മക്കയിലെ ഹജ്ജ് കര്‍മ്മത്തിന് യുഎഇ ഷൈക്കിനെ വിളിച്ച മോദിക്കിരിക്കട്ടെ കുതിരപ്പവന്‍; അബ്ദുള്ളക്കുട്ടിയെ ട്രോളി സോഷ്യല്‍ മീഡിയ

മക്കയിലെ ഹജ്ജ് കര്‍മ്മത്തിന് യുഎഇ ഷൈക്കിനെ വിളിച്ച മോദിക്കിരിക്കട്ടെ കുതിരപ്പവന്‍; അബ്ദുള്ളക്കുട്ടിയെ ട്രോളി സോഷ്യല്‍ മീഡിയ

ഇന്ത്യയിലെ ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ ഷെയ്ഖിനെ വിളിച്ച് ആവശ്യപ്പെട്ടുവെന്ന ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയെ പരിഹസിച്ച് കോണ്‍ഗ്രസ് എം.എല്‍.എ ടി സിദ്ദീഖ്. കോഴിക്കോട് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ നടത്തിയ പാര്‍ട്ടി പൊതു സമ്മേളനത്തിലായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവന.

അബ്ദുള്ളക്കുട്ടിയുടെ പ്രസംഗത്തിനെ ട്രോളി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ടി സിദ്ദീഖ് എം.എല്‍.എയുടെ പ്രതികരണം.

'സൗദിയിലെ മക്കയില്‍ നടക്കുന്ന ഹജ്ജ് കര്‍മ്മത്തിനു വേണ്ടി യു.എ.ഇ ഷൈക്കിനെ വിളിച്ച് എണ്ണം കൂട്ടാന്‍ പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കിരിക്കട്ടെ ഒരു കുതിരപ്പവന്‍. എന്റെ ഔളക്കുട്ടീ....,' എന്നാണ് ടി. സിദ്ദീഖ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

ഹജ്ജിന് മോദി ഇടപെട്ട് പതിനായിരം സീറ്റുകള്‍ അധികം വാങ്ങിച്ചെന്നും സത്യവിശ്വാസികള്‍ക്ക് ഗുരുഭൂതനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നുമാണ് അബ്ദുള്ളക്കുട്ടി പ്രസംഗിച്ചത്.

'എന്തൊക്കെ പരിഷ്‌കാരങ്ങള്‍ ഇനിയും വരാനിരിക്കുന്നു...മോദി ഒരു സംഭവം തന്നെ', 'U A E ഷൈക്കിനെ വിളിച്ചത് ഭാഗ്യം.....അമേരിക്കന്‍ പ്രസിഡന്റിനെ വിളിച്ചിരുന്നെങ്കില്‍', 'ചാണകത്തില്‍ വീണാല്‍ ബുദ്ധിക്ക് എന്തോ തകരാറ് സംഭവിക്കും എന്നുള്ളതാണ് വാസ്തവം', തുടങ്ങി നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

'ഏതു രാജ്യത്താണ് ഹജ്ജ്‌ന് പോകേണ്ടത് അറിയാത്ത ആളാണോ ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍', എന്നാണ് ചിലര്‍ ചോദിക്കുന്നത്.

നരേന്ദ്ര മോദി ഓരോ വിഷയത്തിലും ശരിയായ നിലപാട് എടുക്കുന്ന ഭരണാധികാരിയാണ്. ഹജ്ജില്‍ പോലും വളരെ കൃത്യമായി ഇടപെട്ടിട്ടുള്ള നേതാവാണ് മോദിയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

'മോദി അധികാരത്തില്‍ വരുന്നതിന് മുമ്പ് ഹജ്ജ് യാത്രയില്‍ ഗുഡ്‌വില്‍ ഡെലിഗേഷന്‍ എന്ന സംവിധാനമുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ കാലത്ത് ഗുഡ് വില്‍ ഡെലിഗേഷന്‍ എന്ന് പറഞ്ഞ് ഒരു വിമാനം നിറയെ വി.ഐ.പികള്‍, ഇവിടുത്തെ എം.എം ഹസ്സനെ പോലുള്ള ആളുകള്‍ ഒക്കെ സര്‍ക്കാര്‍ ചെലവില്‍ ഏറ്റവും അവസാനത്തെ വിമാനത്തില്‍ പോകും. ആദ്യത്തെ വിമാനത്തില്‍ തിരിച്ചുവരും. കോടിക്കണക്കിന് രൂപ ചെലവാക്കി കോണ്‍ഗ്രസ് നടപ്പാക്കിയ ഹറാമായ ഹജ്ജ് അവസാനിപ്പിച്ച നേതാവാണ് നരേന്ദ്ര മോദി. സര്‍ക്കാരിന്റെ പണം കട്ടുമുടിച്ച് ധൂര്‍ത്തടിച്ച് പോകുന്നത് ഹലാലായ ഹജ്ജല്ല, ഹറാമായ ഹജ്ജാണ്. അത് സത്യവിശ്വാസികളെ പഠിപ്പിച്ച ഗുരുഭൂതനാണ് നരേന്ദ്ര മോദി. അതിന് ശേഷം അദ്ദേഹം ഹജ്ജില്‍ ഇടപെട്ടു. 2019ലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഹജ്ജ് യാത്രയ്ക്ക് പോയത്. രണ്ട് ലക്ഷം പേര്‍. അന്ന് സൗദി നിശ്ചയിച്ചത് 190000 ആളുകളെയാണ്. ഹജ്ജിന് പോകുന്നവരുടെ അപേക്ഷകള്‍ വളരെയധികം കൂടുമ്പോള്‍ നരേന്ദ്രമോദി യുഎഇ ശൈഖിനെ വിളിച്ചു പറഞ്ഞത് ഞങ്ങള്‍ക്ക് കുറച്ചു കൂടുതല്‍ വേണമെന്നാണ്. മോദി ഇടപെട്ട് പതിനായിരം സീറ്റ് അധികം വാങ്ങിച്ചു. ആ പതിനായിരം സീറ്റ് സ്വകാര്യ ട്രാവല്‍ ഏജന്‍സിക്കു കൊടുത്തില്ല. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ പതിനായിരത്തോളം പേരെ, ഒരു കൊള്ളലാഭവുമില്ലാതെ സ്വകാര്യ വിമാനങ്ങള്‍ കൊണ്ടുപോയി. നല്ല മുസ്ലിംകള്‍ ഇതു തിരിച്ചറിയണം,' അബ്ദുള്ളക്കുട്ടി പറഞ്ഞു.

താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലായിരുന്നപ്പോള്‍, കെട്ട്യോളേയും കൂട്ടി ഉംറക്ക് പോയി തിരിച്ചുവന്നപ്പോള്‍ കോടിയേരി തന്നെ കണ്ണുരുട്ടി പേടിപ്പിച്ചെന്നും എടോ താന്‍ എന്തൊരു കമ്യൂണിസ്റ്റാണെന്ന്് ചോദിച്ചെന്നുമായിരുന്നു അബ്ദുള്ളക്കുട്ടി പറഞ്ഞത്.

അക്കാര്യം പറഞ്ഞ് പുറത്താക്കിയ തനിക്ക് ഇന്ത്യയിലെ സത്യസന്ധരായ മുഴുവന്‍ മുസ്ലിങ്ങളെയും ഉംറയും ഹജ്ജും ചെയ്യിപ്പിക്കുന്നതിന്റേയും ചുമതല നല്‍കിയതില്‍ ബി.ജെ.പിയോട് നന്ദി പറയുകയാണെന്നും അബ്ദുള്ളക്കുട്ടി പ്രസംഗത്തില്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in