'രണ്ട് ഇടത് എംഎല്‍എമാര്‍ക്ക് സ്വര്‍ണം പണമാക്കുന്നതില്‍ പങ്ക്' ; പിണറായിയുടെ സാമ്പത്തികസ്രോതസ്സ് കള്ളക്കടത്തുകാരെന്ന് പികെ ഫിറോസ്

'രണ്ട് ഇടത് എംഎല്‍എമാര്‍ക്ക് സ്വര്‍ണം പണമാക്കുന്നതില്‍ പങ്ക്' ; പിണറായിയുടെ സാമ്പത്തികസ്രോതസ്സ് കള്ളക്കടത്തുകാരെന്ന് പികെ ഫിറോസ്

മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക സ്രോതസ്സ് കള്ളക്കടത്തുകാരും ഹവാല ഇടപാടുകാരുമാണെന്ന് യൂത്ത് ലീഗ്. രണ്ട് ഇടത് എംഎല്‍എമാര്‍ക്ക് കള്ളക്കടത്ത് സ്വര്‍ണം പണമാക്കുന്നതില്‍ പങ്കുണ്ട്. കോഴിക്കോട്ടെ ഒരു എംഎല്‍എയുടെ മരുമകന്‍ ഹവാല കേസില്‍ സൗദി അറേബ്യയില്‍ ജയിലിലാണെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സന്ദീപ് നായരുടെ കടയുടെ ഉദ്ഘാടനത്തിന് പോയത്. ബക്കറ്റ് പിരിവിന് പകരം ഹവാല, സ്വര്‍ണ ഇടപാടുകളിലൂടെയാണ് സിപിഎം ഇപ്പോള്‍ പാര്‍ട്ടി വളര്‍ത്തുന്നത്. അതിനായാണ് സ്വപ്നയെ പോലുള്ളവരെ പിന്‍വാതിലിലൂടെ നിയമിക്കുന്നത്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇത്തരമൊരു കാര്യം നടക്കില്ലെന്ന് ഉറപ്പാണ്.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായത്തില്‍ സ്വര്‍ണം എത്തിച്ച് വിവിധ ഇടപാടുകളിലൂടെ പണമാക്കി മാറ്റുകയാണ് ചെയ്യുന്നത്. വലിയ ശമ്പളത്തില്‍ സ്വപ്‌നയ്ക്ക്‌ നിയമനം നല്‍കിയത് ഹോം സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും അറിവോടെയാണെന്നും ഫിറോസ് ആരോപിച്ചു. ഹോം സെക്രട്ടറി സ്വപ്‌ന സുരേഷിന് നല്‍കിയ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് അന്വേഷിക്കണം.സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഒരു യാത്രയ്ക്ക് ഉപയോഗിച്ചത് ആരുടെ മിനി കൂപ്പറായിരുന്നുവെന്നും ഫിറോസ് ചോദിച്ചു. അന്വേഷണം സ്വപ്‌നയില്‍ മാത്രം ഒതുങ്ങരുത്. ഒരു സ്ത്രീ മുന്നിലൂടെ വന്നാല്‍ കുഴപ്പമില്ല. പിറകിലൂടെ വന്നാല്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് പറഞ്ഞ പിണറായിയുടെ ധാര്‍മ്മികത എവിടെപ്പോയെന്നും ഫിറോസ് ചോദിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in