, മറ്റൊരു വിവാഹം കഴിച്ച് മെച്ചപ്പെട്ട ജീവിതം നയിക്കാനാണ് സൂരജ് കൊലപാതകം നടത്തിയതെന്ന് എസ് പി ഹരിശങ്കര്‍ വ്യക്തമാക്കി. മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പാണ് ഇതിനായി നടത്തിയത്. യൂട്യൂബ് നോക്കി പാമ്പിനെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് ഇയാള്‍ പഠിച്ചുവെച്ചിരുന്നുവെന്നും അന്വേഷണസംഘം പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in