'എന്നെ പുറത്താക്കാന്‍ ആര്‍ക്കും സാധിക്കില്ല'; വിമര്‍ശനം നടത്താന്‍ പറ്റില്ലെങ്കില്‍ അത് കോണ്‍ഗ്രസല്ലെന്ന് ശിവദാസന്‍ നായര്‍

'എന്നെ പുറത്താക്കാന്‍ ആര്‍ക്കും സാധിക്കില്ല'; വിമര്‍ശനം നടത്താന്‍ പറ്റില്ലെങ്കില്‍ അത് കോണ്‍ഗ്രസല്ലെന്ന് ശിവദാസന്‍ നായര്‍

കോണ്‍ഗ്രസില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് മുതിര്‍ന്ന നേതാവ് കെ.ശിവദാസന്‍ നായര്‍. താന്‍ പാര്‍ട്ടി വിരുദ്ധ പ്രസ്താവന നടത്തിയിട്ടില്ല. വിമര്‍ശനം നടത്താന്‍ പറ്റില്ലെങ്കില്‍ അത് കോണ്‍ഗ്രസ് പാര്‍ട്ടിയല്ലെന്നും ശിവദാസന്‍ നായര്‍ പറഞ്ഞു. സസ്‌പെന്‍ഷന്‍ വന്നതിന് പിന്നാലെയായിരുന്നു പ്രതികരണം.

'ഡിസിസി പട്ടികയില്‍ നേതാക്കള്‍ക്ക് ഇഷ്ടപ്പെട്ടവര്‍ക്ക് പ്രാധാന്യം നല്‍കി. പാര്‍ട്ടിയുടെ നയങ്ങളെ തെരഞ്ഞെടുപ്പിന്റെ നടുമുറിക്ക് വിമര്‍ശിച്ച ആളുകള്‍ നയിക്കുന്ന പ്രസ്ഥാനമായി മാറി കോണ്‍ഗ്രസ് പാര്‍ട്ടി. പാര്‍ട്ടി വിരുദ്ധ പ്രസ്താവനകളോ പാര്‍ട്ടി നയത്തെ എതിര്‍ത്തിട്ടോയില്ല. സംഘടനാ സംവിധാനം നന്നാക്കാനുള്ള സദുദ്ദേശപരമായ പ്രസ്താവനയാണ് നടത്തിയത്. വിമര്‍ശിക്കാന്‍ മുതിര്‍ന്ന പ്രവര്‍ത്തകനായ എനിക്ക് സാധിക്കുന്നില്ലെങ്കില്‍ ആ പ്രസ്ഥാനം കോണ്‍ഗ്രസ് അല്ലാതാകുന്നു എന്നാണ് അര്‍ത്ഥം.'

വളരെ കാലമായി സംഘടനാതെരഞ്ഞെടുപ്പ് നടക്കാത്തതിന്റെ ദുരനുഭവമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും ശിവദാസന്‍ നായര്‍ വിമര്‍ശിച്ചു. 'ചാനല്‍ ചര്‍ച്ചയുടെ പേരില്‍ നടപടി പാടില്ലായിരുന്നു. വിശദീകരണം ചോദിക്കാതെ നടപടിയെടുത്തത് ശരിയായില്ല. എനിക്ക് ആരുടെയും ഔദാര്യം ആവശ്യമില്ല.'

കോണ്‍ഗ്രസ് വിട്ട് മറ്റ് പാര്‍ട്ടികളിലേക്ക് പോകുന്നുണ്ടോ എന്ന ചോദ്യത്തിന്, ഈ പ്രസ്ഥാനത്തെ വിട്ട് എങ്ങും പോകുന്ന പ്രശ്‌നമേയില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ആര്‍ക്കും സാധിക്കില്ല, പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ തന്റെ അധ്വാനം കൂടിയുണ്ടെന്നും ശിവദാസന്‍ നായര്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in