'ഇന്ത്യ മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ പിന്നിലാകുന്നത് വെറുതെയല്ല'; ദ വയറിന് മേലുള്ള പൊലീസ് നടപടിയ്‌ക്കെതിരെ സീതാറാം യെച്ചൂരി

'ഇന്ത്യ മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ പിന്നിലാകുന്നത് വെറുതെയല്ല'; ദ വയറിന് മേലുള്ള പൊലീസ് നടപടിയ്‌ക്കെതിരെ സീതാറാം യെച്ചൂരി

ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ ദ വയറിന്റെ ഓഫീസിലും എഡിറ്റര്‍മാരുടെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയതില്‍ അപലപിച്ച് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യ മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഏറ്റവും പിന്നിലുള്ള 30 രാജ്യങ്ങളിലൊന്നായതില്‍ അത്ഭുതമില്ലെന്നും ഇത്തരം പൊലീസ് നടപടികള്‍ മാധ്യമസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും ഭീഷണിയാണെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു.

തെറ്റ് പറ്റിയെന്ന് ദ വയര്‍ സമ്മതിക്കുകയും വാര്‍ത്ത പിന്‍വലിക്കുകയും ചെയ്തിട്ടുള്ളതാണ്. ബിജെപി ഐടി സെല്‍ മേധാവിയുടെ പരാതിക്ക് മേല്‍ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതും ക്രിമിനല്‍ നടപടികള്‍ ആരംഭിക്കുന്നതും പക വീട്ടലും, ഭീഷണിപ്പെടുത്തലുമാണെന്ന് യെച്ചൂരി പറഞ്ഞു.

തിങ്കളാഴ്ചയായിരുന്നു ബി.ജെ.പി സോഷ്യല്‍ മീഡിയ മോധാവി അമിത് മാളവ്യയുടെ പരാതിയില്‍ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ ദി വയറിന്റെ ഓഫീസിലും എഡിറ്റര്‍മാരടക്കമുള്ള മാധ്യമപ്രവര്‍ത്തകരുടെ വീട്ടിലും പൊലീസ് പരിശോധന നടത്തിയത്. സിദ്ധാര്‍ത്ഥ് വരദരാജന്‍, എം.കെ വേണു, സിദ്ധാര്‍ത്ഥ് ഭാട്ടിയ, ജാന്‍വി സെന്‍ എന്നിവരുടെ വീട്ടിലായിരുന്നു പരിശോധന. അമിത് മാളവ്യയുടെ പരാതിയില്‍ വഞ്ചന, അപകീര്‍ത്തിപ്പെടുത്തല്‍, വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന എന്നിവ ചുമത്തി നേരത്തെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ബി.ജെ.പിയുടെ സോഷ്യല്‍ മിഡിയ മേധാവിയായ അമിത് മാളവ്യക്ക് ഇന്‍സ്റ്റഗ്രാമില്‍ ഏത് പോസ്റ്റുകളും നീക്കം ചെയ്യാനുള്ള എക്സ് ചെക്കര്‍ പദവി ഫേസ്ബുക്കിന്റെ പാരന്റ് ഓര്‍ഗനൈസേഷനായ മെറ്റ നല്‍കിയിട്ടുണ്ടെന്ന് ദി വയര്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെറ്റ വാര്‍ത്ത നിഷേധിച്ചിരുന്നു. പിന്നീട് വാര്‍ത്തയുടെ വിശ്വാസ്യതയ്ക്ക് മേല്‍ കൂടുതല്‍ ചോദ്യം ഉയര്‍ന്നപ്പോള്‍ ദ വയര്‍ വാര്‍ത്ത പിന്‍വലിച്ചിരുന്നു. അതിന് പിന്നാലെയാണ് അമിത് മാളവ്യ ദ വയറിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

വൈകിട്ട് 4.40തോടെ എത്തിയ ഉദ്യോഗസ്ഥര്‍ 6 മണിയോടെ മടങ്ങിയെന്നും തന്റെ ഐ ഫോണും ഐ പാഡും കൊണ്ടുപോയിട്ടുണ്ടെന്നും എം.കെ വേണു പറഞ്ഞു. പിടിച്ചെടുത്ത ഉപകരണങ്ങളില്‍ നിന്നും കേസിന് ആവശ്യമായ വിവരങ്ങള്‍ മാത്രമേ ശേഖരിക്കു എന്ന് ഉറപ്പാക്കാന്‍ അഭിഭാഷകനെ ഡല്‍ഹി പോലീസിന്റെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് അയച്ചിട്ടുണ്ടെന്നും എംകെ വേണു പറഞ്ഞതായി ദ സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിദ്ധാര്‍ത്ഥ് വരദരാജന്റേയും ജാന്‍വി സെന്നിന്റെയും വീട്ടില്‍ ഒരേ സമയമാണ് പോലീസ് എത്തിയത്. 7.30തോടെ ഭാട്ടിയയുടെ വീട്ടിലും പൊലീസെത്തി പരിശോധന നടത്തി. അന്വേഷണസംഘത്തോട് പൂര്‍ണമായും സഹകരിച്ചിട്ടുണ്ടെന്നും ആവശ്യപ്പെട്ട ഉപകരണങ്ങളും പാസ്സ് വേഡും നല്‍കിയട്ടുണ്ടെന്നും ദ വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in